- Trending Now:
കൊച്ചി: ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോ ഗ്രൂപ്പിൻറെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ പുതിയ റെനോ ഡസ്റ്റർ പുറത്തിറക്കി. ടർബോ പെട്രോൾ പതിപ്പിന് 10.49 ലക്ഷം രൂപ മുതലാണ് ഡൽഹി എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. വാഹനങ്ങളുടെ വിതരണം രാജ്യത്തുടനീളം ആരംഭിച്ചു.
റെനോ ഗ്രൂപ്പിൻറെ അത്യാധുനിക മോഡുലാർ പ്ലാറ്റ്ഫോമിൽ (ആർജിഎംപി) നിർമ്മിച്ച പുതിയ റെനോ ഡസ്റ്റർ കരുത്തുറ്റ നിർമ്മാണശൈലിക്കും ഇന്ധനക്ഷമതയ്ക്കും ഭാവിയിലെ സാങ്കേതിക മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷിക്കും മുൻഗണന നൽകിയാണ് വികസിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ എസ്യുവി രൂപഭാവം, വിഭാഗത്തിലെ ഏറ്റവും മികച്ച അപ്രോച്ച്-ഡിപ്പാർച്ചർ ആംഗിളുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ വാഹനത്തിൻറെ ഓഫ്-റോഡ് കരുത്ത് വർദ്ധിപ്പിക്കുകയും അതോടൊപ്പം ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാക്കുകയും ചെയ്യുന്നു.
രാജ്യത്തെ റോഡുകളിലെ ഡ്രൈവിംഗ് സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യുകയും പരീക്ഷിക്കുകയും ചെയ്ത പുതിയ റെനോ ഡസ്റ്റർ മികച്ച കരുത്തും അതോടൊപ്പം മികച്ച റൈഡിംഗ്-ഹാൻഡ്ലിംഗ് അനുഭവവും ഒത്തുചേർന്നതാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ച 6-സ്പീഡ് വെറ്റ്-ക്ലച്ച് ഡിസിടി അല്ലെങ്കിൽ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടോ കൂടിയാണ് ലഭ്യമാകുന്നത്. ടർബോ ടിസിഇ 160 എഞ്ചിൻ 163 പിഎസ് കരുത്തും 280 എൻഎം ടോർക്കും നൽകുന്നു. റൈഡ്, ഹാൻഡ്ലിംഗ്, സ്റ്റിയറിംഗ്, ബ്രേക്കിംഗ് പ്രകടനം എന്നിവയിൽ ഐഡിഐഎഡിഎ വാഹനത്തിൻറെ കാര്യക്ഷമത സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വൈവിധ്യമാർന്ന റോഡുകളിൽ മികച്ച സ്ഥിരതയും യാത്രാസുഖവും ആത്മവിശ്വാസവും നൽകുന്ന രീതിയിലാണ് ഇതിൻറെ ഷാസി സജ്ജീകരിച്ചിരിക്കുന്നത്.
ഡ്രൈവർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ് ഉൾവശം ക്രമീകരിച്ചിരിക്കുന്നത്. സൗകര്യപ്രദമായ സീറ്റുകളും പുറത്തെ കാഴ്ചകൾ തടസ്സമില്ലാതെ കാണാവുന്ന ഡിസൈനും ഇതിൻറെ പ്രത്യേകതയാണ്. ഗൂഗിൾ ഓട്ടോമോട്ടീവ് സർവീസുകളിലൂടെ ഗൂഗിൾ മാപ്സ്, ഗൂഗിൾ അസിസ്റ്റൻറ്, ഗൂഗിൾ പ്ലേ തുടങ്ങിയവ നേരിട്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഓപ്പൺആർ ലിങ്ക് മൾട്ടിമീഡിയ സിസ്റ്റം യാത്രകൾ കൂടുതൽ എളുപ്പമാക്കുന്നു.
ഓതെൻറിക്, ഇവല്യൂഷൻ, ടെക്നോ, ടെക്നോ+, ഐകോണിക് എന്നീ അഞ്ച് വ്യത്യസ്ത ട്രിം വകഭേദങ്ങളിൽ പുതിയ ഡസ്റ്റർ ലഭ്യമാണ്. ഫുൾ എൽഇഡി ലൈറ്റിംഗ്, ഗൂഗിൾ ഇൻബിൽറ്റ് ആയിട്ടുള്ള ഓപ്പൺആർ ലിങ്ക് മൾട്ടിമീഡിയ, പനോരമിക് സൺറൂഫ്, ഇലക്ട്രിക് പവേർഡ് ടെയിൽഗേറ്റ് എന്നിവ ഇതിൻറെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ വെൻറിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 17 എഡിഎഎസ് (അഡാസ്) ഫീച്ചറുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്.
വിപണിയിൽ ടർബോ ടിസിഇ 160 പതിപ്പിനാണ് നിലവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. മൊത്തം പെട്രോൾ ബുക്കിംഗുകളുടെ 90 ശതമാനവും ഈ കരുത്തുറ്റ മോഡലിനാണ് ലഭിക്കുന്നത്.
ആർ-പാസ് പ്രീ-ബുക്കിംഗ് പ്രോഗ്രാമിലൂടെ മാർച്ച് 31-നകം ബുക്ക് ചെയ്യുന്നവർക്ക് 10.29 ലക്ഷം രൂപ പ്രാരംഭ വിലയിൽ വാഹനം ലഭിക്കും. ഇതിനുപുറമെ റെനോ അംഗീകൃത സർവീസ് സെൻററുകളിൽ കൃത്യമായ സർവീസുകൾ ചെയ്യുന്നവർക്ക് 7 വർഷത്തെ റെനോ ഫോറെവർ വാറൻറിയും ലളിതമായ സബ്സ്ക്രിപ്ഷൻ പാക്കേജുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്നത്തെ ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ പൂർണ്ണമായും നിറവേറ്റുന്നതാണ് പുതിയ റെനോ ഡസ്റ്ററെന്ന് റെനോ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻറ് ഫ്രാൻസിസ്കോ ഹിഡാൽഗോ പറഞ്ഞു. മികച്ച പ്രകടനം, ഈടുനിൽക്കുന്ന നിർമ്മാണം, ദൈനംദിന ഉപയോഗത്തിനുള്ള സൗകര്യം എന്നിവയാണ് ഇന്ത്യൻ ഉപഭോക്താക്കൾ ഇന്ന് ആഗ്രഹിക്കുന്നത്. പുതിയ ടർബോ ടിസിഇ 160 എഞ്ചിൻ നൽകുന്ന 163 പിഎസ് കരുത്തും അത്യാധുനികമായ ആർജി?എം?പി പ്ലാറ്റ്ഫോമും വാഹനത്തിൻറെ റൈഡിംഗ് ഗുണനിലവാരത്തിലും കരുത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സബ്സ്ക്രിപ്ഷൻ ഉൾപ്പെടെയുള്ള ലളിതമായ വാഹനം സ്വതമാക്കാനുള്ള പദ്ധതികളും 7 വർഷത്തെ വാറൻറിയും ഇതിൻറെ സവിശേഷതയാണ്. യഥാർത്ഥ ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങളെ മുൻനിർത്തിയാണ് ഈ എസ്യുവി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഡസ്റ്ററിൻറെ ഇ-ടെക് സ്ട്രോങ്ങ് ഹൈബ്രിഡ് പതിപ്പ് മികച്ച പ്രകടനവും ഇന്ധനക്ഷമതയും ഒത്തുചേർന്നതാണ്. 1.8 ലിറ്റർ എഞ്ചിനും 1.4 കെഡബ്ല്യുഎച്ച് ബാറ്ററിയും സംയോജിപ്പിച്ചാണ് ഇതിൻറെ പ്രവർത്തനം. നഗരങ്ങളിലെ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ 80 ശതമാനം വരെ ഇവി ഡ്രൈവിംഗ് സാധിക്കുമെന്നതാണ് ഇതിൻറെ പ്രധാന പ്രത്യേകത. പ്രധാന മെട്രോ നഗരങ്ങളിൽ നിന്നുള്ള പ്രീ-ബുക്കിംഗുകളിൽ ഏകദേശം 40 ശതമാനവും ഉപഭോക്താക്കൾ തിരഞ്ഞെടുത്തത് ഈ ഹൈബ്രിഡ് മോഡലാണ്. 2026-ലേക്ക് നീക്കിവെച്ചിരുന്ന ഹൈബ്രിഡ് മോഡലുകൾ ഇതിനോടകം തന്നെ പൂർണ്ണമായും വിറ്റുതീർന്നതായും ദീപാവലി സമയത്ത് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി ഹൈബ്രിഡ് പതിപ്പിൻറെ ബുക്കിംഗ് വീണ്ടും ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.