Sections

കൊച്ചി മുസിരിസ് ബിനാലെ: ഇരകളോടും അടിച്ചമർത്തപ്പെട്ടവരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'

Wednesday, Mar 18, 2026
Reported By Admin
Utsa Hazarika’s ‘Yantra’ Installation at Kochi Biennale

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിലെ ഏറ്റവും വലുപ്പമുള്ള കലാപ്രതിഷ്ഠയാണ് ഫോർട്ട് കൊച്ചിയിലെ പെപ്പർ ഹൗസ് മുറ്റത്ത് ഒരുക്കിയിരിക്കുന്ന ഉത്സ ഹസാരികയുടെ 'യന്ത്ര (32° N/ Horizon) (2025)'. അധികാരവാഴ്ചയ്ക്കും വെറുപ്പിനും യുദ്ധങ്ങൾക്കും ഇടയിൽ ഇരകളാക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പമുള്ള ഐക്യദാർഢ്യമാണ് ഈ കലാപ്രതിഷ്ഠ.

ഡൽഹിയിലെ ജന്തർ മന്തറിനെയും അതിലെ സമ്രാട്ട് യന്ത്രത്തെയും ആസ്പദമാക്കിയാണ് സൃഷ്ടിയുടെ നിർമ്മാണം. പതിനെട്ടാം നൂറ്റാണ്ടിൽ സമയം, ദിശ, അക്ഷാംശം എന്നിവ കണക്കാക്കാൻ ഉപയോഗിച്ചിരുന്ന നിരീക്ഷണാലയത്തിൻറെ മാതൃകയാണിത്. മിറർ പാനലുകൾ ഘടിപ്പിച്ച സ്റ്റീൽ നിർമ്മിതിയിലൂടെ കൊച്ചിയുടെ ചക്രവാളം താഴേക്ക് നോക്കുമ്പോൾ കാണാൻ സാധിക്കും. ഭൂതകാലത്തെയും വർത്തമാനകാലത്തെയും കുറിച്ച് ചിന്തിക്കാൻ ഇത് കാഴ്ചക്കാരെ പ്രേരിപ്പിക്കുന്നു.

2024-ൽ ന്യൂയോർക്കിലെ സോക്രട്ടീസ് ശിൽപവനത്തിൽ പ്രദർശിപ്പിച്ച തൻറെ ആദ്യ ശിൽപത്തിൻറെ വിപുലീകരിച്ച രൂപമാണിതെന്ന് ഉത്സ ഹസാരിക പറഞ്ഞു. കൊച്ചിയുടെ ചരിത്രം, വ്യാപാരം, കുടിയേറ്റം, കോളനിവാഴ്ച, അതിജീവനം എന്നിവയെല്ലാം കലാരൂപം ചർച്ച ചെയ്യുന്നു. ഡൽഹിയിലെ ജന്തർ മന്തർ പ്രതിഷേധങ്ങളുടെ പ്രതീകം കൂടിയാണെന്ന് കലാകാരി ഓർമ്മിപ്പിക്കുന്നുണ്ട്. അനീതിക്കെതിരായ പോരാട്ടത്തിൻറെ അടയാളമായാണ് അവർ ഇതിനെ അവതരിപ്പിക്കുന്നത്.

കെട്ടിടത്തിനകത്തെ മുറിയിൽ രണ്ട് മതിലുകളെ ബന്ധിപ്പിക്കുന്ന ഉരുക്കിൻറെ നിർമ്മിതിയും അതിനുള്ളിൽ വിപ്ലവത്തിൻറെ പ്രതീകമായി മുല്ലച്ചെടികളുമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരുടെ പേരുകൾ മോഴ്സ് കോഡിൽ ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. സെൻസർഷിപ്പിനെ മറികടന്നുള്ള ആശയവിനിമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 'ബ്ലൂം (10°N/28°N)' എന്ന പേരിൽ പ്രദർശിപ്പിച്ചിരിക്കുന്ന മുല്ലച്ചെടികൾ കൊച്ചിയുടെയും ഡൽഹിയുടെയും അക്ഷാംശങ്ങളെ അടയാളപ്പെടുത്തുന്നു. നിയന്ത്രണങ്ങളെയും നിരീക്ഷണങ്ങളെയും അതിജീവിച്ച് പടരുന്ന സുഗന്ധത്തെ അതിജീവനത്തിൻറെ അടയാളമായി മുല്ലയെ അവർ കാണുന്നു.

മുറിയിലെ ഭൂപടങ്ങളിലൂടെ 1492 മുതൽ മലബാറിലേക്ക് നടന്ന വിദേശ അധിനിവേശത്തിൻറെ ചരിത്രമാണ് വിവരിക്കുന്നത്. സൗഹൃദപരമായ വ്യാപാരം എങ്ങനെ ചൂഷണത്തിലേക്കും അടിച്ചമർത്തലിലേക്കും മാറിയെന്ന് 'ഇന്ത്യ 1492' എന്ന സൃഷ്ടി വ്യക്തമാക്കുകയാണ്. ഒഡീഷയിലെ ഖനന കമ്പനികൾക്കെതിരെ സ്വന്തം മണ്ണ് സംരക്ഷിക്കാൻ പോരാടുന്ന തദ്ദേശീയരുടെ ജീവിതമാണ് 'വി കനോട്ട് ലെറ്റ് ഗോ ഓഫ് ദിസ് എർത്ത്' എന്ന വീഡിയോ പറയുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ജനത നേരിടുന്ന വെല്ലുവിളികൾ ഇതിൽ കാണാം.

തൻറെ കല ചുറ്റുമുള്ള അതിക്രമങ്ങൾക്ക് നേരെയുള്ള കണ്ണാടിയാണെന്ന് ഉത്സ ഹസാരിക വിശദീകരിച്ചു. ശാസ്ത്രം, രാഷ്ട്രീയം, ആത്മീയത എന്നിവയെ പരസ്പരം ബന്ധിപ്പിക്കുകയാണ് ഉത്സയുടെ കല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.