Sections

മട്ടന്നൂരിൽ ഗ്ലോബൽ ഗോൾഡ് സിറ്റി: ഗോൾഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡുമായി കിൻഫ്ര ധാരണാപത്രത്തിൽ ഒപ്പുവച്ചു

Friday, Jan 30, 2026
Reported By Admin
Kerala to Set Up Global Gold City in Mattannur, Kannur

  • ധാരണാപത്രത്തിൽ ഒപ്പുവച്ചത് മന്ത്രി പി. രാജീവിൻറെ സാന്നിധ്യത്തിൽ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ഗ്ലോബൽ ഗോൾഡ് സിറ്റി (ജിജിസി) എന്ന പേരിൽ ഒരു സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റി സ്ഥാപിക്കുന്നതിനായി ഗോൾഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡുമായി കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപ്പറേഷൻ (കിൻഫ്ര) ധാരണാപത്രത്തിൽ ഒപ്പുവച്ചു.

സ്വർണത്തിൻറെ ശുദ്ധീകരണം മുതൽ വിപണനം വരെയുള്ള മുഴുവൻ വിപണിശൃംഖലയെയും ഏകീകരിക്കുന്ന ഒരു സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റിയായാണ് ജിജിസി വിഭാവനം ചെയ്തിരിക്കുന്നത്.

വ്യവസായ, നിയമ, കയർ മന്ത്രി പി രാജീവിൻറെ സാന്നിധ്യത്തിൽ കിൻഫ്ര ചെയർമാൻ സന്തോഷ് കോശി തോമസും ഗോൾഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്ടർ എസ്. തരുജും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

3.5 ലക്ഷം കോടിയുടെ സാമ്പത്തിക വരുമാനം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ കേരളത്തിൻറെ സ്വർണവ്യാപാരമേഖലയിൽ വലിയ തോതിലുള്ള നിക്ഷേപം കൊണ്ടുവരാൻ സാധിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇ.എസ്.ജി. നയം പാലിച്ചു കൊണ്ടുള്ള ഒരു പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാർ പ്രകാരം കിൻഫ്രയുടെ കീഴിൽ മട്ടന്നൂരിൽ 1000 ഏക്കർ ഭൂമി നിർദ്ദിഷ്ട പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.

വ്യവസായ, വാണിജ്യ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് പി.എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മൂന്ന് വർഷത്തിനുള്ളിൽ നേരിട്ടുള്ള ഒരു ലക്ഷം തൊഴിലവസരങ്ങളും അഞ്ച് വർഷത്തിനുള്ളിൽ ഒരു ദശലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ അഞ്ച് വർഷത്തിനുള്ളിൽ 40-60 ബില്യൺ ഡോളർ വരുമാനം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഗോൾഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡ്.

സ്വർണത്തിൻറെ ശുദ്ധീകരണം, വോൾട്ടിംഗ് & ലോജിസ്റ്റിക്സ്, വ്യാപാര-നിർമ്മാണ മേഖല, ഡിജിറ്റൽ ഗോൾഡ് & ബ്ലോക്ക് ചെയിൻ ട്രേസബിലിറ്റി, പരിശീലനത്തിനും വൈദഗ്ധ്യത്തിനുമായുള്ള ഗോൾഡ് യൂണിവേഴ്സിറ്റി തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.