- Trending Now:
കോഴിക്കോട്: ആയുർവേദ-വെൽനസ് ടൂറിസം മേഖലയിലെ മുൻനിരക്കാരായി കേരളത്തെ പ്രദർശിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുർവേദ ആൻഡ് വെൽനസ് കോൺക്ലേവ് ഫെബ്രുവരി 2, 3 തീയതികളിൽ കോഴിക്കോട് നടക്കും. കോഴിക്കോട് ട്രിപന്റ ഹോട്ടലിൽ നടക്കുന്ന സമ്മേളനം ഫെബ്രുവരി 2 ന് രാവിലെ 11 ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ആയുർവേദ പ്രമോഷൻ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ കോൺക്ലേവിൽ ആയുർവേദ പണ്ഡിതർ, ആഗോള വെൽനസ് വിദഗ്ധർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ, ട്രാവൽ-കൊമേഴ്സ് പ്രൊഫഷണലുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവർ ഒത്തുചേരും.
ആയുർവേദ, വെൽനസ് വിദഗ്ധരുടെയും വ്യവസായ പങ്കാളികളുടെയും കാഴ്ചപ്പാടുകൾ പങ്കിടുന്ന അവതരണങ്ങൾ യോഗത്തിൽ ഉണ്ടാകും. വിജ്ഞാന കൈമാറ്റം, നയ വികസനം, ബി2ബി നെറ്റ്വർക്കിംഗ്, ആഗോള ബിസിനസ് സഹകരണം എന്നിവയ്ക്കുള്ള വേദിയായി കോൺക്ലേവ് പ്രവർത്തിക്കും. ഉത്തരവാദിത്ത- സുസ്ഥിര വികസന മാതൃകയെ അടിസ്ഥാനമാക്കി ആയുർവേദ, വെൽനസ് ടൂറിസത്തിന്റെ നേതൃനിരയിലേക്ക് ഉയർന്നുവരാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് ഇത് പ്രചോദനമേകും.
വെൽനസ്, ആയുർവേദ അധിഷ്ഠിത ടൂറിസത്തിന്റെ വികസനത്തിന് സംഭാവന നൽകിയ പ്രമുഖരെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും.
ഉദ്ഘാടന ദിവസം 'ആയുർവേദത്തിന്റെ ആഗോള കേന്ദ്രമായി കേരളം' എന്ന വിഷയത്തിലുള്ള പാനൽ സെഷനിൽ ന്യൂഡൽഹി ആയുഷ് മന്ത്രാലയത്തിലെ രാഷ്ട്രീയ ആയുർവേദ വിദ്യാപീഠ് സിആർഎവി ഗുരു ഡോ. ടി.എസ്. കൃഷ്ണകുമാർ, അങ്കമാലിയിലെ അകാമി ആയുർവേദ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ഇന്ദുലാൽ, സിജിഎച്ച് എർത്ത് എക്സ്പീരിയൻസ് സഹസ്ഥാപകൻ ജോസ് ഡൊമിനിക്, അഷ്ടാംഗം ആയുർവേദ ചികിത്സാലയം ആൻഡ് വിദ്യാപീഠം പ്രിൻസിപ്പലും മെഡിക്കൽ ഡയറക്ടറുമായ പ്രൊഫ. ആലത്തിയൂർ നാരായണൻ നമ്പി എന്നിവർ പങ്കെടുക്കും. രുദ്രാക്ഷം ആരോഗ്യാശ്രമം മെഡിക്കൽ ഡയറക്ടറും ഫിക്കിയുടെ ദേശീയ ആയുർവേദ ടൂറിസം സബ് കമ്മിറ്റി അംഗവുമായ ഡോ.ഇന്ദുചൂഢൻ മോഡറേറ്ററായിരിക്കും.
'ആയുർവേദവും യോഗയും വെൽനസ് ടൂറിസത്തിലേക്ക് സമന്വയിപ്പിക്കുക' എന്ന വിഷയത്തിൽ നടക്കുന്ന സെഷനിൽ സുദർശനം ആയുർവേദ സ്ഥാപകനും കോയമ്പത്തൂരിലെ ഈശാ യോഗ സെന്ററിന്റെ ചീഫ് ആയുർവേദ കൺസൾട്ടന്റുമായ ഡോ.ഹരി പള്ളത്തേരി, പതഞ്ജലി യോഗ പരിശീലന ഗവേഷണ കേന്ദ്രം ഡയറക്ടർ കൈതപ്രം വാസുദേവൻ നമ്പൂതിരി, പൂന്തോട്ടം ആയുർവേദാശ്രമം മെഡിക്കൽ ഡയറക്ടർ ഡോ. രവീന്ദ്രനാഥ്, ഡോ നരിപ്പറമ്പ് ദേവൻ നമ്പൂതിരി എന്നിവർ കാഴ്ചപ്പാടുകൾ പങ്കുവെക്കും. ഡോ.യദുനന്ദൻ കെ.പി മോഡറേറ്റ് ചെയ്യും.
'ആയുർവേദ ഗവേഷണവും അന്താരാഷ്ട്ര സ്വീകാര്യതയും' എന്ന സെഷനിൽ കോട്ടക്കൽ ആര്യ വൈദ്യശാലയിലെ ക്ലിനിക്കൽ റിസർച്ച് ഹെഡ് ഡോ. പി.ആർ. രമേഷ്, കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ പ്രൊഫസർ ഡോ. പ്രദീപ് കെ; അമൃത ആയുർവേദയിലെ ഗവേഷണ മേധാവി ഡോ. റാം മനോഹർ, വിഷ്ണു ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. കിരാത മൂർത്തി എന്നിവർ പാനലിസ്റ്റുകളായി പങ്കെടുക്കും. ഡോ. മനോജ് കലൂർ സെഷൻ മോഡറേറ്റ് ചെയ്യും.
'മെഡിക്കൽ വാല്യൂ ട്രാവൽ ആൻഡ് ആയുർവേദ' എന്ന സെഷനിൽ സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാനും എംഡിയുമായ ബേബി മാത്യു, ഐഡീഗ്ലോബസ് റീസെൻ മാനേജിംഗ് ഡയറക്ടർ കാർത്തിക് ഡേവ്, തുലാ ക്ലിനിക്കൽ വെൽനസ് ജനറൽ മനേജർ എം.ഡി ജാവേദ് ഖാൻ, ഐടിപി ടൂറിസം മാനേജേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി സി.എസ് വിനോദ് എന്നിവർ പങ്കെടുക്കും. എംസിഎസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ഡയറക്ടറുമായ ശിവപ്രസാദ് പി വി മോഡറേറ്ററായിരിക്കും.
ഫെബ്രുവരി 3 ന് കോഴിക്കോട് ഡിമോറ ഹോട്ടലിൽ 150 അന്താരാഷ്ട്ര, ആഭ്യന്തര ബയേഴ്സും കേരളത്തിൽ നിന്നുള്ള 100 ആയുർവേദ സേവന ദാതാക്കളെയും ബന്ധിപ്പിക്കുന്ന ബി2ബി മീറ്റ് നടക്കും. കേരളത്തിൽ നിന്നുള്ള 100 സെല്ലേഴ്സ്, 120 അന്താരാഷ്ട്ര ഏജന്റുമാർ/ഓപ്പറേറ്റർമാർ, 30 ഇന്ത്യൻ ഏജന്റുമാർ/ഓപ്പറേറ്റർമാർ, 30 യോഗ ഓപ്പറേറ്റർമാർ, വിദേശത്തുനിന്ന് 30 ഉം ഇന്ത്യയിൽനിന്ന് 20 ഉം പേരടങ്ങിയ ബ്ലോഗർമാർമാരുടെയും മാധ്യമപ്രവർത്തകരുടെയും സംഘം എന്നിവർ ബി2ബി നെറ്റ്വർക്കിംഗിൽ ഭാഗമാകും.
മെഡിക്കൽ വാല്യു ട്രാവൽ, വെൽനസ് റിട്രീറ്റുകൾ, ആയുർവേദ ഹെൽത്ത്കെയർ, യോഗ ടൂറിസം എന്നിവയിൽ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും കോൺക്ലേവ് ശ്രദ്ധ കേന്ദ്രീകരിക്കും.
അന്താരാഷ്ട്ര ആയുർവേദ, യോഗ അംബാസഡർമാർക്കായി ഫെബ്രുവരി 4 മുതൽ കേരളത്തിലുടനീളമുള്ള ആയുർവേദ-വെൽനസ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് ഫെബ്രുവരി 4 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അവസാനിക്കും. പ്രതിനിധികൾ ആയുർവേദ റിസോർട്ടുകളും വെൽനസ് റിട്രീറ്റുകളും, യോഗ ലക്ഷ്യസ്ഥാനങ്ങളും ആയുർവേദ ആശുപത്രികളും സംസ്ഥാനത്തുടനീളമുള്ള ആയുർവേദ നിർമ്മാണ സൗകര്യങ്ങളും സന്ദർശിക്കും.
കേരള കലാമണ്ഡലം, കൊച്ചി മുസിരിസ് ബിനാലെ, കൊച്ചി പോർട്ട് ക്രൂയിസ് തുടങ്ങിയ സാംസ്കാരിക, പൈതൃക അനുഭവങ്ങളും മറ്റ് പ്രധാന ആകർഷണങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുന്നു. ഇത് കേരളത്തിന്റെ ആയുർവേദ, വെൽനസ് മേഖല, സാംസ്കാരിക ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് സമഗ്രമായ പരിചയം അന്താരാഷ്ട്ര പ്രതിനിധികൾക്ക് നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.