Sections

കേരള ടൂറിസത്തിൻറെ വിജയമാതൃക പഠിക്കാൻ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി

Thursday, Mar 05, 2026
Reported By Admin
TN Officials Study Kerala Tourism Model

  • തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സിൽ തുടക്കം
  • ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിൻറെ വിജയമാതൃകയെ കുറിച്ച് പഠിക്കാൻ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥർ കേരളത്തിൽ. സംസ്ഥാന ടൂറിസം വകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൻറെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത്. കേരളത്തിൻറെ നൂതനവും സുസ്ഥിരവുമായ ടൂറിസം രീതികളേയും വിജയകരമായ മാതൃകകളേയും പരിചയപ്പെടുത്തുന്ന പരിശീലന പരിപാടിയാണിത്.

ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പരിശീലന പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന-ജില്ലാ തലങ്ങളിൽ പ്രവർത്തിക്കുന്ന തമിഴ് നാട്ടിൽ നിന്നുള്ള 60 ടൂറിസം ഇൻഫർമേഷൻ ഓഫീസർമാർക്കാണ് പരിശീലനം നൽകുന്നത്. കിറ്റ്സ് കാമ്പസിൽ രണ്ട് ബാച്ചുകളായി നടത്തുന്ന പരിപാടിയുടെ രണ്ടാം ബാച്ചിൻറെ പരിശീലനം മാർച്ച് 10 മുതൽ 12 വരെ നടക്കും.

ദക്ഷിണേന്ത്യൻ ടൂറിസത്തിൻറെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തുന്നതിന് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ആശയ വിനിമയവും പരസ്പര സഹകരണവും അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകോത്തര നിലവാരമുള്ള പദ്ധതികളുമായി മുന്നേറുന്ന കേരള ടൂറിസത്തിൻറെ ഉൾക്കാഴ്ചകളും അറിവും മറ്റുള്ളവരുമായി പങ്കിടാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാന ടൂറിസത്തിൻറെ വിജയ മാതൃകകൾ ഉയർത്തിക്കാട്ടുന്ന ഇത്തരം പരിപാടികളിലൂടെ ഒരുമിച്ച് മുന്നേറാനുള്ള മനോഭാവം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള പ്രൊഫഷണൽ വികസന സംരംഭങ്ങൾ സംഘടിപ്പിക്കുന്നതിൽ കിറ്റ്സിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് കേരള ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു.

ആഗോളതലത്തിൽ തിരിച്ചറിയപ്പെട്ട കേരളത്തിൻറെ ഉത്തരവാദിത്ത ടൂറിസം (ആർടി) സംരംഭങ്ങൾ, സുസ്ഥിര ഡെസ്റ്റിനേഷൻ മാനേജ്മെൻറ്, അത്യാധുനിക ബ്രാൻഡിംഗ്, പ്രൊമോഷണൽ മോഡലുകൾ എന്നിവയുൾപ്പെടുന്ന പാഠ്യപദ്ധതിയാണ് പരിശീലനത്തിനായി തയ്യാറാക്കിയത്. കേരള ടൂറിസത്തിൻറെ വികസന സമീപനങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ തമിഴ് നാട് ഉദ്യോഗസ്ഥർക്ക് ഇത് പ്രായോഗിക അവസരമൊരുക്കും.

മാനവ വിഭവശേഷി വികസനം, നൈപുണ്യ വികസനം, ടൂറിസ്റ്റ് ഗൈഡ് പരിശീലനം എന്നിവയിലെ പുത്തൻ സാധ്യതകളെക്കുറിച്ചറിയാൻ കിറ്റ്സിൽ നിന്നുള്ള പ്രതിനിധി സംഘം കഴിഞ്ഞ വർഷം തമിഴ് നാട് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ സന്ദർശിച്ചിരുന്നു.

സംസ്ഥാനത്തെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) മാതൃകയേയും നൂതന 'ഡെസ്റ്റിനേഷൻ ചലഞ്ച്' നേയും മനസ്സിലാക്കാൻ തമിഴ് നാട്ടിലെ ജില്ലാ കളക്ടർമാരും കേരളം സന്ദർശിക്കാൻ ഒരുങ്ങുകയാണ്. ദക്ഷിണേന്ത്യയുടെ ടൂറിസം മേഖലയിൽ പുതിയ വാതായനങ്ങൾ തുറക്കാൻ ഇത് സഹായകമാകും.'ടൂറിസം ഡിപ്ലോമസി'യുടെ പുതുയുഗത്തെ സൂചിപ്പിക്കുന്ന സഹകരണം കൂടിയാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.