Sections

സ്റ്റുഡന്റ്സ് ബിനാലെ: സമൂഹങ്ങളിലെ സ്വത്വബോധത്തെയും അതിജീവനത്തെയും വിശകലനം ചെയ്ത് 'ടെൻഷൻ ഓഫ് ബിലോങ്ങിംഗ്‌സ്'

Friday, Jan 30, 2026
Reported By Admin
Students Biennale Artwork Explores Identity and Survival

കൊച്ചി: സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ചിട്ടുള്ള 'ടെൻഷൻ ഓഫ് ബിലോങ്ങിംസ്' (Tension of Belongings) എന്ന കലാസൃഷ്ടിയിൽ എട്ടുമാസത്തോളമായി കേടാകാതെ നിലനിൽക്കുന്ന റൊട്ടികളുടെ കഷണങ്ങളുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് കുടിയേറിയ ഒരു സമൂഹത്തിന്റെ അതിജീവനത്തെയാണ് ഈ പ്രദർശനത്തിലൂടെ കാണിക്കുന്നത്.

ബി.എം.എസ് വെയർഹൗസിൽ ഒരുക്കിയിരിക്കുന്ന ഈ പ്രദർശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത് ശീതൾ സി.പി ആണ്. ഓർമ്മകളെയും അനുഭവങ്ങളെയുമാണ് സൃഷ്ടി പ്രതിനിധീകരിക്കുന്നത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള മൂന്ന് സ്വതന്ത്ര കലാകാരന്മാരുടെ സൃഷ്ടികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രാ യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്സ് വിഭാഗത്തിൽ നിന്നുള്ള ഗൂർലെ ലോകേഷ് കുമാർ, കടപ്പയിലെ ഡോ. വൈ.എസ്.ആർ ആർക്കിടെക്ചർ ആൻഡ് ഫൈൻ ആർട്സ് യൂണിവേഴ്സിറ്റിയിലെ വാദിത ഹരി നായിക്, പൊണ്ടുരു യോഗേശ്വർ റാവു എന്നിവരാണ് ഈ കലാകാരന്മാർ.

വാദിത ഹരി നായികിന്റെ കലാരൂപങ്ങൾ സ്വന്തം സമൂഹവുമായുള്ള ആഴത്തിലുള്ള ബന്ധത്തിൽ നിന്നും രൂപപ്പെട്ടവയാണെന്ന് ശീതൾ പറഞ്ഞു. റൊട്ടികളെ മാധ്യമമാക്കി അവയിൽ ചിത്രങ്ങൾ വരയ്ക്കുന്ന നായികിന്റെ പുതുമയാർന്ന രീതി ശ്രദ്ധേയമാണ്. തന്റെ സംസ്കാരത്തിലെ പ്രധാന ഭക്ഷണമായ റൊട്ടികളുടെ കരുത്തിനെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. കേടുപാടുകൾ സംഭവിക്കാത്ത റൊട്ടികൾ തന്റെ സമൂഹത്തിന്റെ അതിജീവനത്തെ അടയാളപ്പെടുത്തുന്നുവെന്ന് നായിക് പറഞ്ഞു.

ഗൂർലെ ലോകേഷ് കുമാറിന്റെ സൃഷ്ടികൾ തന്റെ ഗ്രാമത്തിലെ കാർഷിക പശ്ചാത്തലത്തെയും കർഷകരുടെ ജീവിതത്തിലെ സന്തോഷങ്ങളെയും പോരാട്ടങ്ങളെയുമാണ് കാണിക്കുന്നത്. കർഷകരുടെ പ്രധാന സഹായിയായ സൈക്കിളുകളെ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. വിളവെടുപ്പ് ഉത്സവമായ സംക്രാന്തി വേളയിൽ കർഷകർ സൈക്കിളുകളെ എത്രത്തോളം ആദരവോടെയാണ് കാണുന്നതെന്ന് ഈ സൃഷ്ടികൾ വ്യക്തമാക്കുന്നു. സൈക്കിൾ ഹാൻഡിലിലെ മാവിലകൾ, ചാക്കുകളിൽ കെട്ടിത്തൂക്കിയ നാരങ്ങകൾ, അലങ്കരിച്ച ചക്രങ്ങൾ എന്നിവയിലൂടെ കർഷകരും അവരുടെ തൊഴിൽ ഉപകരണങ്ങളും തമ്മിലുള്ള വൈകാരിക ബന്ധമാണ് ലോകേഷ് കുമാർ ചിത്രീകരിച്ചിരിക്കുന്നത്.

മണ്ണ് കൊണ്ടുള്ള ശില്പകലയിലാണ് പൊണ്ടുരു യോഗേശ്വർ റാവു തന്റെ സൃഷ്ടി രൂപപ്പെടുത്തിയിരിക്കുന്നത്. 'മഡ് ഹെഡ്', 'ട്രയംഫ് ഓഫ് ദ ലേബർ', 'ബ്രോക്കൺ പോട്ട്', 'ടുഗെദർനസ്' തുടങ്ങിയ സൃഷ്ടികൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവങ്ങളെയും മൺപാത്ര നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ജീവിതയാഥാർത്ഥ്യങ്ങളെയും പ്രതിപാദിക്കുന്നു. സെറാമിക് നിർമ്മാണത്തിലെ നൂതന വിദ്യകൾ അദ്ദേഹം പരിശീലിച്ചിട്ടുണ്ട്. സ്വത്വത്തെയും സമൂഹത്തെയും കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ വിവിധ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ പ്രദർശനം സ്റ്റുഡന്റ്സ് ബിനാലെയിലെ കലാചർച്ചകൾക്ക് പുതിയ മാനം നൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.