- Trending Now:
ഓരോ വ്യക്തിയും ആദ്യം സമ്പാദിക്കേണ്ടത് ആരോഗ്യകരമായ ജീവിതമാണ്. നല്ല ആരോഗ്യം വേണമെങ്കിൽ നല്ല ജീവിത ശീലങ്ങൾ വേണം. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് പോലും അർഹമായ പരിഗണന നൽകണം. ഇല്ലെങ്കിൽ പിന്നീട് പ്രതികൂല ഫലമുണ്ടാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള വേദന, അസ്വസ്ഥത, ദഹനക്കേട് തുടങ്ങിയ താരതമ്യേന ചെറിയ പ്രശ്നങ്ങൾ പോലും നമുക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇത് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിയ്ക്കുകയും ചെയ്യും. നല്ല ആരോഗ്യത്തിനായി ചില നല്ല ശീലങ്ങൾ ഇതാ.
വിശപ്പകറ്റാൻ മാത്രം ഭക്ഷണം കഴിക്കുന്നതിനു പകരം, നിങ്ങളുടെ ഊർജ്ജ നില വർദ്ധിപ്പിക്കുകയും ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആഹാര സാധനങ്ങളാണ് ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്. വിശപ്പോ പോഷകാഹാരക്കുറവോ ഉണ്ടെങ്കിൽ ശാരീരിക മാനസിക സമ്മർദ്ദം ഏതെങ്കിലും വിധത്തിൽ അനുഭവപ്പെട്ടേക്കാം.
ഭക്ഷണത്തിൻറെ രുചിയിലും അളവിലും മാത്രമാണ് നിങ്ങളുടെ ശ്രദ്ധയെങ്കിൽ ഭാവിയിൽ പല ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും വഴിവെയ്ക്കും. പഞ്ചസാര, കൊഴുപ്പ് അല്ലെങ്കിൽ പോഷകാഹാര ശൂന്യമായ ഭക്ഷണങ്ങൾ എന്നിവ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും.
ഭക്ഷണക്രമം ശരിയല്ലെങ്കിൽ ഈ ലക്ഷണങ്ങൾ കണ്ടേക്കാം: അലസത,വിഷാദഅവസ്ഥ,ക്ഷീണം,വിശപ്പ്,ശരീരം ദുർബലമായ അവസ്ഥ
വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ അത് സാരമായി ബാധിക്കും. രാത്രിയിൽ മതിയായ ഉറക്കം ലഭിക്കാൻ ശ്രദ്ധിയ്ക്കുക. ആവശ്യമായ ഉറക്കം ലഭിച്ചിട്ടില്ലെങ്കിൽ, ശരീരത്തിൻറെ കാര്യക്ഷമത കുറവായിരിക്കും, മാനസികമായി കരുത്ത് കുറഞ്ഞവരാണെങ്കിൽ മാനസിക സമ്മർദ്ദത്തിന് പോലും ഇത് കാരണമാകും.
ഭക്ഷണവും ഉറക്കവും പോലെ തന്നെ പ്രധാനമാണ് വ്യായാമവും. ആരോഗ്യമുള്ള ശരീരത്തിന് ഇവയെല്ലാം ഒരുപോലെ ചേർന്ന് വരണം. അതുകൊണ്ട് തന്നെ ഏതൊരാളും സ്വന്തം ആരോഗ്യത്തിനായി, സമയ ലഭ്യതയനുസരിച്ച് അനുയോജ്യമായ വ്യായാമ രീതികൾ പിന്തുടരണം.
ഫിറ്റ്നസിനെ ജീവിതത്തിൻറെ ഒരു സാധാരണ ഭാഗമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നിങ്ങളുടെ ഭാഗത്ത് നിന്ന് വേണ്ടത്. പ്രഭാത ദിനചര്യയുടെ ഭാഗമായോ വൈകുന്നേരങ്ങളിലോ അല്പ സമയം വ്യായാമത്തിനായി മാറ്റി വെയ്ക്കണം.
ദിവസം തുടങ്ങുന്നത് അല്പം നടന്നുകൊണ്ടാണെങ്കിൽ അത് മുഴുവൻ ദിവസത്തെയും ഊർജ നില ഉയർത്തും. ഒറ്റയ്ക്ക് നടക്കുന്നത് വിരസമാണെങ്കിൽ ഇഷ്ടമുള്ള സംഗീതം കേട്ടുകൊണ്ടോ അല്ലെങ്കിൽ ഓഡിയോ ബുക്കുകൾ കേട്ടുകൊണ്ടോ നടക്കാം. എല്ലാ ദിവസവും ഇങ്ങനെ തുടങ്ങുകയാണെങ്കിൽ അന്നത്തെ ദിവസം നിങ്ങൾ ചെയ്ത് തീർക്കേണ്ട മുഴുവൻ കാര്യങ്ങളും വളരെ വേഗത്തിലും കൃത്യതയോടെയും ചെയ്ത് തീർക്കാൻ കഴിയും.
ഭക്ഷണ സാധനങ്ങളിലെ വിഷാംശത്തേക്കാൾ കരുതിയിരിയ്ക്കെണ്ടതാണ് ലഹരി ഉത്പന്നങ്ങളെ. അത്തരം അനാരോഗ്യകരമായ ഉത്പന്നങ്ങൾ ശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കും. നിക്കോട്ടിൻ അടങ്ങിയ ഉത്പന്നങ്ങൾ, അമിതമായ മദ്യം, അമിതമായ കഫീൻ എന്നിവ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും, മാത്രമല്ല നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ മൊത്തത്തിൽ അലസത ഉണ്ടാക്കാനും ഇവ കാരണമാകും.
ആരോഗ്യത്തെക്കുറിച്ച് പറയുമ്പോൾ അത് ശാരീരിക ആരോഗ്യം മാത്രമല്ല, മാനസിക കരുത്ത് കൂടി ഉൾപ്പെടുന്നതാണ്. അതിനാൽ ശരീരത്തെ സംരക്ഷിയ്ക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ മാനസിക ആരോഗ്യം കൂടി പരിഗണിയ്ക്കണം. മാനസിക സമ്മർദ്ദം താങ്ങാനാവാതെ വരുന്നത് ശ്രദ്ധിയ്ക്കണം. ചെറിയ പ്രതിസന്ധികൾ പോലും നിങ്ങൾക്ക് മറികടക്കാനോ നിസ്സാരമായി പരിഗണിയ്ക്കാനോ കഴിയുന്നില്ലെങ്കിൽ അതിനുള്ള പ്രതിവിധികൾ കൂടി ചെയ്ത് തുടങ്ങണം. മാനസിക ശക്തി വർധിപ്പിയ്ക്കുന്ന ധ്യാനം, യോഗ പോലുള്ളവ ഇതിനായി തിരഞ്ഞെടുക്കാം.
മരുന്നുകൾ കൂടാതെ സ്ട്രെസ്സ് കുറയ്ക്കാനുള്ള വഴികൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.