Sections

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം

Saturday, Jan 31, 2026
Reported By Admin
‘Gossip’ Dance Performance Redefines Women’s Voices at Kochi Biennale

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ഫോർട്ട് കൊച്ചി ബാസ്റ്റിൻ ബംഗ്ലാവിലെ പവലിയനിൽ അരങ്ങേറിയ 'ഗോസിപ്പ്' എന്ന നൃത്തശില്പം സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി മാറി. കൊച്ചി ആസ്ഥാനമായുള്ള തുടിപ്പ് ഡാൻസ് ഫൗണ്ടേഷന്റെ ആദ്യ പൂർണ്ണരൂപത്തിലുള്ള പ്രകടനമായിരുന്നു ഇത്.

നിത്യജീവിതത്തിൽ പലപ്പോഴും നിസ്സാരമെന്നു കരുതി തള്ളിക്കളയുന്ന 'ഗോസിപ്പ്' എന്ന വാക്കിനെ പ്രതിരോധത്തിന്റെയും ആത്മബന്ധത്തിന്റെയും അറിവിന്റെയും ഇടമാക്കി മാറ്റുകയായിരുന്നു ഈ നൃത്തശില്പം.

ഗ്രീഷ്മ നരേന്ദ്രൻ, അഞ്ജലി കൃഷ്ണദാസ്, പൊന്നു സഞ്ജീവ്, എന്നിവർ ചേർന്ന് അവതരിപ്പിച്ച നൃത്തം പെൺസൗഹൃദങ്ങളുടെ കരുത്തിനെയാണ് അടയാളപ്പെടുത്തിയത്. വൈകാരികതയുടെ അതിപ്രസരമില്ലാതെ തന്നെ, സംഘർഷങ്ങളും തമാശകളും അനിശ്ചിതത്വങ്ങളും നിറഞ്ഞ മൂന്ന് സ്ത്രീകളുടെ സംഭാഷണമായി ഈ പ്രകടനം പ്രേക്ഷകർക്ക് അനുഭവപ്പെട്ടു. തിങ്ങിനിറഞ്ഞ സദസ്സും അവരുടെ കൈയടികളും തുടിപ്പ് ഡാൻസ് ഫൗണ്ടേഷന്റെ ആദ്യ സംരംഭത്തിന് വലിയ ആത്മവിശ്വാസം പകർന്നു നൽകി.

സ്ത്രീപക്ഷ ചിന്തകൾക്കും നൃത്തപഠനത്തിനും ഊന്നൽ നൽകുന്ന തുടിപ്പ് ഇന്ത്യൻ നൃത്തശൈലികളിലെ സൗന്ദര്യ സങ്കല്പങ്ങളെയും അച്ചടക്കത്തെയും കുറിച്ചുള്ള പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിക്കാനാണ് ശ്രമിക്കുന്നത്.

മോഹിനിയാട്ടം, ഭരതനാട്യം, കണ്ടംപററി നൃത്തം എന്നിവയിലെ വൈദഗ്ധ്യം ഓരോ നർത്തകിയും പ്രകടിപ്പിച്ചു. ഒരേപോലെയുള്ള ശരീരപ്രകൃതിയല്ല, മറിച്ച് ഉയരത്തിലും വണ്ണത്തിലും താളത്തിലും വ്യത്യസ്തരായ മൂന്ന് സ്ത്രീകളെ അതേപടി അവതരിപ്പിക്കുക വഴി സൗന്ദര്യ സങ്കല്പങ്ങളെക്കുറിച്ചുള്ള പൊതു ധാരണയെ അവർ ചോദ്യം ചെയ്തു.

ബ്രോക്കേഡ് തുണികളും സേഫ്റ്റി പിന്നുകളും ചേർന്ന വസ്ത്രലങ്കാരം ഇന്ത്യൻ സ്ത്രീകൾ നിത്യജീവിതത്തിൽ നടത്തുന്ന വിട്ടുവീഴ്ചകളെയും അധ്വാനത്തെയും സൂചിപ്പിക്കുന്നു. സ്ത്രീകളുടെ വർത്തമാനങ്ങളെ നിസ്സാരമായി കാണുന്ന പുരുഷാധിപത്യ സമൂഹത്തിൽ, പരദൂഷണമെന്നു വിളിക്കപ്പെടുന്ന ഗോസിപ്പുകൾ എങ്ങനെയാണ് സ്ത്രീകൾക്ക് അറിവ് പങ്കുവെക്കാനും പരസ്പരം താങ്ങാകാനുമുള്ള മാർഗമായി മാറുന്നതെന്ന് അഞ്ജലി വിശദീകരിച്ചു. തലമുറകളായി സ്ത്രീകൾ ഉള്ളിൽ പേറുന്ന അനുഭവങ്ങളുടെയും കരുത്തിന്റെയും നേർക്കാഴ്ചയായിരുന്നു ബാസ്റ്റിൻ ബംഗ്ലാവിലെ ഈ പരിപാടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.