Sections

സംരംഭകർക്കായുള്ള ധനസഹായ പദ്ധതികൾ വനിതകൾക്കായി ഒരു കുടുംബം ഒരു സംരംഭം പദ്ധതി

Tuesday, Sep 05, 2023
Reported By Admin
Entrepreneurship Development Program

ഒരു കുടുംബം ഒരു സംരംഭം പദ്ധതി


പാലക്കാട്: സംരംഭക മേഖലയിൽ വനിതകളുടെ പ്രാധാന്യം ഉറപ്പാക്കാനായി വ്യവസായ വകുപ്പ് ആരംഭിച്ചതാണ് ഒരു കുടുംബം ഒരു സംരംഭം പദ്ധതി. പദ്ധതിയുടെ 50 ശതമാനം ഗുണഭോക്താക്കളും വനിതാ സംരംഭകരായിരിക്കും. നിർമ്മാണം, സേവനം, വ്യാപാരം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന യൂണിറ്റുകൾക്കാണ് പലിശയിളവോടെയുള്ള വായ്പക്ക് അർഹത. എല്ലാ വീടുകളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. പ്രോജക്ട് ചെലവിന്റെ 10 ലക്ഷം രൂപ വരെയുള്ള വായ്പ തുകയ്ക്ക് അഞ്ച് വർഷത്തേക്ക് ആറ് ശതമാനം പലിശ ഇളവാണ് പദ്ധതി പ്രകാരം നൽകുന്നത്.
ദേശസാൽകൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കേരള ബാങ്ക് എന്നീ ധനകാര്യസ്ഥാപനങ്ങളിൽനിന്നും എം.എസ്.എം.ഇ (മൈക്രോ സ്മാൾ മീഡിയം എന്റർപ്രൈസ്) യൂണിറ്റുകൾ നേടുന്ന ടേം ലോണിനും (യന്ത്രങ്ങൾ വാങ്ങുന്നതിന് നൽകുന്ന ലോൺ) കൂടാതെ പ്രവർത്തന മൂലധന വായ്പക്കും (സംരംഭത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായുള്ള ലോൺ) പദ്ധതിപ്രകാരം പലിശ ഇളവ് ലഭിക്കും.

അപേക്ഷകർക്കുള്ള യോഗ്യത
  1. ടേം ലോൺ/പ്രവർത്തന മൂലധന വായ്പ നേടിയ ഉത്പാദന, സേവന, വ്യാപാരമേഖലയിലെ പുതിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പദ്ധതിപ്രകാരം വായ്പ ലഭിക്കും.
  2. 2022 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ പ്രവർത്തനം/ഉത്പാദനം ആരംഭിച്ച എം.എസ്.എം.ഇ യൂണിറ്റുകൾക്ക് സഹായത്തിന് അർഹത.
  3. യൂണിറ്റിന് സാധുവായ ഉദ്യം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
  4. അപേക്ഷിക്കുന്ന തീയതിയിൽ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ടായിരിക്കണം.
  5. കേന്ദ്ര ഗവ/സംസ്ഥാന സർക്കാർ/ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഏതെങ്കിലും സ്കീമിന് കീഴിലുള്ള ഒരു ഗ്രാന്റ് സഹായവും യൂണിറ്റ് നേടിയിട്ടിട്ടുണ്ടാകാൻ പാടില്ല.
14 യൂണിറ്റുകൾക്ക് 1,22,553 രൂപ വായ്പ നൽകി

ഒരു കുടുംബം ഒരു സംരംഭം പദ്ധതി പ്രകാരം 2022-2023 സാമ്പത്തിക വർഷത്തിൽ 14 യൂണിറ്റുകൾക്കായി 1,22,553 രൂപയാണ് വായ്പ വിതരണം ചെയ്തത്. 2023-2024 സാമ്പത്തിക വർഷത്തിൽ ഇതുവരെ 99 യൂണിറ്റുകൾക്കായി 9.96 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.

കൂടുതൽ വിവരങ്ങൾക്ക്: 0491 2505408 (ജില്ലാ വ്യവസായ കേന്ദ്രം)


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.