Sections

എട്ടിൽ ഒരാൾക്ക് പ്രമേഹം: ലോക ഹൃദയ ദിനത്തിൽ ന്യൂബർഗ് ഡയഗ്നോസ്റ്റിക്സിൻറെ കണ്ടെത്തൽ

Tuesday, Sep 30, 2025
Reported By Admin
World Heart Day 2025: Newburg Study Warns Youth

കൊച്ചി: 2025-ലെ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ യുവജനങ്ങളിൽ വർധിച്ചുവരുന്ന ഹൃദയ-മെറ്റബോളിക് അപകടസാധ്യതയെ കുറിച്ച് പുതിയ കണ്ടെത്തലുകൾ ന്യൂബർഗ് ഡയഗ്നോസ്റ്റിക്സ് പുറത്തുവിട്ടു. ലോകമെമ്പാടുമുള്ള ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണങ്ങളിൽ ഏകദേശം അഞ്ചിലൊന്നും ഇന്ത്യയിലാണ്. ദേശീയ പഠനങ്ങൾ പ്രകാരം യുവജനങ്ങളിൽ ഏകദേശം 11 ശതമാനം പേർക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യതയുണ്ട്. ഇതിനുള്ള രണ്ട് പ്രധാന കാരണങ്ങൾ പ്രമേഹവും കൊളസ്ട്രോളിൻറെ അളവിലുള്ള മാറ്റവുമാണ്. ഇവ രണ്ടും യുവജനങ്ങളിൽ ഹൃദയ രോഗങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ന്യൂബർഗ് ലബോറട്ടറീസ് കൊച്ചി, ബംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ ഏഴ് നഗരങ്ങളിലായി 12.5 ലക്ഷത്തിലധികം ഗ്ലൈകെറ്റഡ് ഹീമോഗ്ലോബിൻ പരിശോധനയും (എച്ച്ബിഎ1സി) ലിപിഡ് പ്രൊഫൈൽ പരിശോധനകളും നടത്തി. ഈ ഡേറ്റ വാർഷിക ആരോഗ്യ പരിശോധനയ്ക്ക് ലാബിലെത്തിയ ഉപഭോക്താക്കളെ അടിസ്ഥാനമാക്കിയുള്ളതാണ്. 2.2 ലക്ഷം പേർ 25-നും 35-നും ഇടയിൽ പ്രായമുള്ളവരായിരുന്നു. 13 ശതമാനം പേർ ഇതിനകം പ്രമേഹരോഗികളാണ്. 25 ശതമാനം പേർ പ്രീ-ഡയബിറ്റീസ് പരിധിയിലും, 28 ശതമാനം പേർക്ക് മൊത്തം കൊളസ്ട്രോൾ അപകടകരമായ രീതിയിൽ ഉയർന്ന നിലയിലുമാണ്.

മേഖലാടിസ്ഥാനത്തിൽ നടത്തിയ വിശകലനത്തിൽ പ്രമേഹത്തിൻറെ നിരക്ക് രാജ്യത്തിൻറെ തെക്ക്, പടിഞ്ഞാറ് മേഖലയിൽ 14 ശതമാനവും വടക്കൻ മേഖലയിൽ 9 ശതമാനവുമാണെന്ന് കണ്ടെത്തി. ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സിലെ ബയോകെമിസ്ട്രി വിഭാഗം മേധാവിയായ ഡോ. പ്രജ്വൽ എ. എംഡി, ഡേറ്റാ സയൻസ് ടീമിനൊപ്പം ചേർന്നാണ് ഈ വിവരങ്ങൾ വിശകലനം ചെയ്തത്.

ഈ കണ്ടെത്തലുകൾ ഒരു മുന്നറിയിപ്പാണ്. പരിശോധന നടത്തിയ യുവാക്കളിൽ എട്ടിൽ ഒരാൾ ഇതിനകം പ്രമേഹരോഗിയും നാലിൽ ഒരാൾ പ്രീ-ഡയബിറ്റീസ് ഘട്ടത്തിലുമാണ്. രാജ്യത്ത് ജീവിതശൈലീ രോഗങ്ങൾ അതിവേഗം പടരുന്ന ഒരു മഹാമാരിയായി മാറുകയാണ്. നേരത്തെയുള്ള പരിശോധന, ഭക്ഷണക്രമത്തിലും ജീവിതശൈലിയിലുമുള്ള മാറ്റങ്ങൾ, കൃത്യ സമയത്തുള്ള ചികിത്സ എന്നിവ നമ്മുടെ യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അകാലത്തിലുള്ള ഹൃദ്രോഗങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനും നിർണായകമാണെന്ന് ന്യൂബെർഗ് ഡയഗ്നോസ്റ്റിക്സിലെ മെഡിക്കൽ ഡയറക്ടറായ ഡോ. സുജയ് പ്രസാദ് പറഞ്ഞു.

ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക എന്നതാണ് ലോക ഹൃദയ ദിനം 2025-ൻറെ പ്രമേയം. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ഹൃദയാരോഗ്യ നില മനസ്സിലാക്കേണ്ടതിൻറെ പ്രാധാന്യം എടുത്ത് കാണിക്കുന്നു. പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഹൈപ്പർടെൻഷൻ തുടങ്ങിയ അവസ്ഥകൾ നേരത്തെയുള്ള മുന്നറിയിപ്പുകളില്ലാതെ ഹൃദയത്തിനും രക്തക്കുഴലുകൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്യുന്നതിനാൽ പ്രതിരോധ ആരോഗ്യ പരിശോധനകൾ അത്യന്താപേക്ഷിതമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.