- Trending Now:
കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഐപിഎൽ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണിൻറെ കലാശക്കൊട്ടിനൊടുവിൽ ഏറ്റവും കൂടുതൽ പോയിൻറ് നേടി വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ ചാമ്പ്യൻമാരായി.
എന്നാൽ അവസാന മത്സരമായ കൊല്ലത്തെ പ്രസിഡൻറ്സ് ട്രോഫിയിൽ വീയപുരത്തെ വീഴ്ത്തി നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ (03:36:548 മിനിറ്റ്) ജേതാക്കളായി. പതിനൊന്നിൽ ഒമ്പത് കളിയും വിജയിച്ച് പോയിൻറ് നിലയിൽ ഒന്നാമതെത്തി വീയപുരം നേരത്തെ തന്നെ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചിരുന്നു.
അഷ്ടമുടിക്കായലിലെ നെട്ടായത്തിൽ നേരിയ വളവുള്ളതിനാൽ ഫൈനൽ മത്സരത്തിലെ ആദ്യത്തെ ലീഡ് നില നേരിട്ടുള്ള കാഴ്ചയിൽ ദൃശ്യമായിരുന്നില്ല. എന്നാൽ ടിവി സ്ക്രീനിലെ ദൃശ്യങ്ങളിൽ നിന്നാണ് മത്സരത്തിൻറെ കാഠിന്യം വ്യക്തമായത്. അവസാന ലാപ്പ് വരെ മേൽപ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), വീയപുരം, നിരണം എന്നീ മൂന്നു വള്ളങ്ങളും ഒപ്പത്തിനൊപ്പം. അവസാന ലാപ്പിൽ അടനയമ്പ് കുത്തിമറിച്ച് നിരണം ഇരച്ചെത്തിയപ്പോൾ വീയപുരത്തിനും മേൽപ്പാടത്തിനും തുഴ തെറ്റി. വീയപുരം (03:37:826 മിനിറ്റ്) രണ്ടും മേൽപ്പാടം (03:40:233 മിനിറ്റ്) മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.
കൈനകരി, താഴത്തങ്ങാടി, പിറവം, കോട്ടപ്പുറം, പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കല്ലട എന്നീ മത്സരങ്ങളിൽ ട്രിപ്പിൾ ഹാട്രിക് നേടിയാണ് വീയപുരം എന്ന ആരാധകരുടെ 'വീരു' അഞ്ചാംസീസൺ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചത്. കഴിഞ്ഞ നാല് സീസണിലും ചാമ്പ്യനായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബിനെ ഇക്കുറി ഒരിടത്തു പോലും മുന്നിൽ കയറാൻ വീയപുരം വിട്ടില്ലെന്നത് പോരാട്ട വീര്യം വെളിവാക്കുന്നു. ചാമ്പ്യൻഷിപ്പ് തുകയായ 25 ലക്ഷം രൂപയും സിബിഎൽ ട്രോഫിയും വീയപുരം ചുണ്ടന് വേണ്ടി വില്ലേജ് ബോട്ട് ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങി.
അടുത്ത സീസണിലേക്കുള്ള സൂചന നിലനിറുത്തിയാണ് നിരണം ചുണ്ടൻ പ്രസിഡൻറ്സ് ട്രോഫിയിൽ അഷ്ടമുടിക്കായലിലെ നെട്ടായത്തിലിറങ്ങിയത്. എറണാകുളം മറൈൻ ഡ്രൈവിൽ അജയ്യരായ വീയപുരത്തിനെ അട്ടിമറിച്ച് ചാമ്പ്യൻമാരായത് കേവലം ഭാഗ്യം കൊണ്ടല്ലെന്ന് നിരണം തെളിയിക്കുകയായിരുന്നു. ആദ്യത്തെ ആറ് മത്സരങ്ങളിൽ മൂന്ന്, നാല്, അഞ്ച് സ്ഥാനത്തായി പോയതിൻറെ ക്ഷീണം അവർക്ക് അവസാനമത്സരങ്ങളിൽ കാര്യമായി ബാധിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്ന് ഒരു ടീം ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ ജലരാജാക്കൻമാരെ വീഴ്ത്തുന്നത് വള്ളംകളിയ്ക്ക് ഇതരജില്ലകളിൽ ലഭിക്കുന്ന പൊതു സ്വീകാര്യത കാണിക്കുന്നു.
എം മുകേഷ് എം എൽ എ അധ്യക്ഷനായിരുന്ന ചടങ്ങിൽ ക്ഷീരവികസന-മൃസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പ്രസിഡൻറ്സ് ട്രോഫി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ കെ പ്രേമചന്ദ്രൻ എം പി, മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. എം.എൽ.എഎൻ. നൗഷാദ്, കൊല്ലം മേയർ എം കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ. ആർ. ലതാ ദേവി, കൊല്ലം ഡെപ്യൂട്ടി മേയർ ഡോ. ഉദയാ സുകുമാരൻ, ജില്ലാകളക്ടർ എൻ ദേവീദാസ്, കേരളാ ടൂറിസം അഡി. ഡയറക്ടർ (ജനറൽ) ശ്രീധന്യാ സുരേഷ് സിബിഎൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെ.കളക്ടർ രാകേഷ് കുമാർ, ടൂറിസം വകുപ്പ് ജോയിൻറ് ഡയറക്ടറും സിബിഎൽ നോഡൽ ഓഫീസറുമായ അഭിലാഷ് കുമാർ ടി ജി, സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. എ അൻസാർ കെഎഎസ്, ഡെപ്യൂട്ടി ഡയറക്ടർ ഷാനവാസ് ഖാൻ എ. ആർ, ഡി.ടി.പി.സി സെക്രട്ടറി ജ്യോതിഷ് കേശവൻ തുടങ്ങിയവർ സംബന്ധിച്ചു.
നടുഭാഗം ചുണ്ടൻ (പുന്നമട ബോട്ട് ക്ലൂബ്)നാല്, നടുവിലേപറമ്പൻ (ഇമ്മാനുവേൽ ബോട്ട് ക്ലബ്), അഞ്ച്, കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്-കെസിബിസി) ആറ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ഏഴ്, പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് കൊല്ലത്തെ സ്ഥാനങ്ങൾ.
പതിനൊന്ന് മത്സരങ്ങൾ പിന്നിട്ട് സിബിഎൽ കൊടിയിറങ്ങുമ്പോൾ വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന വീയപുരം ചുണ്ടൻ 108 പോയിൻറുമായി ഒന്നാം സ്ഥാനത്തും. 92 പോയിൻറുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേൽപ്പാടം ചുണ്ടനാണ് രണ്ടാം സ്ഥാനത്തും. 86 പോയിൻറുമായി നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടൻ മൂന്നാം സ്ഥാനത്തുമെത്തി.
നടുഭാഗം ചുണ്ടൻ (പുന്നമട ബോട്ട് ക്ലൂബ്)നാല്, നടുവിലേപറമ്പൻ (ഇമ്മാനുവേൽ ബോട്ട് ക്ലബ്), അഞ്ച്, കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്-കെസിബിസി) ആറ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) ഏഴ്, പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് സിബിഎല്ലിലെ പോയിൻറ് അടിസ്ഥാനമാക്കിയുള്ള അവസാന നില.
ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചു. ഇതിനു പുറമേ ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും നൽകിയിട്ടുണ്ട്. കൂടാതെ ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നൽകി.
കേരള ടൂറിസത്തിൻറെ ഏറ്റവും ജനപ്രിയതയുള്ള ഉത്പന്നമായി കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സിബിഎൽ വളർന്നു കഴിഞ്ഞുവെന്നതിൻറെ തെളിവായിരുന്നു പതിനൊന്ന് വേദികളിലായി നടന്ന മത്സരങ്ങളിൽ ഇരച്ചെത്തിയ ജനക്കൂട്ടം. ചെറുവള്ളങ്ങളെ ഉൾപ്പെടുത്തി സിബിഎൽ കാസർകോഡ്, കണ്ണൂർ ധർമ്മടം, കോഴിക്കോട് ഫറോക്ക് എന്നിവിടങ്ങളിൽ നടത്തി. ജലപങ്കാളിത്തത്തിൽ ആലപ്പുഴയുടെ ആവേശത്തോട് കിടപിടിക്കുന്ന ജനസഞ്ചയമായിരുന്നു മലബാറിലെ മത്സരങ്ങളിലും കണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.