Sections

ടെക്‌നോപാർക്ക് സിഇഒ സ്ഥാനമൊഴിഞ്ഞു

Saturday, Jan 10, 2026
Reported By Admin
Technopark CEO Colonel Sanjeev Nair Steps Down After 3 Years

  • സ്ഥാനമൊഴിയുന്നത് ഐടി മേഖലയുടെ വികസനത്തിനായി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചയാൾ

തിരുവനന്തപുരം: സംസ്ഥാനത്തിൻറെ ഐടി മേഖലയിലെ പൊൻതൂവലുകളിലൊന്നായ ടെക്നോപാർക്കിന് ചുക്കാൻ പിടിച്ചിരുന്ന സിഇഒ കേണൽ സഞ്ജീവ് നായർ(റിട്ട.) സ്ഥാനമൊഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഐടി പാർക്കുകളിൽ ഒന്നും 35 വർഷത്തിലേറെ പാരമ്പര്യമുള്ളതുമായ ടെക്നോപാർക്കിലെ മൂന്ന് വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷമാണ് സ്ഥാനമൊഴിയൽ.

ലോകത്തിലെ ഏറ്റവും ഹരിതാഭമാർന്ന ഐടി പാർക്കായ ടെക്നോപാർക്കിനെ ഘടനാപരമായി ശക്തിപ്പെടുത്തിയതിനൊപ്പം അടുത്ത ഘട്ട വളർച്ചയ്ക്കുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. ക്വാഡ്, കേരള സ്പേസ് പാർക്ക്, എമേർജിംഗ് ടെക് ഹബ്, കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ആരംഭിച്ച കേരള ഡിഫൻസ് ഇന്നൊവേഷൻ സോൺ (കെ-ഡിഐഇഎസ്), ഗ്ലോബൽ കാപ്പബിലിറ്റി സെൻററുകൾ (ജിസിസി) തുടങ്ങിയ പുത്തൻ സംരംഭങ്ങളിലെല്ലാം അദ്ദേഹത്തിൻറെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വർഷമായി ടെക്നോപാർക്കിൻറെ വിവിധ മേഖലകളിലെ വളർച്ച നിസ്തുല്യമാണ്. 80,000 പ്രൊഫഷണലുകളെ ഉൾക്കൊള്ളുന്ന 500 കമ്പനികളിലേക്ക് ടെക്നോപാർക്ക് വികസിച്ചു. സോഫ്റ്റ്വെയർ കയറ്റുമതി 14,575 കോടിയായി വർദ്ധിച്ചതും ശ്രദ്ധേയം. തുടർച്ചയായ നാലാം വർഷവും ക്രിസിൽ എ പ്ലസ് (സ്ഥിരത) റേറ്റിംഗ് നിലനിർത്താൻ ടെക്നോപാർക്കിന് സാധിച്ചത് മറ്റൊരു നേട്ടം.

ആക്സഞ്ചർ, എച്ച്സിഎൽ, ആർച്ച് ക്യാപിറ്റൽ ഗ്രൂപ്പ്, ഇക്വിഫാക്സ്, വിസ്റ്റിയോൺ, നിസ്സാൻ ഡിജിറ്റൽ, അലിയാൻസ്, സഫിൻ, കാരസ്റ്റാക്ക്, ഗൈഡ്ഹൗസ്, അർമാഡ, നെസ്റ്റ് ഡിജിറ്റൽ, എക്സ്പീരിയോൺ ടെക്നോളജീസ് എന്നിവയുൾപ്പെടെ നിരവധി ആഗോള സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുകയോ വിപുലീകരിക്കുകയോ ചെയ്തതിലൂടെ സ്ഥിരമായ വിപണി മുന്നേറ്റത്തിന് ടെക്നോപാർക്ക് സാക്ഷ്യം വഹിച്ചു.

അൽ മർസൂക്കി, ഹൈലൈറ്റ് ഗ്രൂപ്പ്, ഗ്രിറ്റ്സ്റ്റോൺ ടെക്നോളജീസ് എന്നിവയുമായി താല്കാലിക കരാറിൽ ഏർപ്പെട്ടതും ഊർജ്ജ കാര്യക്ഷമത, വാട്ടർ മാനേജ്മെൻറ്, സൗരോർജ്ജം, ഇവി ചാർജിംഗ്, കമ്മ്യൂണിറ്റി ഇടപെടൽ എന്നിവയിലുടനീളം നടപ്പിലാക്കിയ സ്മാർട്ട് സംരംഭങ്ങളും പ്രത്യേകം ചൂണ്ടിക്കാട്ടാനാകും. ആഗോള ജിസിസി ലക്ഷ്യസ്ഥാനമെന്ന നിലയിൽ തിരുവനന്തപുരത്തിൻറെ സാധ്യത തിരിച്ചറിയപ്പെടാനും അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ സഹായകമായി.

ഭരണത്തിലും നയപരമായ കാര്യങ്ങളിലും ഗുണകരമായ വിവിധ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കേണൽ സഞ്ജീവ് നായർക്ക് (റിട്ട.) കഴിഞ്ഞു. ടെക്നോപാർക്ക് ഫേസ്-4(ടെക്നോസിറ്റി) വിപുലീകരണത്തിനു സമഗ്ര മാസ്റ്റർപ്ലാൻ പുറത്തിറക്കുന്നതിലും അദ്ദേഹത്തിൻറെ ദീർഘവീക്ഷണമുണ്ട്. 390 ഏക്കർ വിസ്തൃതിയുള്ള ഫേസ്-4 നെ സംസ്ഥാനത്ത് വരാനിരിക്കുന്ന പ്രധാന ഐടി ഡെസ്റ്റിനേഷൻ എന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഐടി ഗ്ലോബൽ കാപ്പബിലിറ്റി സെൻററുകൾ, റിസർച്ച് ആൻറ് ഡവലപ്മെൻറ്, ഉയർന്നു വരുന്ന പുത്തൻ സാങ്കേതികവിദ്യകളേയും സ്പെഷ്യലൈസ്ഡ് മേഖലകളേയും ഉൾക്കൊള്ളാനാകുന്ന അടിസ്ഥാന സൗകര്യങ്ങളുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുക തുടങ്ങിയവ മാസ്റ്റർ പ്ലാനിൻറെ ഭാഗമാണ്.

ഇതിൻറെ ഭാഗമായി എംഎസ്എംഇ ടെക്നോളജി സെൻറർ, ഡിജിറ്റൽ സയൻസ് പാർക്ക്, എമർജിംഗ് ടെക് ഹബ് (കെഎസ്യുഎം), കേരള സ്പേസ് പാർക്ക്, സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി, ജിസിസി/ഐടി ക്ലസ്റ്റർ, പ്രത്യേക ടെക്നോളജി മേഖലകളായ എഐ, അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടറുകൾ, സൈബർ സുരക്ഷ, സ്പേസ് ആൻറ് ഡിഫൻസ് ടെക്നോളജി, യൂണിറ്റി മാൾ എന്നിവയ്ക്കായുള്ള തന്ത്രപ്രധാന മേഖലകൾ ടെക്നോസിറ്റിയിൽ തരംതിരിച്ചു കഴിഞ്ഞിട്ടുണ്ട്.

ടെക്നോപാർക്കിൻറെ എല്ലാ ഫേസുകളിലും അടിസ്ഥാന സൗകര്യവികസനങ്ങൾ നടത്തി. 50,000 സ്ക്വയർ ഫീറ്റിൽ പ്ലഗ്-ആൻഡ്-പ്ലേ സൗകര്യമുള്ള ചാലിയാർ ജിസിസി ആങ്കർ ഹബ്ബിൻറെ നിർമ്മാണം നടന്നു വരുന്നു. അതോടൊപ്പം കല്ലായി ഫേസ് വണ്ണിൽ ഐടി കെട്ടിടം പൂർത്തിയായി വരുന്നു. വേൾഡ് ട്രേഡ് സെൻറർ നിർമ്മാണത്തിനായി ബ്രിഗേഡ് ഗ്രൂപ്പുമായും ഫേസ് വണ്ണിൽ മറ്റൊരു ഐടി കെട്ടിടത്തിനായി കാസ്പിയൻ ടെക്പാർക്ക്സുമായും ധാരണാപത്രം ഒപ്പുവച്ചു.

നയാഗ്ര കെട്ടിടത്തിൻറെ കമ്മീഷനോടു കൂടി ഫേസ് 3 യിൽ എംബസി ടോറസ്-ഡൗണ്ടൗൺ ട്രിവാൻഡ്രം അടുത്ത ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ടെക്നോസിറ്റിയിൽ ടിസിഎസിൻറെ 5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി/ഐടി ഇതര കാമ്പസ് ഈ മാസം പൂർത്തിയാകും. ക്വാഡ് പ്രോജക്ടിലെ ആദ്യ കെട്ടിടത്തിൻറെയും യൂണിറ്റി മാളിൻറേയും നിർമ്മാണം ഉടൻ തുടങ്ങും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.