- Trending Now:
ലഖ്നൗ: ഹിന്ദുജ ഗ്രൂപ്പിൻറെ ഇന്ത്യൻ പതാകവാഹക കമ്പനിയും രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളുമായ അശോക് ലേയ്ലാൻഡ് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് മുൻഗണന നൽകുന്ന തങ്ങളുടെ ഏറ്റവും പുതിയ ഇൻറഗ്രേറ്റഡ് കൊമേഴ്സ്യൽ വെഹിക്കിൾ പ്ലാൻറ് ഉത്തർപ്രദേശിലെ ലഖ്നൗവിൽ തുറന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ. രാജ്നാഥ് സിങ്, കേന്ദ്ര വൻകിട വ്യവസായ-പൊതുമേഖലാ മന്ത്രി ശ്രീ. എച്ച്.ഡി. കുമാരസ്വാമി എന്നിവർ ചേർന്നാണ് പ്ലാൻറ് ഉദ്ഘാടനം ചെയ്തത്.
ഉത്തർപ്രദേശ് സർക്കാരിലെ ഉപമുഖ്യമന്ത്രിമാർ, മുതിർന്ന മന്ത്രിമാർ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വ്യവസായികളും വ്യാപാരികളും, മറ്റ് പങ്കാളികൾ എന്നിവർക്ക് പുറമെ ഹിന്ദുജ ഗ്രൂപ്പിലെയും അശോക് ലേയ്ലാൻഡിലെയും ഉന്നത ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ലഖ്നൗ വിമാനത്താവളത്തിന് സമീപമുള്ള സരോജിനി നഗർ ഇൻഡസ്ട്രിയൽ ഏരിയയിൽ 70 ഏക്കറിലായാണ് ഈ പുതിയ പ്ലാൻറ്. ലോകോത്തര നിലവാരത്തിലുള്ള ഗുണനിലവാരവും പ്രവർത്തന മികവും നൽകുന്ന അശോക് ലേയ്ലാൻഡിൻറെ ആഗോള തലത്തിൽ വെച്ച് ഏറ്റവും അത്യാധുനികവും സുസ്ഥിരവുമായ ഒന്നാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനായിരിക്കും ഈ പ്ലാൻറ് പ്രധാനമായും മുൻഗണന നൽകുന്നത്. പ്രതിവർഷം 5000 വാഹനങ്ങൾ വരെ നിർമ്മിക്കാൻ ശേഷിയുള്ള രീതിയിലാണ് പ്ലാൻറ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിടത്തെ ഭൂരിഭാഗം ജീവനക്കാരും ഉത്തർപ്രദേശിൽ നിന്നുള്ളവരാണ് കൂടാതെ ജീവനക്കാരിൽ ഗണ്യമായൊരു ശതമാനം സ്ത്രീകളാണ് എന്നതും ഈ പ്ലാൻറിൻറെ പ്രത്യേകതയാണ്.
ഈ പുതിയ പ്ലാൻറിൻറെ ഉദ്ഘാടനം വികസന പ്രവർത്തനങ്ങളിൽ സജീവമായ സംസ്ഥാനമായ ഉത്തർപ്രദേശിൽ നടന്നത് അശോക് ലെയ്ലൻഡിൻറെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായത്തിൻറെ തുടക്കമായാണ് കാണുന്നത്. വളർച്ചക്ക് പുതിയ വഴികൾ തുറക്കാനും അർത്ഥവത്തായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഈ മേഖലയിൽ ദീർഘകാല അഭിവൃദ്ധി ഉറപ്പാക്കുന്നതിനുമുള്ള കൂടുതൽ അവസരങ്ങൾ കണ്ടെത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ വാണിജ്യ വാഹന വ്യവസായത്തിൻറെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തിൻറെ അടയാളമാണ് ഈ നിർമ്മാണ യൂണിറ്റ്. സുസ്ഥിര ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിൽ വലിയൊരു സംഭാവന നൽകാൻ ഇതിന് സാധിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. ഈ പുതിയ പ്ലാൻറിലൂടെ തങ്ങൾ ഭാവിക്കായി തയ്യാറെടുക്കുകയും, പുറന്തള്ളുന്ന മലിനീകരണം ഇല്ലാതാക്കുകയും ചെയ്യുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുകയും ചെയ്യുന്നുവെന്ന് അശോക് ലേയ്ലാൻഡ് ചെയർമാൻ ധീരജ് ഹിന്ദുജ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയതും പുരോഗമനപരവുമായ സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശ് പരിസ്ഥിതി സംരക്ഷണത്തോടും സുസ്ഥിര വികസനത്തോടും ശക്തവും സുസ്ഥിരവുമായ പ്രതിബദ്ധത കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഗ്രീൻ മൊബിലിറ്റി യാത്രയിൽ ഉത്തർപ്രദേശ് സ്വാഭാവിക പങ്കാളികളായി മാറിയത്. 2048ഓടെ പുറന്തള്ളുന്ന മലിനീകരണം ഇല്ലാതാക്കാനുള്ള ലക്ഷ്യം കൈവരിക്കാനുള്ള അശോക് ലേയ്ലാൻഡിൻറെ ദൃഢലക്ഷ്യവുമായി ചരുമ്പോൾ ഉത്തർപ്രദേശിൽ ഈ അത്യാധുനിക പ്ലാൻറ് സ്ഥാപിക്കുന്നതിൽ ഇത് പ്രധാന പ്രേരകശക്തിയായി. അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന തോതിലുള്ള ഓട്ടോമേഷൻ സംവിധാനത്തോടും കൂടിയ ഈ പ്ലാൻറ് ലോകോത്തര ഗുണനിലവാരത്തോടും ഇന്നൊവേഷനിലും തങ്ങളുടെ ശ്രദ്ധ എത്ര ശക്തമാണെന്ന് തെളിയിക്കുന്നു. ഇലക്ട്രിക് ബസ്സുകൾക്ക് വലിയ മുൻഗണന നൽകുന്ന ഈ പ്ലാൻറ് ഇന്ത്യയ്ക്കായി കൂടുതൽ ശുചിത്വമുള്ളതും ഭാവിക്കായി സജ്ജമായതുമായ ഒരു ഗതാഗത സംവിധാനം കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണെന്ന് അശോക് ലേയ്ലാൻഡ് എംഡിയും സിഇഒയുമായ ഷേനു അഗർവാൾ പറഞ്ഞു.
അശോക് ലേയ്ലാൻഡിൻറെ ലഖ്നൗവിലെ പുതിയ പ്ലാൻറ് പ്രാദേശിക തൊഴിലാളികളുടെ നൈപുണ്യ വികസനത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും നിർണായക പങ്ക് വഹിക്കാൻ പോവുകയാണ്. ഹരിത സൗകര്യമായി രൂപകൽപ്പന ചെയ്ത ഈ പുതിയ പ്ലാൻറിൽ റൂഫ്ടോപ്പ് സോളാർ പാനലുകൾ, ഊർജ്ജക്ഷമതയുള്ള എൽഇഡി ലൈറ്റുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇൻ-പ്ലാൻറ് ലൊജിസ്റ്റിക്സ്, പോസിറ്റീവ് വാട്ടർ ബാലൻസ് സംരംഭങ്ങൾ,, സീറോ-ഡിസ്ചാർജ് സംവിധാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ സുസ്ഥിര നിർമ്മാണത്തിനോടുള്ള കമ്പനിയുടെ പ്രതിബദ്ധത കൂടുതൽ ഉറപ്പിക്കുന്നു.
ഇലക്ട്രിക് വാഹന ഉപയോഗത്തിൽ ഉത്തർപ്രദേശ് മുൻപന്തിയിലേക്ക് ഉയർന്ന് വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിൻറെ ഗ്രീൻ മൊബിലിറ്റി കാഴ്ചപ്പാടിനോടുള്ള അശോക് ലേയ്ലാൻഡിൻറെ ദീർഘകാല പ്രതിബദ്ധതയാണ് ഈ പുതിയ പ്ലാൻറ്. സുസ്ഥിര ഗതാഗത രംഗത്തുള്ള കമ്പനിയുടെ നേതൃത്വസ്ഥാനത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുകയും, സംസ്ഥാനത്തിൻറെയും രാജ്യത്തിൻറെയും കൂടുതൽ ശുചിത്വമുള്ളതും കാര്യക്ഷമവുമായ ഭാവിക്കായി സജ്ജമായ ഗതാഗത പരിസ്ഥിതി നിർമ്മിക്കുന്നതിൽ നിർണായക പങ്കാളിയായി അശോക് ലേയ്ലാൻഡിനെ ഇത് മാറ്റുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.