Sections

എസ്ഡിഎഫ് സി ഉച്ചകോടി- അഭിമാനനേട്ടവുമായി മിൽമ

Sunday, Jan 11, 2026
Reported By Admin
Milma Chairman K S Mani Wins Best Dairy Professional Award

  • ഇന്ത്യൻ ഡയറി അസോസിയേഷന്റെ മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്ക്കാരം മിൽമ ചെയർമാൻ കെ എസ് മണിക്ക്

കോഴിക്കോട്: ഇന്ത്യൻ ഡയറി അസോസിയേഷന്റെ മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്ക്കാരം മിൽമ ഫെഡറേഷൻ (കേരള കോ-ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ) ചെയർമാൻ കെ എസ് മണിക്ക് ലഭിച്ചു. രാജ്യത്തെ ക്ഷീരവികസന മേഖലയിലും വ്യവസായത്തിലും നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് പുരസ്ക്കാരം.

കോഴിക്കോട് നടക്കുന്ന സതേൺ ഡയറി ആൻഡ് ഫുഡ് ഉച്ചകോടിയിൽ വച്ച് സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തിൽ ആന്ധ്രാപ്രദേശ് ആന്ധ്രാപ്രദേശ് കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കിഞ്ചരാപ്പു അച്ചനായിഡു കെ എസ് മണിക്ക് പുരസ്കാരം സമർപ്പിച്ചു.

തനിക്ക് ലഭിച്ച പുരസ്ക്കാരം കേരളത്തിലെ പത്തര ലക്ഷത്തോളം വരുന്ന ക്ഷീരകർഷക സഹപ്രവർത്തകർക്കായി സമർപ്പിക്കുന്നുവെന്ന് പുരസ്ക്കാരം സ്വീകരിച്ചു കൊണ്ട് കെ എസ് മണി പറഞ്ഞു. 37 വർഷമായി ക്ഷീരമേഖലയിൽ പ്രവർത്തിക്കുകയാണ്. ഇതിനിടെ സംസ്ഥാനത്തെ ക്ഷീരകർഷകരുടെ വരുമാനം കൂട്ടാനും അതോടൊപ്പം തന്നെ മിൽമയെ വാണിജ്യ പുരോഗതിയിലെത്തിക്കാനും കഠിനമായ പരിശ്രമം നടത്തിയിട്ടുണ്ട്. ഇന്ന് ഒരു ലിറ്റർ പാലിന് കർഷകന് ഏറ്റവുമധികം വില രാജ്യത്ത് ലഭിക്കുന്നത് കേരളത്തിലാണെന്നത് അഭിമാനം പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷീരകർഷക ക്ഷേമപദ്ധതികൾക്കൊപ്പം മിൽമയുടെ വളർച്ചയ്ക്കുള്ള പദ്ധതികളും നടപ്പാക്കി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മിൽമയുടെ പാൽപ്പൊടി ഫാക്ടറി ആരംഭിച്ചു. മൂല്യവർധിത ഉത്പന്നങ്ങളുടെ നീണ്ട നിര തന്നെ വിപണിയിലെത്തി. വിശേഷ അവസരങ്ങളിലെല്ലാം മിൽമ ഉത്പന്നങ്ങൾക്ക് സർവകാല വിറ്റുവരവാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ ക്ഷീരവികസന ബോർഡുമായി ചേർന്ന് ആധുനിക സാങ്കേതികവിദ്യ ഉത്പാദനത്തിലും വിതരണത്തിലും നടപ്പിൽ വരുത്താനുള്ള ശ്രമങ്ങളും ഫലം കണ്ടു. ഉത്പാദന യൂണിറ്റുകളുടെ നവീകരണം, വൈവിധ്യമാർന്ന മൂല്യവർധിത ഉത്പന്നങ്ങൾക്കായുള്ള ഗവേഷണം തുടങ്ങിയവയും മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിഭാഗത്തിൽ ഹെറിറ്റേജ് ഫുഡ്സ് ലിമിറ്റഡ് വൈസ് ചെയർപേഴ്സൺ നാര ഭുവനേശ്വരി, കരീംനഗർ മിൽക്ക് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ചെയർമാൻ ചാലിമേട രാജേശ്വർ റാവു, ജി.ആർ.ബി. ഡയറി ഫുഡ്സ് എം.ഡി. ജി.ആർ. ബാലസുബ്രഹ്മണ്യം, അമൃത ഡയറി എം.ഡി. ആർ. മോഹനസുന്ദരം, കെ.വി.എ.എസ്.യു. മുൻ ഡീൻ ഡോ. പി.ഐ. ഗീവർഗീസ് എന്നിവർക്ക് ജെ ചിഞ്ചുറാണി, തമിഴ്നാട് ക്ഷീരവികസന വകുപ്പ് മന്ത്രി ടി. മനോ തങ്കരാജ്, പുതുച്ചേരി കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി സി. ജയകുമാർ, തുടങ്ങിയവർവിവിധ മന്ത്രിമാർ പുരസ്ക്കാരം സമ്മാനിച്ചു.

മികച്ച വനിതാ ക്ഷീരകർഷകർക്കുള്ള പുരസ്കാരം കേരളത്തിൽ നിന്നുള്ള വനിതാ ക്ഷീര കർഷക ബിന്ദു വി.പി, തെലങ്കാനയിൽ നിന്നുള്ള വനിതാ ക്ഷീര കർഷക അഗന്ദി രാധ, കർണാടകയിൽ നിന്നുള്ള വനിതാ ക്ഷീര കർഷക ശിവാനി രാജശേഖർ മട്ടിഹള്ളി, തമിഴ്നാട്ടിൽ നിന്നുള്ള വനിതാ ക്ഷീര കർഷക പദ്മിനി എസ്, ആന്ധ്രാപ്രദേശിൽ നിന്നുള്ള വനിതാ ക്ഷീര കർഷക നാഗജ്യോതി ചന്ദ്രശേഖർ എന്നിവർക്ക് സമ്മാനിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.