Sections

ടെക്നോപാർക്കിൽ ക്രിക്കറ്റ് ടൂർണമെൻറ് : ഇന്ന് (ഏപ്രിൽ 29) തുടക്കമാകും

Wednesday, Apr 29, 2026
Reported By Admin
Technopark Premier League 2026 Kicks Off April 29

തിരുവനന്തപുരം: രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെൻറായ ടെക്നോപാർക്ക് പ്രീമിയർ ലീഗ് (ടിപിഎൽ), ടെക്നോപാർക്ക് വനിതാ ക്രിക്കറ്റ് ലീഗ് (ടിഡബ്ല്യൂസിഎൽ) എന്നിവയ്ക്ക് ഇന്ന് (ഏപ്രിൽ 29) ടെക്നോപാർക്കിൽ തുടക്കമാകും.

ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ വിനോദ കൂട്ടായ്മായ പ്രതിധ്വനിയാണ് ഫേവറിറ്റ് ഹോംസുമായി സഹകരിച്ച് ടിപിഎൽ 2026, ടിഡബ്ല്യുസിഎൽ 2026 എന്നിവ സംഘടിപ്പിക്കുന്നത്.

നാല് മാസം നീണ്ടുനിൽക്കുന്ന 8 ഓവർ-എ-സൈഡ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻറിൽ പുരുഷ വിഭാഗത്തിൽ (ടിപിഎൽ) 174 ടീമുകളും വനിതാ വിഭാഗത്തിൽ (ടിഡബ്ല്യുസിഎൽ) 24 ടീമുകളും മത്സരിക്കും.

ടെക്നോപാർക് ഗ്രൗണ്ടിൽ വൈകുന്നേരം 6 ന് ആരംഭിക്കുന്ന ടൂർണമെൻറുകൾ കേരള ക്രിക്കറ്റ് താരം എൻ.പി.ബേസിൽ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ വർഷത്തെ ടെക്നോപാർക്ക് പ്രീമിയർ ലീഗ് പുരുഷ വിഭാഗത്തിൽ ക്യുബർസ്റ്റും വനിതാ ടൂർണമെൻറിൽ ഇൻഫോസിസും ജേതാക്കളായി.

29-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ പുരുഷവിഭാഗത്തിൽ ക്യുബർസ്റ്റും, വനിതാ വിഭാഗത്തിൽ ഇൻഫോസിസും പ്രതിധ്വനി ടീമുകളെ നേരിടും. പ്രദർശന മത്സരങ്ങളിൽ ഇൻഫ്ളുവൻസേഴ്സ് ടീം പ്രതിധ്വനി ടീമിനെയും (പുരുഷ വിഭാഗം) ഫേവറിറ്റ് ഹോംസ് ടീം പ്രതിധ്വനി ടീമിനെയും (വനിതാ വിഭാഗം) നേരിടും.

ഇന്ത്യയിലെ ആദ്യ ഐടി പാർക്കായ ടെക്നോപാർക്കിൽ 2001-ൽ ആരംഭിച്ച ടിപിഎല്ലിൽ ഐടി കമ്പനികളിലെ ടീമുകളുടെ മികച്ച പങ്കാളിത്തമുണ്ട്. ഇതിലൂടെ രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെൻറായി ടിപിഎൽ മാറി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.