Sections

ടെക്നോപാർക്ക് പ്രീമിയർ ലീഗ് 2026 കിരീടം എച്ച് ആൻഡ് ആർ ബ്ലോക്കിന്; ഇൻഫോസിസ് വനിതാ ചാമ്പ്യന്മാർ

Saturday, Jul 18, 2026
Reported By Admin
Technopark Premier League 2026 Title Goes to H&R Block

തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ഏറ്റവും വലിയ കായിക മേളയായ 'ഫേവറിറ്റ് ഹോംസ് ടെക്നോപാർക്ക് പ്രീമിയർ ലീഗ് (ടിപിഎൽ) 2026' കിരീടം എച്ച് ആൻഡ് ആർ ബ്ലോക്കിന്. ടെക്നോപാർക്ക് വനിതാ ക്രിക്കറ്റ് ലീഗ് (ടിഡബ്ല്യുസിഎൽ) 2026 കിരീടം ഇൻഫോസിസ് സ്വന്തമാക്കി.

പുരുഷ ഫൈനലിൽ എച്ച് ആൻഡ് ആർ ബ്ലോക്ക് യുഎസ്ടിയെ പരാജയപ്പെടുത്തിയാണ് ടിപിഎൽ 2026 ചാമ്പ്യൻഷിപ്പ് നേടിയത്. വനിതാ ക്രിക്കറ്റ് ലീഗ് ഫൈനലിൽ ഇൻഫോസിസ് യുഎസ്ടിയെ പരാജയപ്പെടുത്തി.

ടെക്നോപാർക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനലിനു ശേഷം നടന്ന ചടങ്ങിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ ആറ് മാസം നീണ്ട ക്രിക്കറ്റ് ടൂർണമെൻറ് ടൂർണമെൻറിൻറെ സമാപന സമ്മേളനം ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ മുഖ്യാതിഥിയായി. വിജയികൾക്കും മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുമുള്ള പുരസ്കാരങ്ങൾ ഇരുവരും ചേർന്ന് സമ്മാനിച്ചു.

ടൈറ്റിൽ സ്പോൺസറായ ഫേവറിറ്റ് ഹോംസിൽ നിന്നുള്ള ഫാർവിൻ മുഹമ്മദ് (എജിഎം), മേരി ലീന (സീനിയർ മാനേജർ), രാജീവ് കുമാർ (സീനിയർ മാനേജർ) എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ടിപിഎൽ കൺവീനർ വിപിൻരാജ് അനിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടിപിഎൽ ജനറൽ കൺവീനർ സജിത് ദേവ് സ്വാഗതം പറഞ്ഞു.

ടെക്നോപാർക്ക് അഡ്മിനിസ്ട്രേഷൻ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് അഭിലാഷ് ഡി.എസ്, പ്രതിധ്വനി സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണൻ, പ്രസിഡൻറ് വിഷ്ണു രാജേന്ദ്രൻ, സെക്രട്ടറി വിനീത് ചന്ദ്രൻ, സ്പോർട്സ് ഫോറം കൺവീനർ രജിത് വി.പി, സീറ്റിയസ് സിഇഒ കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.

വ്യക്തിഗത അവാർഡ് ജേതാക്കൾ - ടിപിഎൽ 2026

മോസ്റ്റ് വാല്യുബിൾ പ്ലേയർ: റാംരാജ് (ഫ്യൂച്ചർ ബ്ലോക്ക്സ്), മികച്ച ബാറ്റർ: സജിൻ വസന്ത (യുഎസ്ടി); മികച്ച ബൗളർ: അജിത് കണ്ണൻ (എച്ച് ആൻഡ് ആർ ബ്ലോക്ക്), പ്ലേയർ ഓഫ് ദി ഫൈനൽ: ആനന്ദു രാജ് (എച്ച് ആൻഡ് ആർ ബ്ലോക്ക്);

വ്യക്തിഗത അവാർഡ് ജേതാക്കൾ - ടിഡബ്ല്യുസിഎൽ 2026

മോസ്റ്റ് വാല്യുബിൾ പ്ലേയർ: ജിഷ ഗോമസ് (ടിസിഎസ്), മികച്ച ബാറ്റർ: ജിഷ ഗോമസ് (ടിസിഎസ്), മികച്ച ബൗളർ: അനുശ്രീ സി.എ. (ഇൻഫോസിസ്), പ്ലേയർ ഓഫ് ദി ഫൈനൽ: അനുശ്രീ സി.എ. (ഇൻഫോസിസ്)

2026 ലെ ടൂർണമെൻറിൽ 174 പുരുഷ ടീമുകളും 24 വനിതാ ടീമുകളുമാണ് പങ്കെടുത്തത്. 300 ലധികം മത്സരങ്ങളാണ് നടന്നത്.

ടെക്നോപാർക്കിലെ ആയിരക്കണക്കിന് ഐടി പ്രൊഫഷണലുകളെ ഒന്നിപ്പിക്കാനും അവരുടെ കായികക്ഷമതയും സൗഹൃദവും ഒത്തൊരുമയും ശക്തിപ്പെടുത്താനും ടൂർണമെൻറിലൂടെ സാധിച്ചു.

ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കായ ടെക്നോപാർക്കിലെ ഐടി കമ്പനികളിൽ നിന്നുള്ള ടീമുകളുടെ വൻ പങ്കാളിത്തമുള്ള ടിപിഎൽ 2001 ലെ ആദ്യ പതിപ്പ് മുതൽ രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ കായിക മേളകളിലൊന്നാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.