Sections

പെണ്‍കുട്ടികള്‍ക്കായി സ്റ്റാര്‍ട്ടപ്പ് എന്‍വയോണ്‍മെന്റുകള്‍ സൃഷ്ടിക്കും; മന്ത്രി

Monday, Nov 07, 2022
Reported By admin
minister

നവവൈജ്ഞാനിക സമൂഹമാക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ തയ്യാറാകണം

 

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി എല്ലാ പോളിടെക്നിക് കോളേജിലും സ്റ്റാര്‍ട്ടപ്പ് എന്‍വയോണ്‍മെന്റുകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

തൃശ്ശൂര്‍ നെടുപുഴ വനിത പോളിടെക്നിക്കില്‍ പുതുതായി പണികഴിപ്പിച്ച യൂട്ടിലിലിറ്റി സെന്ററിന്റെയും നവീകരിച്ച ലേഡീസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനവും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റേയും കോളേജ് ചുറ്റുമതിലിന്റേയും നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പോളിടെക്നിക് പോലെ പുരുഷ മേല്‍ക്കൈയുള്ള മേഖലകളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിക്കുന്നത് പെണ്‍കുട്ടികളാണെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളുടെ പങ്കാളിത്തം അനിവാര്യമാണ്.  നവവൈജ്ഞാനിക സമൂഹമാക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ തയ്യാറാകണം. വലിയ വികസന നേട്ടങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളിലായി ഉന്നതവിദ്യാഭ്യാസ മേഖല കൈവരിച്ചതെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

2.28 കോടി രൂപ മുതല്‍മുടക്കില്‍ പുതുതായി നിര്‍മ്മിച്ച 8025 ചതുരശ്ര അടിയുള്ള യൂട്ടിലിറ്റി സെന്ററില്‍ മൂന്നു നിലകളിലായി രണ്ട് ക്ലാസ് റൂമും ആറ് ലാബും സജ്ജീകരിച്ചിട്ടുണ്ട്.  70 ലക്ഷം രൂപ മുടക്കില്‍ ഇരുനിലകളുള്ള നവീകരിച്ച ഹോസ്റ്റല്‍ കെട്ടിടമാണ് പണി പൂര്‍ത്തിയായി വിദ്യാര്‍ഥിനികള്‍ക്കായി സമര്‍പ്പിച്ചത്. 30.32 ലക്ഷം രൂപ എസ്റ്റിമേറ്റ് തുകയിലാണ് ഷട്ടില്‍ കോര്‍ട്ട് അടങ്ങിയ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.