- Trending Now:
തിരുവനന്തപുരം: മലേറിയയ്ക്കെതിരെ ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ ആർട്ടെമിസിനിനെ മലേറിയ പാരസൈറ്റുകൾ അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട മെക്കാനിസത്തെക്കുറിച്ചുള്ള കണ്ടെത്തലുമായി രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ(ബ്രിക്-ആർജിസിബി) ശാസ്ത്രജ്ഞർ. ഭാവിയിലെ മലേറിയ ചികിത്സകൾക്ക് പ്രയോജനപ്രദമാകുന്ന സുപ്രധാന കണ്ടെത്തലാണിത്.
ആർജിസിബി യിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. രാജേഷ് ചന്ദ്രമോഹനദാസിൻറെ നേതൃത്തിൽ നടന്ന പഠനറിപ്പോർട്ട് ദ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിൽ എഡിറ്റേഴ്സ് ചോയ്സ് ലേഖനമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. റെറ്റിക്യുലോസൈറ്റുകൾ എന്നറിയപ്പെടുന്ന പുതുതായി രൂപംകൊള്ളുന്ന ചുവന്ന രക്താണുക്കൾ സൃഷ്ടിക്കുന്ന സംരക്ഷിത ബയോകെമിക്കൽ അന്തരീക്ഷം കാരണം മലേറിയ പാരസൈറ്റുകൾക്ക് ഈ മരുന്നിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ.
മലേറിയ പാരസൈറ്റിനുള്ളിലെ ജനിതക മാറ്റങ്ങൾ മാത്രമാണ് ആർട്ടെമിസിനിൻ പ്രതിരോധത്തിന് കാരണമെന്ന നിലവിലുള്ള കാഴ്ചപ്പാടിനെ പഠനം വെല്ലുവിളിക്കുന്നു. ഏതുതരം കോശങ്ങളിലാണ് മലേറിയ പാരസൈറ്റ് ബാധിച്ചത് എന്നതിനെ ആശ്രയിച്ചാണ് ആർട്ടെമിസിനിന് പ്രവർത്തിക്കാൻ കഴിയുന്നതെന്ന് പഠനം തെളിയിക്കുന്നു. രോഗകാരിയുടെ ജനിതക ഘടനയ്ക്ക് പുറമെ അത് ബാധിക്കുന്ന ആതിഥേയ കോശങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളേയും ആശ്രയിച്ചിരിക്കും രോഗമുക്തി എന്ന് ചുരുക്കം.
ചികിത്സ നൽകിയിട്ടും ചിലരിൽ മലേറിയ അണുബാധ ഭേദമാക്കാൻ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഈ കണ്ടെത്തലുകൾ സഹായകമാകുമെന്ന് ബ്രിക്-ആർജിസിബി ഡയറക്ടർ ഡോ. ബീന പിള്ള പറഞ്ഞു.
തിരുവനന്തപുരം ഐസർ, തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രി, പൂനെയിലെ സിഎസ്ഐആർ നാഷണൽ കെമിക്കൽ ലബോറട്ടറി (എൻസിഎൽ) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് ബ്രിക്-ആർജിസിബി യിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയത്.
ഏതുതരം കോശങ്ങളെയാണ് ബാധിച്ചത് എന്നതിനെ ആശ്രയിച്ചാണ് മലേറിയ പാരസൈറ്റുകളുടെ ചികിത്സയോടുള്ള പ്രതികരണമെന്ന് പഠനം വെളിപ്പെടുത്തുന്നതായി ഗവേഷണത്തിന് നേതൃത്വം നല്കിയ ആർജിസിബി യിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. രാജേഷ് ചന്ദ്രമോഹനദാസ് പറഞ്ഞു.
കുട്ടികൾക്കും അനീമിയ ബാധിച്ചവർക്കും ശരീരത്തിലെ രക്തത്തിൻറെ അളവ് കുറവായവർക്കും വിവിധ അണുബാധകളിൽ നിന്ന് രോഗമുക്തി നേടിയവർക്കും ഈ പഠനം പ്രയോജനകരമാകും. ഇവരുടെയെല്ലാം രക്തത്തിൽ ഉയർന്ന അളവിൽ റെറ്റിക്യുലോസൈറ്റുകൾ കാണാറുണ്ട്.. ചികിത്സയ്ക്കിടെ മലേറിയ പാരസൈറ്റുകളുടെ അതിജീവനത്തിന് ഇത്തരം സാഹചര്യങ്ങൾ കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചേക്കാം.
മലേറിയയ്ക്ക് കാരണമാകുന്ന പാരസൈറ്റുകൾ ചുവന്ന രക്താണുകൾക്കുള്ളിൽ ജീവിക്കുകയും പെരുകുകയും ചെയ്യുന്നവയാണ്. മനുഷ്യരിലെ റെറ്റിക്യുലോസൈറ്റുകളുടെ വിശകലനത്തിലൂടെ ഇവയിൽ ഘടകങ്ങൾ, ആൻറിഓക്സിഡൻറുകൾ, സംരക്ഷണ എൻസൈമുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ആർജിസിബി ഗവേഷകസംഘം കണ്ടെത്തി.
മലേറിയ പാരസൈറ്റുകൾ റെറ്റിക്യുലോസൈറ്റുകളെ ബാധിക്കുമ്പോൾ അവയ്ക്ക് ഈ സംരക്ഷണ അന്തരീക്ഷത്തിലേക്ക് പ്രവേശനം ലഭിക്കുന്നു. ആർട്ടിമിസിനിൻ ചികിത്സ കാരണമുണ്ടാകുന്ന വെല്ലുവിളികൾ വേഗത്തിൽ പരിഹരിക്കാൻ ഇതിലൂടെ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.