Sections

എബോള വ്യാപനം തടയുന്നതിൽ ബ്രിക്-ആർജിസിബിയുടെ പങ്ക് നിർണായകമെന്ന് ആരോഗ്യമന്ത്രി

Wednesday, Jun 24, 2026
Reported By Admin
RGCB's Advanced Labs Played Key Role in Ebola Control: Minister

  • ബ്രിക്-ആർജിസിബി സന്ദർശിച്ച് കെ.മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് എബോള വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിൽ ബയോടെക്നോളജി റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെൻറർ-രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ബ്രിക്-ആർജിസിബി) യിലെ ഗവേഷണ സൗകര്യങ്ങൾ നിർണായക പങ്കുവഹിച്ചതായി ആരോഗ്യ, ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

ബ്രിക്-ആർജിസിബിയുടെ ആക്കുളം ക്യാമ്പസ് സന്ദർശിച്ച മന്ത്രി സംസ്ഥാനത്തിൻറെ ആരോഗ്യ മേഖലയിൽ സ്ഥാപനത്തിന് സുപ്രധാന പങ്കുള്ളതായി വ്യക്തമാക്കി. 'ആരോഗ്യകരമായ കേരളം' എന്ന സർക്കാരിൻറെ ലക്ഷ്യം കൈവരിക്കാൻ ബ്രിക്-ആർജിസിബിയിലെ അത്യാധുനിക സൗകര്യങ്ങൾ ഏറെ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നിന്നുള്ള സാമ്പിളുകൾ എത്തിച്ച ശേഷം 12 മണിക്കൂറിനുള്ളിൽ തന്നെ ഇവിടെ എബോള പരിശോധന നടത്താൻ സാധിച്ചു. പൂനെയിലെ ലാബിൽ നിന്നുള്ള അന്തിമ ഫലം വരുന്നതിന് നാല് മണിക്കൂർ മുമ്പ് തന്നെ സാമ്പിൾ നെഗറ്റീവാണെന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി.

സ്ഥാപനത്തിലെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും അഭിനന്ദിച്ച മന്ത്രി, സംസ്ഥാനത്ത് ഇതുവരെ രണ്ടാമതൊരു എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പറഞ്ഞു. ബിഎസ്എൽ ത്രീ, നാഷണൽ ഫെസിലിറ്റി ഫോർ റീകോമ്പിനൻറ് സെൽസ് ആൻഡ് സെൻസേഴ്സ്, മലേറിയ റിസർച്ച് ലബോറട്ടറി എന്നിവ ഉൾപ്പെടെയുള്ള ക്യാമ്പസിലെ വിവിധ ഗവേഷണ-പരിശോധനാ സൗകര്യങ്ങൾ മന്ത്രി നോക്കിക്കണ്ടു.

ചടങ്ങിൽ ബ്രിക്-ആർജിസിബിയുടെ നേട്ടങ്ങളെയും വളർച്ചയെയും സംബന്ധിച്ച് ഡയറക്ടർ ഡോ. ബീന പിള്ള വിശദമായ അവതരണം നടത്തി. ഹൃദ്രോഗം, എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിൻ, മലേറിയ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ വിശദീകരിച്ച അവർ ഭാവിയിൽ ബ്രിക്-ആർജിസിബി മാനസികാരോഗ്യ രംഗത്തും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വ്യക്തമാക്കി.

എഐ അധിഷ്ഠിത ആർഎൻഎ, പ്രോട്ടീൻ പേറ്റൻറബിൾ ബയോ മാനുഫാക്ചറിംഗ് ഉത്പ്പന്നങ്ങൾ എന്നിവ അടിസ്ഥാനമാക്കി നടക്കുന്ന വികസനങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.

കാൻസർ ഗവേഷണത്തിൻറെ ഭാഗമായി, കൊച്ചിൻ കാൻസർ റിസർച്ച് സെൻറർ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുമായി ബ്രിക്-ആർജിസിബി സഹകരിച്ച് പ്രവർത്തിക്കുന്നതായും ഡോ. ബീന പിള്ള വ്യക്തമാക്കി.

ബ്രിക്-ആർജിസിബിയിലെ പകർച്ചവ്യാധി പരിശോധന സംവിധാനങ്ങളെ സംബന്ധിച്ച് ഗ്രേഡ് വൺ വൈറോളജി എൽഎംഎംഡി മേധാവി ഡോ. ആർ രാധാകൃഷ്ണൻ വിശദീകരിച്ചു. ശാസ്ത്രജ്ഞർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.