Sections

ലോക കാൻസർ ദിനം: കൊച്ചിയിൽ ഓറഞ്ച് റണ്ണേഴ്‌സ് ക്ലബ്ബിന്റെ മെഗാ രക്തദാന ക്യാമ്പ്; നൂറിലധികം പേർ പങ്കെടുത്തു

Thursday, Feb 05, 2026
Reported By Admin
Mega Blood Donation Camp Held in Kochi on World Cancer Day

കൊച്ചി: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബ്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 'മൈൽസ് ഫോർ ഹെൽത്ത്, ഡ്രോപ്പ്സ് ഫോർ ലൈഫ്' എന്ന സന്ദേശമുയർത്തി സുഭാഷ് പാർക്കിലെ 'ആരാമം' ഹാളിലായിരുന്നു ക്യാമ്പ് നടന്നത്.

കൊച്ചി മേയർ അഡ്വ. മിനിമോൾ വി. കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബ് പ്രസിഡന്റ് കൃഷ്ണപ്രസാദ് ആർ. സ്വാഗതം ആശംസിച്ചു. സെക്രട്ടറി സന്തോഷ് കുമാർ ആശംസകൾ നേർന്നു.ജീവിതം രക്ഷിക്കുന്നതിനായുള്ള രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് മേയർ സംസാരിച്ചു. മേയറുടെ ഭർത്താവ് ജോയ് ജെ, ഓറഞ്ച് റണ്ണേഴ്സ് ക്ലബ് മെംബേർസ്, വിദേശ പൗരന്മാർ എന്നിവരുൾപ്പെടെ നൂറിലധികം സന്നദ്ധപ്രവർത്തകർ രക്തം നൽകി.

പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ റെനൈ മെഡിസിറ്റിയാണ് ക്യാമ്പിന് മെഡിക്കൽ പിന്തുണ നൽകിയത്. റെനൈ മെഡിസിറ്റിയിലെ പത്തോളജി വിഭാഗം മേധാവി ഡോ. സുനിതയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് രക്തശേഖരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ക്യാമ്പ് വിജയകരമാക്കുന്നതിൽ ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനം നിർണ്ണായകമായി.

കാൻസർ രോഗികൾക്കും മറ്റും രക്തം അത്യാവശ്യമായി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കുകയായിരുന്നു ഈ മെഗാ ക്യാമ്പിന്റെ ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.