Sections

തൊഴിലുറപ്പ്  പദ്ധതി, നിര്‍ദ്ധേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

Saturday, Jul 30, 2022
Reported By MANU KILIMANOOR

ഒരുപഞ്ചായത്തില്‍ ഒരേസമയം 20 ജോലിയില്‍ക്കൂടുതല്‍ അനുവദിക്കരുത്

 

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ഓരോ ഗ്രാമപ്പഞ്ചായത്തിലും ഒരേസമയം 20 ജോലിയില്‍ക്കൂടുതല്‍ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പത്തരക്കോടി തൊഴില്‍ ദിനങ്ങളും അതിനുള്ള പദ്ധതികളുടെ ബജറ്റും തയ്യാറാക്കിയ കേരളത്തിന് വലിയ തിരിച്ചടിയാകുന്ന തീരുമാനം നടപ്പാകുന്നതോടെ ഒരു കുടുംബത്തിന് 100 തൊഴില്‍ദിനങ്ങള്‍ എന്ന ലക്ഷ്യം നടക്കില്ല.

സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ 13 മുതല്‍ 23 വാര്‍ഡുകളാണുള്ളത്. ഇപ്പോള്‍ എല്ലാവാര്‍ഡുകളിലും ഒരേസമയം വിവിധജോലികള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഓഗസ്റ്റ് ഒന്നുമുതല്‍ 20-നു മേല്‍ വാര്‍ഡുകള്‍ ഉള്ള പഞ്ചായത്തുകളില്‍ ഏതെങ്കിലും മൂന്നുവാര്‍ഡുകളിലുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനാവില്ല. റൊട്ടേഷന്‍ പ്രകാരം ഇവരെ പിന്നീട് ഉള്‍പ്പെടുത്താനാകുമെങ്കിലും സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന തൊഴില്‍ നിഷേധിക്കേണ്ടിവരും. 25,90,156 പേരാണ് കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലെ ആക്ടീവ് വര്‍ക്കര്‍മാര്‍. 310.11 രൂപയാണ് ഒരുദിവസത്തെ കൂലി.

വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പില്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാകാത്തതുള്‍പ്പെടെയുള്ള പോരായ്മകളും ക്രമക്കേടുകളുമാണ് പുതിയ നിയന്ത്രണത്തിനു പിന്നിലെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം പാലിക്കാറുണ്ട്.ഇത്തവണ കേരളം പത്തരക്കോടി തൊഴില്‍ദിനങ്ങളുടെ ബജറ്റ് തയ്യാറാക്കി സമര്‍പ്പിച്ചെങ്കിലും ആറുകോടിക്കാണ് അനുമതി നല്‍കിയത്. എന്നാല്‍, മുന്‍കാലങ്ങളിലേതുപോലെ ബാക്കിക്കും അംഗീകാരം ലഭിക്കുമെന്നാണ് പ്രതിക്ഷ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.