Sections

ഗ്ലോബൽ ആയുർവേദ -വെൽനസ് കോൺക്ലേവിൽ 34 രാജ്യങ്ങളിൽ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികൾ

Tuesday, Feb 03, 2026
Reported By Admin
Kerala Hosts Global Ayurveda & Wellness Conclave

  • കൂടുതൽ വിദേശ പ്രതിനിധികൾ റഷ്യ, ജർമ്മനി എന്നിവിടങ്ങളിൽനിന്ന്

കോഴിക്കോട്: ആയുർവേദ-വെൽനസ് ടൂറിസം മേഖലയിലെ മുൻനിരക്കാരായി കേരളത്തെ പ്രദർശിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുർവേദ ആൻഡ് വെൽനസ് കോൺക്ലേവിൽ പങ്കെടുക്കുന്നത് ഏകദേശം 34 രാജ്യങ്ങളിൽ നിന്നുള്ള 125-ലധികം പ്രതിനിധികൾ. റഷ്യയിൽ നിന്നാണ് കൂടുതൽ വിദേശ പ്രതിനിധികൾ എത്തിയത്, 22 പേർ. കോൺക്ലേവിൽ 14 ജർമ്മൻ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ബയേഴ്സ്, സെല്ലേഴ്സ്, വെൽനസ് വിദഗ്ധർ എന്നിവരടങ്ങുന്ന പ്രതിനിധികൾ പ്രധാനമായും റഷ്യ, ജർമ്മനി, ഫ്രാൻസ്, യുഎസ്, സ്ലൊവാക്യ, ലെബനൻ, ഇറ്റലി, കസാക്കിസ്ഥാൻ, സൗദി അറേബ്യ, ബൾഗേറിയ, ഇസ്രായേൽ, അർമാനിയ, ജോർദാൻ, തുർക്കി, പോളണ്ട്, പോർച്ചുഗൽ, ദക്ഷിണ കൊറിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ആയുർവേദ പ്രമോഷൻ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവ് ആയുർവേദ പണ്ഡിതർ, ആഗോള വെൽനസ് വിദഗ്ധർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ, ട്രാവൽ-കൊമേഴ്സ് പ്രൊഫഷണലുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവർക്ക് ഒത്തുചേരാൻ അവസരമൊരുക്കുന്നു.

ഏറെ സാധ്യതയുള്ള ആയുർവേദ കേന്ദ്രമായി കേരളത്തെ കണക്കാക്കുന്നുവെന്നും കോൺക്ലേവിൽ ചർച്ച ചെയ്ത വിഷയങ്ങൾ ആവേശകരവും വിജ്ഞാനപ്രദവുമായിരുന്നുവെന്നും റഷ്യൻ പ്രതിനിധി വിക്ടോറിയ സ്റ്റെഫനോവ പറഞ്ഞു. സാധാരണയായി റഷ്യയിൽ വർഷത്തിൽ 6-7 മാസം ശൈത്യകാലമാണ്. നിലവിൽ കാലാവസ്ഥ മൈനസ് 20 ആണ്. അതാണ് ആയുർവേദ ചികിത്സ തേടി ഇന്ത്യ സന്ദർശിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. റഷ്യയിൽ ആയുർവേദം ജനപ്രിയമാണെങ്കിലും അതിന്റെ മറ്റ് പ്രത്യേകതകളെക്കുറിച്ച് വേണ്ടത്ര വിവരങ്ങൾ അവിടെ ലഭിക്കുന്നില്ലെന്നും സ്റ്റെഫനോവ കൂട്ടിച്ചേർത്തു.

വിജ്ഞാന കൈമാറ്റം, നയ വികസനം, ബി2ബി നെറ്റ്വർക്കിംഗ്, ആഗോള ബിസിനസ് സഹകരണം എന്നിവയ്ക്കുള്ള വേദിയായി കോൺക്ലേവ് മാറി. ഉത്തരവാദിത്ത- സുസ്ഥിര വികസന മാതൃകയെ അടിസ്ഥാനമാക്കി ആയുർവേദ, വെൽനസ് ടൂറിസത്തിന്റെ നേതൃനിരയിലേക്ക് ഉയർന്നുവരാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് ഇത് പ്രചോദനമാണ്.

ഫെബ്രുവരി 3 ന് കോഴിക്കോട് ഡിമോറ ഹോട്ടലിൽ 150 അന്താരാഷ്ട്ര, ആഭ്യന്തര ബയേഴ്സും കേരളത്തിൽ നിന്നുള്ള 100 ആയുർവേദ സേവന ദാതാക്കളെയും ബന്ധിപ്പിക്കുന്ന ബി2ബി മീറ്റ് നടക്കും. കേരളത്തിൽ നിന്നുള്ള 100 സെല്ലേഴ്സ്, 120 അന്താരാഷ്ട്ര ഏജന്റുമാർ/ഓപ്പറേറ്റർമാർ, 30 ഇന്ത്യൻ ഏജന്റുമാർ/ഓപ്പറേറ്റർമാർ, 30 യോഗ ഓപ്പറേറ്റർമാർ, വിദേശത്തുനിന്ന് 30 ഉം ഇന്ത്യയിൽനിന്ന് 20 ഉം പേരടങ്ങിയ ബ്ലോഗർമാർമാരുടെയും മാധ്യമപ്രവർത്തകരുടെയും സംഘം എന്നിവർ ബി2ബി നെറ്റ്വർക്കിംഗിൽ ഭാഗമാകും.

അന്താരാഷ്ട്ര ആയുർവേദ, യോഗ അംബാസഡർമാർക്കായി ഫെബ്രുവരി 4 മുതൽ കേരളത്തിലുടനീളമുള്ള ആയുർവേദ-വെൽനസ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് ഫെബ്രുവരി 4 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അവസാനിക്കും. പ്രതിനിധികൾ ആയുർവേദ റിസോർട്ടുകളും വെൽനസ് റിട്രീറ്റുകളും, യോഗ ലക്ഷ്യസ്ഥാനങ്ങളും ആയുർവേദ ആശുപത്രികളും സംസ്ഥാനത്തുടനീളമുള്ള ആയുർവേദ നിർമ്മാണ സൗകര്യങ്ങളും സന്ദർശിക്കും.

കേരള കലാമണ്ഡലം, കൊച്ചി മുസിരിസ് ബിനാലെ, കൊച്ചി പോർട്ട് ക്രൂയിസ് തുടങ്ങിയ സാംസ്കാരിക, പൈതൃക അനുഭവങ്ങളും മറ്റ് പ്രധാന ആകർഷണങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുന്നു. ഇത് കേരളത്തിന്റെ ആയുർവേദ, വെൽനസ് മേഖല, സാംസ്കാരിക ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് സമഗ്രമായ പരിചയം അന്താരാഷ്ട്ര പ്രതിനിധികൾക്ക് നൽകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.