Sections

ആധുനിക ജീവിതശൈലി രോഗങ്ങൾക്ക് ആയുർവേദം താങ്ങാനാവുന്നതും പ്രകൃതിദത്തവും ആരോഗ്യകരവുമായ പരിഹാരം വാഗ്ദാനം ചെയ്യുന്നു-ഉപരാഷ്ട്രപതി

Saturday, Dec 02, 2023
Reported By Admin
Global Ayurveda Fest

അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ തിരുവനന്തപുരത്ത് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു


  • കേരളം ആയുർവേദ മികവിന്റെ കളിത്തൊട്ടിൽ: ഉപരാഷ്ട്പതി
  • ആരോഗ്യ ടൂറിസം ആകർഷിക്കുന്നതിനുള്ള പ്രഭവകേന്ദ്രമാകാൻ കേരളത്തിന് കഴിയും - ഉപരാഷ്ട്പതി

ആധുനിക കാലത്തെ സാംക്രമികേതര, ജീവിതശൈലി രോഗങ്ങളുടെ കുതിച്ചുചാട്ടത്തിനിടയിൽ 'താങ്ങാവുന്നതും ഹാനീകരമല്ലാത്തതും ഫലപ്രദവും ആരോഗ്യകരവുമായ പരിഹാരം' എന്ന നിലയിൽ ആയുർവേദത്തിന്റെ പങ്ക് ഉപരാഷ്ടപതി ശ്രീ ജഗ്ദീപ് ധൻഖർ അടിവരയിട്ടു. പ്രതിരോധം, സന്തുലിതാവസ്ഥ, വ്യക്തിഗത പരിചരണം എന്നിവയിൽ ആയുർവേദത്തിന്റെ ഊന്നൽ എടുത്തു കാട്ടിയ അദ്ദേഹം, 'സുസ്ഥിരവും തുല്യവുമായ ആരോഗ്യസംരക്ഷണ സംവിധാനത്തിനായുള്ള ആഗോള ആഹ്വാനവുമായി ആയുർവേദം പരിധികളില്ലാതെ യോജിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ആയുർവേദം എന്നത് രോഗ ചികിത്സക്കും അപ്പുറം ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള സമഗ്രമായ സമീപനം ഉൾക്കൊള്ളുന്നതാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ രാജ്യത്തുടനീളം ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററുകൾ സ്ഥാപിച്ചതിന് ആയുഷ് മന്ത്രാലയത്തെ അഭിനന്ദിച്ച ശ്രീ ധൻഖർ, ഇത് ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കുകയും പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ വിപുലമായ ഉപയോഗവും വിദൂര സ്ഥലങ്ങളിൽ ഇവ ലഭ്യമാക്കാൻ കഴിയുന്നതും സാർവത്രിക ആരോഗ്യ സംരക്ഷണത്തിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുവാൻ ഇന്ത്യയെ സഹായിക്കുമെന്നും ഊന്നിപ്പറഞ്ഞു.

സഹസ്രാബ്ദങ്ങളായി വ്യാപിച്ചുകിടക്കുന്ന പുരാതന പാരമ്പര്യത്തിന്റെ വിപുലമായ അറിവിന്റെയും പരിശീലനത്തിന്റെയും പൈതൃകം വ്യക്തമാക്കിക്കൊണ്ട്, അഥർവ്വവേദം, ചരക സംഹിത, ശുശ്രുത സംഹിത തുടങ്ങിയ ഗ്രന്ഥങ്ങൾ മനുഷ്യശരീരത്തെക്കുറിച്ചും അതിന്റെ കഷ്ടതകളെക്കുറിച്ചും ആയുർവേദത്തിൽ ആഴത്തിൽ ഉൾച്ചേർത്ത ചികിത്സാ തത്വങ്ങളെക്കുറിച്ചും ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകുന്നതെങ്ങനെയെന്ന് അദ്ദേഹം അടിവരയിട്ടു.

'ഒരാൾ എത്ര പ്രതിഭാധനനായാലും, എത്ര കഴിവുള്ളവനായാലും, ഒരാൾ ആരോഗ്യവാനല്ലെങ്കിൽ സമൂഹത്തിന്റെ വളർച്ചയ്ക്ക് സംഭാവന ചെയ്യാൻ കഴിയില്ല.' ആരോഗ്യത്തിന്റെ പ്രാധാന്യത്തെ അടിവരയിട്ട് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു,

ലോകമെമ്പാടും ആഘോഷിക്കുന്ന 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഉപരാഷ്ട്രപതി തന്റെ പ്രസംഗത്തിൽ 'യോഗ'യെ 'ലോകത്തിനുള്ള ഭാരതത്തിന്റെ സമ്മാനം' എന്ന് പരാമർശിച്ചു. 'ഇത് വിവേചനരഹിതമാണ്, ഇതിന് വിശാലമായ സ്വീകാര്യതയുണ്ട്, കാരണം ഇത് ഇന്ത്യൻ ധാർമ്മികതയിലാണ്' എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ പ്രക്രിയയിൽ, ''ഭാരതവും മൃദു ശക്തിയായി ഉയർന്നുവന്നിരിക്കുന്നു. നമ്മുടെ സംസ്കാരത്തിന്റെ ആഴത്തെക്കുറിച്ചും നാം ഉൾക്കൊള്ളുന്ന സമ്പത്തിനെക്കുറിച്ചും ആളുകൾ മനസ്സിലാക്കുന്നു, ''അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരി ആയുർവേദത്തിന്റെ പുനർനിർമ്മാണത്തിലേക്ക് നയിച്ചുവെന്ന് അനുസ്മരിച്ചുകൊണ്ട്, രോഗത്തെ ചെറുക്കുന്നതിൽ ആയുർവേദത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അറിവുള്ളവരും ''മനുഷ്യരാശിക്ക് മഹത്തായ സേവനം'' ചെയ്യുന്നവരുമായ ആളുകൾ രാജ്യത്തുടനീളം ഉണ്ടെന്ന് ശ്രീ ധൻഖർ പ്രസ്താവിച്ചു. ടെലിമെഡിസിൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ആയുഷ് വിപുലീകരിക്കുന്നത് രോഗങ്ങളെ കണ്ടെത്താൻ സഹായിച്ചു.

ആയുർവേദത്തിന്റെ പ്രോത്സാഹനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികൾ അംഗീകരിച്ചുകൊണ്ട്, ഒരു സമർപ്പിത ആയുഷ് മന്ത്രാലയം സ്ഥാപിക്കുന്നതും ദേശീയ ആയുർവേദ ദിനം ആചരിക്കുന്നതും ദേശീയ വിദ്യാഭ്യാസ നയത്തിൽ ആയുർവേദത്തെ സംയോജിപ്പിച്ചതും കൂടാതെ ആയുർവേദത്തിന്റെ പുരോഗതിക്കും മുഖ്യധാരാ ആരോഗ്യ സംരക്ഷണത്തിനായുളള അതിന്റെ സംയോജനവും സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

രോഗ ചികിത്സക്കപ്പുറം ഈ പുരാതന വൈദ്യശാസ്ത്രത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, 'ഇത് ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനത്തെ ഉൾക്കൊള്ളുന്നു' എന്ന് പ്രസ്താവിച്ചു. ആയുർവേദത്തെ 'ജീവിതത്തിന്റെ ഏക ശാസ്ത്രം' എന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, ഈ പുരാതന രോഗശാന്തി സമ്പ്രദായം, 'നിങ്ങളുടെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും പ്രവർത്തനരീതിയിൽ ഒരുമിച്ചു നിർത്തുകയും' 'നിങ്ങൾ ഒരു സമ്പൂർണ്ണസ്ഥിതിയിൽ ആകാൻ അനുവദിക്കുകയും ചെയ്യുന്നു' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുർവേദത്തിന്റെ ഹാനികാരമല്ലാത്തതും സ്വാഭാവികമായതും താങ്ങാനാവുന്ന വിലയെക്കുറിച്ചും സംസാരിച്ച ഉപരാഷ്ട്രപതി ''ഇത് പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് നിരീക്ഷിച്ചു. കാലങ്ങളായി നാം നശിപ്പിച്ച പ്രകൃതിയുടെ പ്രാധാന്യം അത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഞങ്ങൾ അതിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുകയാണ്. '

കേരളത്തെ ആയുർവേദ മികവിന്റെ കളിത്തൊട്ടിൽ എന്ന് പരാമർശിച്ച വൈസ് പ്രസിഡന്റ്, 2012 മുതൽ ആയുർവേദത്തിന്റെ സ്ഥായിയായ പൈതൃകത്തിന്റെ വഴിവിളക്കായി ആഗോള ആയുർവേദ ഫെസ്റ്റിവൽ പ്രവർത്തിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു.
'ലോകമെമ്പാടുമുള്ള വിദഗ്ധർ, പരിശീലകർ, ഗവേഷകർ, നയരൂപകർത്താക്കൾ എന്നിവരുടെ ഒത്തുചേരൽ മനുഷ്യരാശിയുടെ ആരോഗ്യപരമായ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യപരമായ അടിത്തറയും രൂപപ്പെടുത്താൻ മുന്നോട്ട് നയിക്കുമെന്ന്' അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആഗോള സഞ്ചാരികൾ പുനരുജ്ജീവനവും സമാധാനവും സാന്ത്വനവും സ്വയം കണ്ടെത്തലും തേടുന്ന ആരോഗ്യ ടൂറിസത്തിന്റെ സമീപകാല പ്രവണതയെ പ്രതിഫലിപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു, 'ഇതിന് അനുയോജ്യമായതും ആസന്നമായതുമായ ഒരേയൊരു സ്ഥലം നമ്മുടെ ഭാരതമാണ്.' 'ഇന്ത്യയിലെ ആരോഗ്യ ടൂറിസം ക്ഷേമത്തിനായുള്ള സമഗ്രമായ സമീപനത്തെ ഉൾക്കൊള്ളുന്നു, പ്രകൃതിയുടെ ശാന്തമായ സൗന്ദര്യവുമായി ആയുർവേദം പോലുള്ള പരമ്പരാഗത ആചാരങ്ങളെ തടസ്സമില്ലാതെ ഇഴചേർക്കുന്നു.'

ആയുർവേദ വിനോദസഞ്ചാരത്തിന്റെ പ്രിയപ്പെട്ട കേന്ദ്രമായി കേരളം വളരുന്നത് ചൂണ്ടിക്കാട്ടി, ആരോഗ്യ ടൂറിസത്തെ ആകർഷിക്കുന്നതിലേക്ക് വലിയ മാറ്റത്തിന്റെ പ്രഭവകേന്ദ്രമായി മാറാൻ സംസ്ഥാനത്തിന് കഴിയുമെന്ന് വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. സമൃദ്ധമായ പച്ചപ്പും പ്രകൃതി സൗന്ദര്യവും നിറഞ്ഞ കേരളത്തെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു, ''എല്ലാ സമയത്തും കേരളത്തിൽ ആയിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നു, ഇത് വ്യക്തിപരമായും സംതൃപ്തി നൽകുന്നതാണ്. എന്നെ പഠിപ്പിച്ച അധ്യാപിക ശ്രീമതി, രത്നാവലി നായർ കേരളത്തിലുളളതാണ്. ഒരർത്ഥത്തിൽ ഞാൻ ഈ സംസ്ഥാനത്തോട് എന്നും കടപ്പെട്ടിരിക്കുന്നു.

'ആരോഗ്യവും സൗഖ്യവും എല്ലാവർക്കും മൗലികാവകാശങ്ങളായി അംഗീകരിക്കപ്പെടുന്ന ഒരു ലോകത്തിലേക്കുള്ള പാതയെ ആയുർവേദത്തിന്റെ കാലാതീതമായ ജ്ഞാനം പ്രകാശിപ്പിക്കട്ടെയെന്ന് തന്റെ പ്രസംഗം ഉപസംഹരിച്ചു കൊണ്ട് ശീ ധൻഖർ തന്റെ പ്രത്യാശ പ്രകടിപ്പിച്ചു.'

ഇന്ത്യൻ സർക്കാരിന്റെ വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ, പാർലമെന്റ് അംഗം ശ്രീ ശശി തരൂർ, കേരള സർക്കാർ ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.