Sections

ക്ഷീരകർഷകർക്ക് താങ്ങായി മിൽമ: കാലിത്തീറ്റയ്ക്ക് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചു

Tuesday, Feb 03, 2026
Reported By Admin
Milma Increases Gomathi Gold Cattle Feed Subsidy to ₹200

ക്ഷീരകർഷകർക്ക് മൊത്തം 300 രൂപയുടെ സബ്സിഡി ആനുകൂല്യം ലഭിക്കും

തിരുവനന്തപുരം: ക്ഷീരസംഘങ്ങൾ വഴി വില്ക്കുന്ന മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 200 രൂപ സബ്സിഡി നൽകാൻ കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷൻ ഭരണസമിതി തീരുമാനം.

2026 ഫെബ്രുവരി 1 മുതൽ 2026 മാർച്ച് 31 വരെ വില്പന നടത്തുന്ന കാലിത്തീറ്റയാക്കാണ് സബ്സിഡി അനുവദിച്ചിട്ടുള്ളത്. വർദ്ധിച്ചു വരുന്ന ഉത്പാദനചെലവ് കാരണം പ്രതിസന്ധി അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് ആശ്വാസമാണ് പുതിയ തീരുമാനം.

2024 സെപ്റ്റംബർ മുതൽ മിൽമ ഫെഡറേഷനും ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 100 സബ്സിഡി രൂപ നൽകി വരുന്നുണ്ട്. മിൽമയുടെ മലബാർ, തിരുവനന്തപുരം മേഖലാ യൂണിയനുകൾ നൽകി വന്ന സബ്സിഡികൾക്കു പുറമേയാണിത്. ഫെഡറേഷൻ നൽകി വന്നിരുന്ന ഈ 100 രൂപ സബ്സിഡിയാണ് 200 രൂപ ആക്കി ഉയർത്തുന്നത്.

മേഖലാ യൂണിയനുകൾ നൽകുന്ന 100 രൂപ സബ്സിഡികൾക്കൊപ്പം ഫെഡറേഷൻ നൽകുന്ന 200 രൂപ സബ്സിഡി കൂടി ചേരുമ്പോൾ ആകെ 300 രൂപയുടെ സബ്സിഡി ആനുകൂല്യം ക്ഷീരകർഷകർക്ക് ലഭ്യമാകും.

ഇതിലൂടെ 2019 ലെ കാലിത്തീറ്റയുടെ വിലയെക്കാളും 120 രൂപ കുറവിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ ലഭ്യമാകും. സൈലേജ്, മെയ്സ് ഫോഡർ എന്നിവയും 2019 ലെ നിരക്കിനെക്കാൾ ശരാശരി 2 രൂപയോളം കുറഞ്ഞ നിരക്കിലാണ് ക്ഷീരകർഷകർക്ക് മിൽമ മേഖലാ യൂണിയനുകൾ ലഭ്യമാക്കുന്നത്.

ക്ഷീരകർഷകരുടെ വർദ്ധിച്ചുവരുന്ന ഉത്പാദനച്ചെലവ് കുറയ്ക്കുന്നതിനായി 2024 സെപ്റ്റംബർ മുതൽ കാലിത്തീറ്റയ്ക്ക് തുടർച്ചയായി സബ്സിഡിയും, അധിക പാൽവിലയും കൊടുക്കുന്ന രീതിയാണ് മിൽമ അവലംബിക്കുന്നത്. 2026 ജനുവരി 31 വരെയുള്ള കണക്കുകൾ പ്രകാരം മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് മിൽമയുടെ മേഖലായൂണിയനുകൾ വഴിയുള്ള പാൽ സംഭരണത്തിൽ 13 ശതമാനത്തിൻറെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.