Sections

പരീക്ഷണ ഫലങ്ങളിലും പരിശോധനകളിലും ആയുർവേദ ഗവേഷകർ കൂടുതൽ ശ്രദ്ധ നൽകണം- വിദഗ്ധർ

Tuesday, Feb 03, 2026
Reported By Admin
Experts Call for Stronger Ayurveda Research at Global Summit

കോഴിക്കോട്: ആയുർവേദ മരുന്നുകളുടെ പരീക്ഷണ ഫലങ്ങളിലും പരിശോധനകളിലും കൂടുതൽ ശ്രദ്ധ നൽകണമെന്ന് പ്രഥമ അന്താരാഷ്ട്ര ആയുർവേദ-വെൽനെസ് ഉച്ചകോടിയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. ആയുർവേദത്തിലെ ഗവേഷണവും അന്താരാഷ്ട്ര സ്വീകാര്യതയും എന്ന വിഷയത്തിലാണ് ചർച്ച നടന്നത്.

ആയുർവേദത്തിന് അന്താരാഷ്ട്രതലത്തിൽ കൂടുതൽ പ്രാധാന്യം കൈവന്നതോടെ പരീക്ഷണഫലങ്ങളിൽ അടിസ്ഥാനമായാണ് ഇപ്പോൾ ആയുർവേദം പ്രവർത്തിക്കുന്നതെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയിലെ ചീഫ് മെഡിക്കൽ ഓഫീസറും ആയുഷ് മന്ത്രാലയ അസെസറുമായ ഡോ. പി ആർ രമേഷ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ അർബുദരോഗികളിൽ വേദനസംഹാരികൾ നൽകുന്നതിൽ ആയുർവേദ മരുന്നുകൾ കൂടി ഉൾപ്പെടുത്തിയപ്പോൾ അത്ഭുതകരമായ ഫലങ്ങൾ ഉളവാക്കി. ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും പരസ്പരം സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആയുർവേദം സൗഖ്യചികിത്സയായി അവതരിപ്പിക്കണോ, അതോ രോഗചികിത്സയായി അവതരിപ്പിക്കണോ എന്ന കാര്യം എല്ലാ ഗവേഷകരും ആലോചിക്കണമെന്ന് അമൃത സ്കൂൾ ഓഫ് ആയുർവേദയിലെ ഗവേഷണ വിഭാഗം മേധാവി ഡോ. രാം മനോഹർ പറഞ്ഞു. ഗവേഷണങ്ങളിലൂടെയാണ് കോമ്പിനേഷൻ മരുന്നുകൾ ആയുർവേദത്തിൽ ഉപയോഗിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശികമായ ഉപയോഗത്തിനപ്പുറത്തേക്ക് അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിൽ ഇടംപിടിക്കത്തക്ക വിധം നിലവാരത്തിൽ തന്നെ ഗവേഷണങ്ങൾ നടത്താൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മരുന്നുകൾ ഉണ്ടാക്കുന്ന അസംസ്കൃത വസ്തുക്കൾ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്ന് കണ്ണൂർ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജ് അസോ. പ്രൊഫസർ ഡോ. പ്രദീപ് കെ ചൂണ്ടിക്കാട്ടി. ചെറിയ പഴുതെങ്കിലും ഉണ്ടായാൽ ശാസ്ത്രീയ തെളിവില്ലെന്ന കാരണം പറഞ്ഞ ആയുർവേദത്തെ തിരസ്ക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വിഷാംശ പഠന റിപ്പോർട്ടുകൾ എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ പങ്ക് വയ്ക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശ സസ്യങ്ങളുടെ ഔഷധഗുണം പരിശോധിക്കാനുള്ള സംവിധാനവും നമ്മുക്ക് ഇവിടെ ഒരുക്കാനാകുമെന്ന് ഷൊർണൂർ വിഷ്ണു ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കിരാത മൂർത്തി പറഞ്ഞു. ആരോഗ്യ വൈദ്യ വിലാസിനി വൈദ്യശാല കോഴിക്കോട് ചീഫ് കൺസൽട്ടന്റ്. മനോജ് കലൂർ മോഡറേറ്ററായി.

ആയുർവേദടൂറിസത്തിൽ സർക്കാർ മാനദണ്ഡങ്ങളും അന്താരാഷ്ട്ര നിലവാരവും ഉറപ്പുവരുത്തണമെന്ന് ആയുർവേദത്തിൽ അടിസ്ഥാനമാക്കിയ മെഡിക്കൽ ടൂറിസം എന്ന വിഷയത്തിലെ ചർച്ചയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ എൻഎബിഎച് അക്രഡിറ്റേഷൻ ആയുർവേദ ടൂറിസത്തിൽ നിർണായകമാണെന്ന് കെടിഎം സൊസൈറ്റി മുൻ പ്രസിഡന്റ് ബേബി മാത്യു സോമതീരം പറഞ്ഞു. ഇത് രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആയുർവേദത്തിന് ഇന്ന് ആഗോളതലത്തിൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്ന് ഐടിപി ടൂറിസം മാനേജേഴ്സ് എം ഡി സി എസ് വിനോദ് പറഞ്ഞു. സൗഖ്യചികിത്സയെന്ന് ധാരണമാറി രോഗശമനത്തിനായി കേരളത്തിലേക്കെത്തുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ താത്പര്യം കാര്യമായെടുക്കുന്ന ചികിത്സാസംവിധാനമല്ല പാശ്ചാത്യ രാജ്യങ്ങളിലുള്ളതെന്ന് പോളണ്ടിൽ നിന്നുള്ള മാർസേന യോവാസ്ക ചൂണ്ടിക്കാട്ടി. കുത്തക മരുന്നു കമ്പനികൾ രോഗികളെ വലച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ രോഗത്തിന്റെ മൂലകാരണം കണ്ടെത്തി ചികിത്സ നൽകുന്ന ആയുർവേദത്തിന്റെ രീതിയ്ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നതെന്നും അവർ പറഞ്ഞു. ആയുർവേദത്തിനെ തിരസ്കരിക്കുമ്പോഴും അതിലെ ശാസ്ത്രീയത ആധുനിക വൈദ്യശാസ്ത്രം വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് ഐഡീഗ്ലോബസ് രേസെൻ സ്ഥാപകൻ കാർത്തിക് ദാവെ പറഞ്ഞു. ബയോടെക്നോളജിയുടെ സഹായത്തോടെ ഔഷധങ്ങൾ വേർതിരിക്കുകയും അത് ആധുനിക ഔഷധങ്ങളുടെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംസിഎസ് മെഡിക്കൽ ടൂറിസം സ്ഥാപകൻ ശിവപ്രസാദ് പി വി മോഡറേറ്ററായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.