Sections

ടൂറിസത്തിനപ്പുറത്തേക്ക് ആയുർവേദ ചികിത്സയുടെ ആഗോള കേന്ദ്രമാകാൻ കേരളത്തിന് സാധിക്കണം- പി എ മുഹമ്മദ് റിയാസ്

Tuesday, Feb 03, 2026
Reported By Admin
Kerala Aims to Become Global Hub for Ayurveda Treatment

പ്രഥമ അന്താരാഷ്ട്ര ആയുർവേദ-വെൽനെസ്സ് ഉച്ചകോടിയ്ക്ക് തുടക്കമായി


കോഴിക്കോട്: ടൂറിസം ഉത്പന്നത്തിനപ്പുറത്തേക്ക് ആയുർവേദ ചികിത്സയുടെ ആഗോള കേന്ദ്രമായി കേരളത്തെ മാറ്റണമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് നടന്ന പ്രഥമ അന്താരാഷ്ട്ര ആയുർവേദ-വെൽനെസ്സ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ടൂറിസം വകുപ്പും ആയുർവേദ പ്രൊമോഷൻ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ആയുർവേദ രംഗം അന്താരാഷ്ട്രതലത്തിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിൽ ഇതിൽ വലിയ പങ്ക് വഹിക്കാനുണ്ട്. ആയുർവേദ-യോഗ മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ചയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ഉത്തരവാദിത്തവും ഏറുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ടൂറിസം ഉത്പന്നമെന്ന പ്രചാരണത്തിനപ്പുറത്തേക്ക് ആയുർവേദത്തിന്റെ വളർച്ചയുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സഹകരണം, വിജ്ഞാന കൈമാറ്റം, ദീർഘകാല പങ്കാളിത്തം എന്നിവയിലൂന്നി വേണം മുന്നോട്ടു പോകാൻ. ഗവേഷണ കേന്ദ്രീകൃതവും പൊതുജനോപകാരപ്രദവുമായ മേഖലയമായി ആയുർവേദം മാറണം. ചികിത്സാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതിനൊപ്പം എല്ലാവരെയും ഉൾക്കൊള്ളുന്ന സുസ്ഥിരമായ നടപടികൾ ഉണ്ടാവണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആധുനിക ചികിത്സാസമ്പ്രദായങ്ങൾ വ്യാപകമായെങ്കിലും ഇന്നും ആയുർവേദത്തിന് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഈ മേഖലയുടെ പ്രാധാന്യമെന്ന് ചടങ്ങിൽ ആധ്യക്ഷം വഹിച്ച കോഴിക്കോട് മേയർ ഒ സദാശിവൻ പറഞ്ഞു. ആധുനികമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ആയുർവേദത്തിൽ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സമഗ്രവും വിശ്വസ്തവുമായ ആയുർവേദ നയത്തിന്റെ ചട്ടക്കൂടിലാണ് ആയുർവേദം പ്രവർത്തിക്കേണ്ടതെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ കേരള ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു ചൂണ്ടിക്കാട്ടി. നൈപുണ്യശേഷിയുള്ള വലിയൊരു സമൂഹത്തിന് തൊഴിൽ ലഭിക്കുന്ന മേഖലയാണ് ആയുർവേദം. ഗവേഷണം, ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഡാറ്റാ അധിഷ്ഠിതമായ സേവനങ്ങൾ, കർശനമായ മാനദണ്ഡങ്ങൾ എന്നിവയാണ് ഉറപ്പുവരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുർവേദ മരുന്നുകളുടെ വിശ്വാസ്യത കേരളത്തെ സംബന്ധിച്ച് മികച്ച നിക്ഷേപമാണെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു. യുനെസ്കോ അംഗീകൃത പ്രദേശമായ പശ്ചിമഘട്ടത്തിൽ നിന്നാണ് നമ്മുടെ മരുന്നുകൾ എത്തുന്നത്. വെൽനെസ് ടൂറിസത്തിന് വ്യക്തമായ നയം കേരളത്തിനുണ്ട്. ഈ ഉച്ചകോടിയിൽ നിന്നുയർന്നു വരുന്ന ക്രോഡീകരിച്ച നിർദ്ദേശങ്ങൾക്ക് സർക്കാർ സജീവ പരിഗണന നൽകുമെന്നും അവർ അറിയിച്ചു.

സംഘാടക സമിതി ചെയർമാൻ സജീവ് കുറുപ്പ്, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി മാധവൻ കുട്ടി വാര്യർ, കെടിഎം സൊസൈറ്റി മുൻ പ്രസിഡന്റു് ബേബി മാത്യു സോമതീരം, മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നിത്യാനന്ദ കാമത്ത്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി, മലബാർ ടൂറിസം സൊസൈറ്റി പ്രസിഡന്റ് ജിഹാദ് ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു. പ്രമുഖ ടൂറിസം വ്യവസായികളായ ജോസ് ഡോമനിക്, ധനഞ്ജയൻ കെ മച്ചിങ്കൽ, കെ വി രമേഷ്, പോളി മാത്യു സോമതീരം(മരണാനന്തരം) എന്നിവർക്ക് ആയുർവേദ ടൂറിസത്തിലെ സംഭാവനകൾക്ക് ആജീവനാന്ത പുരസ്ക്കാരം സമ്മാനിച്ചു. 34 രാജ്യങ്ങളിൽ നിന്നുള്ള 120ൽപരം വിദേശ പ്രതിനിധികൾ, രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള 50 വ്ലോഗർമാർ, സംസ്ഥാനത്തു നിന്നുള്ള നൂറിലേറെ സെല്ലർമാർ തുടങ്ങിയവർ ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.