Sections

ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകൾക്ക് വേദിയായി

Sunday, Jun 07, 2026
Reported By Admin
GTM 2026 Records Over 60,000 B2B Meetings, Strengthening Kerala’s Tourism and Hospitality Industry

  • സംസ്ഥാന ടൂറിസം മേഖലയ്ക്ക് സമ്മാനിച്ചത് പുത്തൻ ഉണർവ്

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവൽ-ട്രേഡ് എക്സ്പോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റിൻറെ (ജിടിഎം-2026) രണ്ടാം പതിപ്പിൽ 60,000-ത്തിലധികം ബിസിനസ്-ടു-ബിസിനസ് (ബി2ബി) മീറ്റിംഗുകൾ. അപ്പോയിൻറ്മെൻറ് അധിഷ്ഠിത നെറ്റ് വർക്കിംഗ് സംവിധാനത്തിലൂടെയാണ് മീറ്റിംഗുകൾ ക്രമീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയിലുടനീളമുള്ള പ്രമുഖ ടൂറിസം, ഹോസ്പിറ്റാലിറ്റി പങ്കാളികളെ പ്രതിനിധീകരിക്കുന്ന 2000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 100 ലധികം കോർപ്പറേറ്റ് ബയേഴ്സും 228 ലധികം സ്റ്റാളുകളും ജിടിഎമ്മിൻറെ ഭാഗമായി.

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റതിനു ശേഷം ടൂറിസം മേഖലയിലെ പ്രമുഖരും പങ്കാളികളും ഉദ്യോഗസ്ഥരും ഒത്തുചേർന്ന ആദ്യ സമ്മേളനമെന്ന നിലയിൽ കേരളത്തിൻറെ ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ ജിടിഎം-2026 ലൂടെ സാധിച്ചു.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാർട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ടൂറിസത്തിൻറെയും ഇന്ത്യ ടൂറിസത്തിൻറെയുംസഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിച്ചത്.

ടൂറിസം, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ജിടിഎം-2026 ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി സി.പി. ജോൺ ആണ് ബി2ബി മീറ്റ് ഉദ്ഘാടനം ചെയ്തത്. ഏറ്റവും മികച്ച ടൂറിസം പ്രവർത്തനങ്ങൾക്കുള്ള 2026 ലെ മെട്രോ എക്സ്പെഡിഷൻ-ജിടിഎം ടൂറിസം അവാർഡ് ആന്ധ്രപ്രദേശ് ടൂറിസം മന്ത്രി കന്ദുല ദുർഗേഷ് സ്വീകരിച്ചു.

കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടർ അഞ്ജന എം തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു.

ജിടിഎമ്മിൻറെ അടുത്ത പതിപ്പിന് ആന്ധ്രാപ്രദേശ് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

തിരുവനന്തപുരത്തെ വിവിധ വേദികളിലായി സംഘടിപ്പിച്ച ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവൽ-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് അവസരമൊരുക്കി.

ജിടിഎമ്മിൻറെ ഭാഗമായുള്ള ഗ്ലോബൽ ട്രാവൽ മാർട്ട് എക്സ്പോയും അന്താരാഷ്ട്ര ട്രാവൽ ട്രേഡ് നെറ്റ് വർക്കിംഗ് സെഷനുകളും ബി2ബി മീറ്റിംഗുകളും അമരവിള ഗോൾഡൻ പാലസ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിലാണ് നടന്നത്.

ദക്ഷിണേന്ത്യയുടെ ട്രാവൽ വ്യാപാര മേഖലയിൽ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കാൻ ജിടിഎം 2026 ലൂടെ സാധിച്ചതായി ജിടിഎം സിഇഒ സിജി നായർ പറഞ്ഞു. ലോകത്തിൻറെ വിവിധ കോണുകളിലുള്ള ബയേഴ്സ് ഇതിൻറെ ഭാഗമായി. ജിടിഎമ്മിൻറെ ഉദ്ഘാടന പതിപ്പിൽ ഏകദേശം 38,000 ബി2ബി മീറ്റിംഗുകൾ നടന്നു. അതുകൊണ്ടു തന്നെ ഇത്തവണത്തെ ജിടിഎം, ബി2ബി സെഷനുകളുടെ എണ്ണത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിസിനസ് നെറ്റ് വർക്കിംഗ്, പങ്കാളിത്തം, നിക്ഷേപങ്ങൾ, ടൂറിസം മേഖലയുടെ പ്രോത്സാഹനം എന്നിവയ്ക്കുള്ള പ്രധാന വേദിയായി ജിടിഎം 2026 മാറി. ജിടിഎം 2026 ൽ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിക്ഷേപകർക്കും ഹോസ്പിറ്റാലിറ്റി സംരംഭകർക്കും വലിയ സാധ്യതകൾ തുറന്നു കിട്ടിയതായും സിജി നായർ കൂട്ടിച്ചേർത്തു.

ടൂർ ഓപ്പറേറ്റർമാർ, ഹോട്ടലുടമകൾ, ഡെസ്റ്റിനേഷൻ മാനേജ്മെൻറ് കമ്പനികൾ, ടൂറിസം ബോർഡുകൾ, ഹോസ്പിറ്റാലിറ്റി ബ്രാൻഡുകൾ, നിക്ഷേപകർ എന്നിവരുടെ സജീവ പങ്കാളിത്തം പരിപാടിയിയെ ആകർഷകമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.