- Trending Now:
കോഴിക്കോട്: ആയുർവേദ മേഖലയിൽ കേരള ബ്രാൻഡ് എന്ന ആശയത്തിന് സംസ്ഥാനം പ്രാധാന്യം നൽകണമെന്നും ഇത് ആഗോള തലത്തിലെ വളർച്ചയിൽ സുപ്രധാനമാണെന്നും വിദഗ്ധർ. കോഴിക്കോട് നടക്കുന്ന പ്രഥമ അന്താരാഷ്ട്ര ആയുർവേദ ആൻഡ് വെൽനസ് കോൺക്ലേവിൽ 'ആയുർവേദത്തിന്റെ ആഗോള കേന്ദ്രമായി കേരളം' എന്ന വിഷയത്തിലെ പാനൽ സെഷനിലാണ് ഈ അഭിപ്രായമുയർന്നത്.
പരമ്പരാഗത അറിവുകളുടെ പിൻബലത്തിലാണ് കേരളത്തിലെ ആയുർവേദ രംഗം മുന്നോട്ടുപോകുന്നതെന്നും ഈ അതുല്യസ്വഭാവമാണ് കേരളം ബ്രാൻഡ് ചെയ്യേണ്ടതെന്നും വടകരയിലെ ശാന്തിനികേതൻ ആയുർവേദ കേന്ദ്ര-പഞ്ചകർമ്മ ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് കൺസൾട്ടന്റും ഡയറക്ടറുമായ ഡോ. ടി.എസ്. കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. പരമ്പരാഗത ആയുർവേദം ശാസ്ത്രീയ രീതിയാണ് കേരളം പിന്തുടരുന്നത്. ഇതിൽ അശാസ്ത്രീയത കലർത്തുന്നതാണ് പ്രശ്നം. അത് നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ആയുർവേദ മേഖലയിൽ മികച്ച പഠന ഗവേഷണങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടെന്നും ഇത് ഫലപ്രദമായി സംയോജിപ്പിച്ചാൽ ആയുർവേദത്തിന്റെ ആഗോള ഹബ്ബ് ആയി മാറാൻ സംസ്ഥാനത്തിനാകുമെന്ന് അഷ്ടാംഗം ആയുർവേദ ചികിത്സാലയം ആൻഡ് വിദ്യാപീഠം പ്രിൻസിപ്പലും മെഡിക്കൽ ഡയറക്ടറുമായ പ്രൊഫ. ആലത്തിയൂർ നാരായണൻ നമ്പി ചൂണ്ടിക്കാട്ടി.
പരമ്പരാഗത ആയുർവേദ സമ്പ്രദായം പിന്തുടരുന്ന പ്രദേശം എന്ന നിലയിൽ ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ നൽകുന്നത് പ്രധാനമാണെന്ന് സിജിഎച്ച് എർത്ത് എക്സ്പീരിയൻസ് സഹസ്ഥാപകൻ ജോസ് ഡൊമിനിക് പറഞ്ഞു. ഗുണമേൻമയിൽ വിട്ടുവീഴ്ച വരുത്താതെ മുന്നോട്ടുപോയാൽ കേരളത്തിന് ഈ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആയുർവേദ മേഖലയിൽ വർധിച്ചുവരുന്ന ആഗോള ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സേവനം നൽകുന്നതിൽ കേരളം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അങ്കമാലിയിലെ അകാമി ആയുർവേദ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. ഇന്ദുലാൽ പറഞ്ഞു.
രുദ്രാക്ഷം ആരോഗ്യാശ്രമം മെഡിക്കൽ ഡയറക്ടർ ഡോ.ഇന്ദുചൂഢൻ മോഡറേറ്ററായി.
ആയുർവേദ പ്രമോഷൻ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ചാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ആയുർവേദ പണ്ഡിതർ, ആഗോള വെൽനസ് വിദഗ്ധർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ, ട്രാവൽ-കൊമേഴ്സ് പ്രൊഫഷണലുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
'ആയുർവേദവും യോഗയും വെൽനസ് ടൂറിസത്തിലേക്ക് സമന്വയിപ്പിക്കുക' എന്ന വിഷയത്തിൽ നടന്ന സെഷനിൽ സുദർശനം ആയുർവേദ സ്ഥാപകനും കോയമ്പത്തൂരിലെ സുദർശൻ ആയുർവേദ ക്ലിനിക്ക് ചീഫ് ഫിസിഷ്യനുമായ ഡോ.ഹരി പള്ളത്തേരി, എറണാകുളത്തെ പതഞ്ജലി യോഗ പരിശീലന ഗവേഷണ കേന്ദ്രം ഡയറക്ടർ കൈതപ്രം വാസുദേവൻ നമ്പൂതിരി, തിരുവേഗപ്പുറ അശോകാലയം ആയുർവേദ ചികിത്സാകേന്ദ്രം സ്ഥാപകനും ചീഫ് ഫിസിഷ്യനുമായ ഡോ. നരിപ്പറമ്പ് ദേവൻ നമ്പൂതിരി, പൂന്തോട്ടം ആയുർവേദാശ്രമം മെഡിക്കൽ ഡയറക്ടർ ഡോ. രവീന്ദ്രനാഥ് എന്നിവർ കാഴ്ചപ്പാടുകൾ പങ്കുവച്ചു.
കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.യദുനന്ദനൻ കെ.പി മോഡറേറ്ററായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.