Sections

കെപിഎൽ: ഉജ്ജ്വല തിരിച്ചുവരവിലൂടെ ഗോൾഡൻ ത്രെഡ്സിനെ വീഴ്ത്തി കാലിക്കറ്റ് എഫ്സി

Friday, May 08, 2026
Reported By Admin
Calicut FC Beat Golden Threads in KPL Super 8

തൃശൂർ: കേരള പ്രീമിയർ ലീഗ് 2025-26 സീസണിലെ സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല തിരിച്ചുവരവിലൂടെ ആവേശജയം സ്വന്തമാക്കി കാലിക്കറ്റ് എഫ്സി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഗോൾഡൻ ത്രെഡ്സ് എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. പകരക്കാരായി ഇറങ്ങിയ താരങ്ങൾ കളംനിറഞ്ഞ മത്സരത്തിൽ കാലിക്കറ്റിനായി ആന്റണി പൗലോസ് (51'), യോട്ടോ ലോഹെ (90+3') എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഗോൾഡൻ ത്രെഡ്സിന്റെ ഏക ഗോൾ ബിബിൻ അജയന്റെ (4') വകയായിരുന്നു. മൂന്നു ഗോളുകളും പിറന്നത് സെറ്റ് പീസുകളിൽ നിന്നായിരുന്നു.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ബിബിൻ അജയനിലൂടെ ഗോൾഡൻ ത്രെഡ്സ് മത്സരത്തിൽ മുന്നിലെത്തി. ഇടത് വിങ്ങിൽ ടച്ച് ലൈനിനു തൊട്ടുമുന്നിൽ ലഭിച്ച ഫ്രീകിക്ക് എടുത്ത ബിബിന് ഒട്ടും പിഴച്ചില്ല. വളഞ്ഞുയർന്ന പന്ത്, ഉയർന്നു ചാടിയ ഗോളിയെയും മറികടന്ന് നേരെ വലയിൽ പതിച്ചതോടെ ഗോൾഡൻ ത്രെഡ്സ് അപ്രതീക്ഷിത ലീഡ് നേടി.

മഴ മൂലം താൽക്കാലികമായി നിർത്തിവെച്ച മത്സരത്തിൽ, വർധിച്ച വീര്യത്തോടെയാണ് രണ്ടാം പകുതിയെ കാലിക്കറ്റ് എഫ്സി സമീപിച്ചത്. ഇതിന്റെ ഫലം 51-ാം മിനിറ്റിൽ സമനില ഗോളായി അവർക്ക് ലഭിച്ചു. ഗോൾഡൻ ത്രെഡ്സിന്റെ ഗോൾ പിറന്ന അതേ സ്ഥാനത്ത് നിന്നും ഫ്രീകിക്കെടുത്ത കാലിക്കറ്റിന്റെ ലാൽസ്വമ്പ്യൂയ, പന്ത് കൃത്യമായി ബോക്സിൽ ആന്റണിക്ക് നൽകി. ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ആന്റണി, ക്ലോസ് റേഞ്ചിൽ നിന്നുള്ള മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലേക്ക് വഴിതിരിച്ചുവിട്ടു.

മിനിറ്റുകൾക്ക് ശേഷം കോഴിക്കോടൻ ക്ലബ്ബിന്റെ ബോക്സിനു മുന്നിൽ വെച്ച് ഗോൾഡൻ ത്രെഡ്സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് തടുത്തിട്ട് ബിഷോർജിത് ഒരിക്കൽ കൂടി കാലിക്കറ്റ് എഫ്സിയുടെ രക്ഷകനായി മാറി. മത്സരത്തിലുടനീളം മികച്ച സേവുകളുമായി താരം വല കാത്തത് കാലിക്കറ്റിന് നിർണായകമായി.

രണ്ടാം പകുതിയിൽ താളം കണ്ടെത്തിയതോടെ എതിർ നിരയുടെ ഗോൾമുഖത്തേക്ക് കാലിക്കറ്റ് എഫ്സിയുടെ മുന്നേറ്റങ്ങൾ ഇരച്ചുകയറി. പലതവണ അവർ ഗോളിനടുത്തെത്തിയെങ്കിലും, ഷോട്ടുകൾ ലക്ഷ്യം കാണാതിരുന്നത് ടീമിനെ നിരാശയിലാഴ്ത്തി.

എന്നാൽ, ഇഞ്ചുറി സമയത്തേക്ക് മത്സരം കടന്നതോടെ കാലിക്കറ്റ് എഫ്സിയുടെ ആവേശകരമായ വിജയഗോൾ പിറന്നു. ലാൽസ്വമ്പ്യൂയ എടുത്ത കോർണർകിക്ക് ഹെഡ് ചെയ്ത് വലയിലേക്ക് തിരിച്ചുവിട്ട യോട്ടോ ലോഹെയിലൂടെ കാലിക്കറ്റ് സൂപ്പർ എട്ടിലെ തങ്ങളുടെ ആദ്യ ജയം അവിസ്മരണീയമാക്കി.

മെയ് ഒൻപതിന് കെഎസ്ഇബിക്ക് എതിരെയാണ് സൂപ്പർ എട്ടിൽ കാലിക്കറ്റ് എഫ്സിയുടെ അടുത്ത മത്സരം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.