Sections

കെപിഎൽ സൂപ്പർ 8: കെഎസ്എബിയുടെ ഫ്യൂസ് ഊരി കാലിക്കറ്റ് എഫ്സി

Sunday, May 10, 2026
Reported By Admin
Kerala Premier League 2025-26: Calicut FC Defeat KSEB with Dramatic Injury-Time Winner

തൃശൂർ: കേരള പ്രീമിയർ ലീഗ് 2025-26 സീസണിലെ സൂപ്പർ 8 പോരാട്ടത്തിൽ കാലിക്കറ്റ് എഫ്സിക്ക് തുടർച്ചയായ രണ്ടാം ജയം. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കോഴിക്കോടൻ ടീം കെഎസ്ഇബിയെ വീഴ്ത്തിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+5') രാഹുൽ വേണു നേടിയ തകർപ്പൻ ഗോളാണ് കാലിക്കറ്റിന് വിജയം സമ്മാനിച്ചത്. ഈ ജയത്തോടെ സൂപ്പർ 8 പോയിന്റ് പട്ടികയിൽ കാലിക്കറ്റ് എഫ്സി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

കിക്കോഫ് മുതൽ മികച്ച ആക്രമണങ്ങൾ അഴിച്ചുവിട്ട കെഎസ്ഇബിയായിരുന്നു തുടക്കത്തിൽ കളം നിറഞ്ഞത്. നിരന്തരമായി കാലിക്കറ്റ് പ്രതിരോധത്തെ പരീക്ഷിച്ച അവർ 21-ാം മിനിറ്റിൽ അർഹിച്ച ലീഡ് നേടി. വലത് വിങ്ബാക്ക് ഷിനു നൽകിയ മികച്ചൊരു പാസ് കാലിക്കറ്റ് പ്രതിരോധത്തെ ഭേദിച്ച് ഓടിയെടുത്ത വിഘ്നേഷ്, ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയുള്ള മുന്നേറ്റമായിരുന്നു അത്. ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച കാലിക്കറ്റ് ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് സമനിലയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല.

എന്നാൽ, ഒരു ഗോളിന്റെ പിന്നിലായെങ്കിലും തളരാതെയാണ് രണ്ടാം പകുതിയിൽ കാലിക്കറ്റ് എഫ്സി കളത്തിലിറങ്ങിയത്. നിരന്തരമായ മുന്നേറ്റങ്ങളുടെ ഫലമായി 63-ാം മിനിറ്റിൽ അവർ ഒപ്പമെത്തി. വലത് വിങ്ങിൽ നിന്നും നിതിൻ മധു എടുത്ത ഒരു ലോങ്ങ് ത്രോ ഇൻ ക്ലിയർ ചെയ്യുന്നതിൽ കെഎസ്ഇബി പ്രതിരോധത്തിന് സംഭവിച്ച പിഴവ് മുതലെടുത്ത ആന്റണി പൗലോസ് പന്ത് കൃത്യമായി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

സ്കോർ തുല്യമായതോടെ മത്സരം കൂടുതൽ ആവേശകരമായി. 72-ാം മിനിറ്റിൽ കെഎസ്ഇബിയുടെ നിജോ ഗിൽബർട്ട് നൽകിയ മികച്ചൊരു ക്രോസിൽ കാലുവെക്കാൻ വിഘ്നേഷിന് സാധിക്കാതെ പോയത് കാലിക്കറ്റിന് ജീവശ്വാസമായി. മറുഭാഗത്ത് കാലിക്കറ്റിനും ലഭിച്ച ചില മികച്ച അവസരങ്ങൾ നഷ്ടമായി.

എന്നാൽ സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കാലിക്കറ്റ് വീണ്ടും തങ്ങളുടെ പോരാട്ടവീര്യം പുറത്തെടുത്തു. 95-ാം മിനിറ്റിൽ ബോക്സിനുള്ളിൽ ലഭിച്ച ഒരു റീബൗണ്ട് അവസരം രാഹുൽ വേണു അനായാസം വലയിലെത്തിച്ചതോടെ കോഴിക്കോടൻ പടയ്ക്ക് ആവേശകരമായ ജയം സ്വന്തമായി. തുടർച്ചയായ രണ്ടാം തവണയാണ് ഇഞ്ചുറി ടൈം ഗോളിലൂടെ കാലിക്കറ്റ് നിർണ്ണായക ജയം സ്വന്തമാക്കുന്നത്.

മെയ് 12-ന് ഇഎംഇഎ കോളേജിനെതിരെയാണ് സൂപ്പർ 8-ൽ കാലിക്കറ്റിന്റെ അടുത്ത മത്സരം. പ്രാഥമിക റൗണ്ടിൽ ഇതേ എതിരാളികളെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലാകും ടീം കളത്തിലിറങ്ങുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.