- Trending Now:
കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ശൃംഖലയിലെ 13ാം റെസ്റ്റോറന്റ് പാലക്കാട് കണ്ണമ്പ്ര പന്തലാംപാടത്ത് ദേശീയ പാതയ്ക്ക് സമീപം ജില്ലാ പഞ്ചായത്തിന്റെ വഴിയോര വിശ്രമ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ന് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ.എം.ബി. രാജേഷ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പൂർണമായും ശീതീകരിച്ച റെസ്റ്റോറന്റിൽ ഒരേ സമയം 50 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. രാവിലെ ആറ് മുതൽ രാത്രി 11 മണി വരെയാണ് പ്രവർത്തന സമയം. കണ്ണമ്പ്ര സി.ഡി.എസിലെ 3 കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളും നെന്മാറ സി.ഡി.എസിലെ ഒരു അയൽക്കൂട്ടാംഗവുമാണ് ഈ പ്രീമിയം റെസ്റ്റോറന്റിന് ചുക്കാൻ പിടിക്കുന്നത്. ആറ് വിശ്രമ മുറികളുൾപ്പെടെയുള്ള വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പൂർണ്ണമായ നടത്തിപ്പ് ചുമതലയും കുടുംബശ്രീ സംരംഭകർക്കാണ്.
ഉപഭോക്താക്കൾക്ക് പ്രീമിയം സൗകര്യങ്ങൾ ഒരുക്കി രുചിവൈവിധ്യങ്ങൾ വിളമ്പുന്ന ഈ പദ്ധതിയുടെ ഭാഗമായി ആദ്യ പ്രീമിയം റെസ്റ്റോറന്റ് ആരംഭിക്കുന്നത് എറണാകുളം അങ്കമാലിയിലാണ്. പിന്നീട് വയനാട്ടിലെ മേപ്പാടി, തൃശ്ശൂരിലെ ഗുരുവായൂരിലും റെസ്റ്റോറന്റുകൾ തുടങ്ങി. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം (കുറവിലങ്ങാട്), കോഴിക്കോട് (കൊയിലാണ്ടി), കാസർഗോഡ് (സിവിൽ സ്റ്റേഷൻ), മലപ്പുറം (കോട്ടയ്ക്കൽ), തിരുവനന്തപുരം (സെക്രട്ടറിയേറ്റിന് സമീപം), കണ്ണൂർ (ഇരിട്ടി), കൊല്ലം (ചവറ), പത്തനംതിട്ട (പന്തളം), ആലപ്പുഴ (കല്ലിശ്ശേരി) എന്നിവിടങ്ങളിലും പ്രീമിയം റെസ്റ്റോറന്റുകൾ ആരംഭിച്ചു.
പി.പി സുമോദ് എം.എൽ.എ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാത്തുണ്ണി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. മുരളി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത പോൾസൺ, ബ്ളോക്ക് പഞ്ചായത്ത് അംഗം സുലോചന, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ദേവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, കണ്ണമ്പ്ര സി.ഡി.എസ് അധ്യക്ഷ രജനി. എസ് എന്നിവർ സംസാരിച്ചു. കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമതി സ്വാഗതവും കുടുംബശ്രീ പാലക്കാട് ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ അനുരാധ എസ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.