Sections

നിങ്ങള്‍ക്ക് ഒരു ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍ ആയി മാറാം; മികച്ച വരുമാനം നേടാം

Tuesday, Dec 28, 2021
Reported By admin
E-Commerce

ഒരു മാസത്തില്‍ ഇ-കൊമേഴ്‌സ് കമ്പനി വിതരണം ചെയ്ത നികുതി വിധേയമായ സാധനങ്ങളുടെയോ സേവനങ്ങളുടെയോ ആകെ തുക നെറ്റ് വാല്യു

 

നമ്മുടെ നാട്ടില്‍ അടുത്താകാലത്തായി വളരെ വളര്‍ന്നുവരുന്ന ഒരു സംരംഭ മേഖലയായി നമുക്ക് ഇ-കൊമേഴ്‌സ് രംഗത്തെ ചൂണ്ടിക്കാട്ടാം.ഈ മേഖല എന്താണ് ? എങ്ങനെയാണ് ഒരു ഇ-കൊമേഴ്‌സ് ഓപ്പറേറ്ററായി മാറുന്നത് ? ഇതിനെ ഏതെങ്കിലും വിധ ലൈസന്‍സുകള്‍ ആവശ്യമാണോ ?

ഇ കോമേഴ്സ് രംഗം നൂതനകാലത്ത് ഒഴിവാക്കാനാവത്ത മേഖലയാണ്. ഒരു ഇലക്ട്രോണിക് നെറ്റ് വര്‍ക്കിലൂടെ ഏതെങ്കിലും തരത്തിലുള്ള ചരക്കോ അല്ലെങ്കില്‍ സേവനമോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിതരണം ചെയ്യുന്ന രീതിയാണ് ഇ-കൊമേഴ്‌സ്.പണവും വിവരങ്ങളും ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടാലും അത് ഇ-കൊമേഴ്‌സില്‍പ്പെടും.

ഒരല്‍പ്പം റിസ്‌ക് എടുക്കേണ്ട രംഗം തന്നെ ഇ-കൊമേഴ്‌സ് സംരംഭം.വ്യക്തമായി പറഞ്ഞാല്‍ മികച്ച ബിസിനസ് ആശയമുള്ള എന്നാല്‍ ഒരു സ്ഥാപനം തുടങ്ങാന്‍ കഴിയാത്തവര്‍ക്ക് പരീക്ഷിക്കാവുന്ന ഏറ്റവും മികച്ച വഴിയാണ് ഇ-കൊമേഴ്‌സ്.

ഇത്തരത്തില്‍ പ്രൊഡക്ടുകളും സര്‍വ്വീസുകളും വിതരണം ചെയ്യാനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം സ്വന്തമായി ഒരുക്കുകയോ,മറ്റൊരാള്‍ വഴി ഈ സൗകര്യം ലഭ്യമാക്കുകയോ ചെയ്യുന്ന ആളുകളെ ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍ എന്ന് വിളിക്കാം.

നമ്മള്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങാന്‍ ഇന്നത്തെകാലത്ത് ആശ്രയിക്കുന്ന മിന്ത്ര,ഫ്‌ളിപ്കാര്‍ട്ട് ,ആമസോണ്‍,ഒഎല്‍എക്‌സ്,പോലുള്ള ഒരുപാട് വെബ്‌സൈറ്റുകള്‍ ഇ-കൊമേഴ്‌സ് രംഗത്ത് പ്രസിദ്ധമായവയാണ്.വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മാത്രമല്ല പച്ചക്കറിയും പലചരക്ക് സാധനങ്ങളും എല്ലാത്തിനും ഇ-കൊമേഴ്‌സ് സ്റ്റോറുകളുണ്ട്.

നിങ്ങള്‍ക്ക് ഈ കൊമേഴ്‌സ് സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ഉത്പന്നമായോ അതോ മറ്റുള്ളവരുടെ ഉത്പന്നമാണോ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കണം.അടുത്ത ഘട്ടം സ്‌റ്റോറിന് മികച്ച ഒരു പേര് കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുകയാണ്.

ഇതിനു ശേഷം വെബ്‌സൈറ്റ് നിര്‍മ്മാണത്തിലേക്ക് കടക്കാം.ഒറ്റയ്ക്കും പാര്‍്ട്ട്ണര്‍ഷിപ്പായും ഇ-കൊമേഴ്‌സ് സംരംഭം ആരംഭിക്കാവുന്നതാണ്.എംപ്ലോയര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എടുക്കുന്നതിനൊപ്പം ലൈസന്‍സിനായി അപേക്ഷ നല്‍കാവുന്നതാണ്.

സംരംഭത്തിന്റെ തുടക്കത്തില്‍ വിതരണത്തിലൂടെയുള്ള ടേണ്‍ ഓവര്‍ അടിസ്ഥാനത്തിലുള്ള ഇളവ് ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍ക്ക് ലഭ്യമല്ല അതുകൊണ്ട് തന്നെ തുടക്കത്തില്‍ തന്നെ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതുണ്ട്.

ഒരു യഥാര്‍ത്ഥ വിതരണക്കാരനെ പോലെ  തന്നെ നികുതി നിയമങ്ങള്‍ എല്ലാം പാലിക്കുവാന്‍ ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാരും ബാധ്യസ്ഥരാണ്.

ഇനി പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമുണ്ട്.പ്രത്യേകമായി പ്രഖ്യാപിച്ച ചില സേവനങ്ങള്ഡ വിതരണം ചെയ്യുമ്പോള്‍ പോലും ഈ-കൊമേഴ്‌സ് ഓപ്പറേറ്റര്‍ക്ക്  ഒരുവിധ ഇളവും ലഭിക്കില്ല.

പൊതുവെ ഇകൊമേഴ്‌സിലൂടെ വിതരണം ചെയ്ത സാധനങ്ങളൊക്കെ ഉപഭോക്താക്കള്‍ തിരിച്ചയ്ക്കുന്ന പതിവുണ്ടല്ലോ.ഇങ്ങനെ തിരിച്ചെത്തുന്ന സാധനങ്ങളുടെ മൂല്യം ആകെ വിതരണം ചെയ്ത സാധനങ്ങളുടെ തുകയില്‍ നിന്നാകും കുറയ്ക്കുന്നത്.

ഇ-കൊമേഴ്‌സ് വഴി പ്രൊഡക്ടുകളും സേവനങ്ങളും വിതരണം ചെയ്യുമ്പോള്‍ അവയുടെ ആകെ നികുതിക്കൊപ്പം ഒരു ശതമാനം കൂടി അധിക നികുതി ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍ ഈടാക്കാറുണ്ട്.ഇത് ടിസിഎസ് എന്നറിയപ്പെടുന്നു.

പിരിച്ചെടുത്ത ടിസിഎസ് മാസം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതുണ്ട്.അതിനൊപ്പം ആ മാസത്തെ വിതരണം ചെയ്ത സാധനങ്ങളുടെയോ സേവനങ്ങളുടെയോ വിവരങ്ങള്‍ അടക്കം ഒരു സ്‌റ്റേറ്റ്‌മെന്റ് ഇലക്ട്രോണിക് ആയി തന്നെ ഫയല്‍ ചെയ്യണം.തിരിച്ചുവന്ന സാധനങ്ങളുണ്ടെങ്കില്‍ ആ വിവരവും ഈ സ്റ്റേറ്റ്‌മെന്റില്‍ രേഖപ്പെടുത്തണം.

ഒരു മാസത്തില്‍ ഇ-കൊമേഴ്‌സ് കമ്പനി വിതരണം ചെയ്ത നികുതി വിധേയമായ സാധനങ്ങളുടെയോ സേവനങ്ങളുടെയോ ആകെ തുക നെറ്റ് വാല്യു എന്നാണ് അറിയപ്പെടുന്നത്.

ഇനി നമുക്ക് എന്തൊക്കെയാണ് ഇത്തരത്തില്‍ ഒരു ഇ-കൊമേഴ്‌സ് സംരംഭം ആരംഭിച്ചതു കൊണ്ടുള്ള പ്രധാന നേട്ടങ്ങളെന്ന് കൂടി പരിശോധിച്ചാലോ ?

സാധാരണ നിങ്ങളൊരു വ്യവസായ സ്ഥാപനം ഉദാഹരണത്തിന് ഒരു കട തുടങ്ങിയെന്ന് കരുതുക.ആ കടയ്ക്ക് ചുറ്റിലുമുള്ള ആളുകളായിരിക്കും നിങ്ങളുടെ ഉപഭോക്താക്കള്‍.നിശ്ചിത സമയത്തിനു ശേഷം കട അടയ്‌ക്കേണ്ടി വരുന്നു.എന്നാല്‍ ഒരു ഇ കൊമേഴ്‌സ് സംരംഭം ആണെങ്കില്‍ ആഗോളതലത്തില്‍ ഉപഭോക്താക്കളുണ്ടാകുന്നു.24 മണിക്കൂറും സംരംഭം തുറന്ന് തന്നെ പ്രവര്‍ത്തിക്കുന്നു.അതുപോലെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ മാര്‍ക്കറ്റിംഗിനു വേണ്ടി പ്രയോജനപ്പെടുത്തുകയുമാകാം.

നിലവില്‍ ഒരു സ്ഥാപനമോ ബ്രാന്‍ഡോ ഉണ്ടെങ്കിലും അതിനെ ഇ-കൊമേഴ്‌സ് രീതിയിലൂടെ ഡിജിറ്റലാക്കി വില്‍പ്പന നടത്താന്‍ സാധിക്കും.ഉദാഹരണത്തിന് രാമചന്ദ്രന്‍ ടെക്‌സ്‌സ്റ്റൈല്‍സിന്റെ കാര്യമെടുക്കാം.വസ്ത്രവ്യാപാരം നടത്തുന്ന സ്റ്റോര്‍ അവര്‍ക്ക് ഉണ്ട് അതോടൊപ്പം അതേ പേരില്‍ ഒരു വെബ്‌സൈറ്റ് വഴിയും രാമചന്ദ്രന് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നു.ഇതൊക്കെയാണ് ഇ-കൊമേഴ്‌സ് സ്റ്റോറുകള്‍ ആരംഭിക്കുന്നതിലൂടെ ലഭിക്കുന്ന പ്രധാന നേട്ടങ്ങള്‍.

നിങ്ങള്‍ക്ക് കുറച്ചൊക്കെ താല്‍പര്യമുള്ള ധാരണയുള്ള പാഷനോ ഹോബിയോ ഒക്കെ പരിഗണിച്ച് കൊണ്ട് തന്നെ ഇ-കൊമേഴ്‌സ് ബിസിനസുകള്‍ നടത്താവുന്നതാണ്.ഉദാഹരണത്തിന് നിങ്ങള്‍ക്ക് സ്‌പോര്‍ട്‌സില്‍ താല്‍പര്യമുണ്ടെങ്കില്‍ സ്‌പോര്‍ട്‌സ് ഉല്‍പന്നങ്ങള്‍ വില്‍ക്കാം.

ഇ-കോമേഴ്സിന് വൈവിധ്യമാര്‍ന്ന കഴിവുകളുളള ടീം അംഗങ്ങള്‍ ആവശ്യമാണ്. ഇനി പറയാന്‍ പോകുന്നത് നിങ്ങള്‍ക്ക് എങ്ങനെ ഒരു കരുത്തുറ്റ ഇ-കൊമേഴ്‌സ് ടീമിനെ തയ്യാറാക്കാം എന്നതിനെ കുറിച്ചാണ്.

പ്രധാനമായും വിപണനക്കാര്‍, സോഴ്സിങ്ങ് ടീം, വെയര്‍ഹൗസിങ്ങ് ടീം, കാറ്റഗറി മാനേജര്‍, ഡവലപ്പര്‍മാര്‍, ഉത്പന്ന മാനേജര്‍മാര്‍ ,ഡാറ്റാ അനലിസ്റ്റുകള്‍, അക്കൗണ്ടന്റുകള്‍ മുതലായവ ആവശ്യമാണ്. ഇവ വളരെ സവിശേഷമായ ഒരു മേഖലയാണ

ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുന്ന മള്‍്ട്ടി ടാലന്റായിട്ടുള്ള ആളുകളെ തെരഞ്ഞെടുക്കുക.ഗൂഗിള്‍ പരസ്യങ്ങള്‍, ഫേസ്ബുക്ക് പരസ്യങ്ങള്‍, എസ്ഇഒ, സോഷ്യല്‍മീഡിയ,കണ്ടന്റ് മാര്‍ക്കറ്റിങ്ങ്, ഇമെയില്‍ മാര്‍ക്കറ്റിങ്ങ് എന്നിവയില്‍ കഴിവുളള ആളുകള്‍ ആവശ്യമാണ്.

ഇ-കൊമേഴ്‌സ് രംഗം പൂര്‍ണമായും ഡിജിറ്റല്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.അതുകൊണ്ട് തന്നെ ഇതിലേക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ അതി വൈദഗ്ധ്യം പുലര്‍ത്തുന്നവരായിരിക്കണം.പലപ്പോഴും നിങ്ങള്‍ക്ക് ശരിയായ ആളെ തെരഞ്ഞെടുക്കാന്‍ കഴിയാതെ വരും അതുകൊണ്ട് നിയമനങ്ങള്‍ക്കായി അഭിമുഖങ്ങളും മറ്റും സംഘടിപ്പിക്കാന്‍ പുറമെ നിന്നുള്ള കണ്‍സല്‍ട്ടന്റുകളെ കൂടി ഉള്‍പ്പെടുത്താവുന്നതാണ്.

ഇ-കോമേഴ്സ് സംരംഭങ്ങളില്‍ മാര്‍ക്കറ്റിങ്ങ്, സോഴ്സിങ്ങ് ടീമുകള്‍ തമ്മില്‍ നല്ല യോജിപ്പ് ആവശ്യമാണ്. ഇ കോമേഴ്സ് എന്നത് വെറും സ്റ്റോക്കിലുളളത് വില്‍ക്കുന്നതല്ല. മറിച്ച് നിങ്ങളുടെ വില്‍പ്പന, മാര്‍ജിന്‍, ഉപയോക്തൃ അനുഭവം എന്നിവയെല്ലാം പരമാവധി വര്‍ധിപ്പിക്കുന്ന രീതിയില്‍ സോഴ്സിങ്ങ് ടീമുകളെയും, മാര്‍ക്കറ്റിങ്ങും ടീമുകളെയും കൈകാര്യം ചെയ്യുന്നത് കൂടിയാണ്.ഇവരുടെ മീറ്റിംഗുകളിലും തീരുമാനമെടുക്കല്‍ പ്രക്രിയകളിലും പങ്കുചേരുന്നത് ഗുണം ചെയ്യും.

നിങ്ങളുടെ ഓണ്‍ലൈന്‍ വില്്പനയെ മുന്നോട്ട് നയിക്കാന്‍ ആവശ്യമായ സഹായത്തിന് മികച്ച ഏജന്‍സികളെ ആശ്രയിക്കുന്നതില്‍ തെറ്റില്ല.

ഓരോ ഇ കോമേഴ്സ് ഇടപാടിലും ഉല്പന്ന ചിലവ്, വെയര്‍ ഹൗസിങ്ങ് ചിലവുകള്‍, പാക്കേജിങ്ങ് ചാര്‍ജുകള്‍ ,ഷിപ്പിങ്ങ് ചാര്‍ജുകള്‍,റിട്ടേണ്‍സ് കോസ്റ്റ്, മാര്‍ക്കറ്റിങ്ങ് ചിലവ്, ഡിസ്‌കൗണ്ട്, പ്രമോഷനുകള്‍, ട്രാന്‍സ് ആക്ഷന്‍ ചാര്‍ജുകള്‍ എന്നിങ്ങനെയുളള ഒന്നിലധികം തലത്തിലുളള ഇടപാടുകള്‍ ഉള്‍പ്പെടുന്നു. ചെലവുകളുടെ വിശദമായ വിശകലനം നടത്തേണ്ടതുണ്ട്.അതുകൊണ്ട് തന്നെ ഫിനാന്‍സ് ടീമിന് നികുതി ശേഖരണവും സമര്‍പ്പണവും മാത്രമല്ല ജോലി എന്നത് തിരിച്ചറിയുക.

ലോകത്തിലേറ്റവും കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് സ്‌റ്റോറുകളുടെ വലിയ വളര്‍ച്ചയാണ് നിലവില്‍ കാണുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.