Sections

ചെറുകിട സംരംഭങ്ങള്‍ക്ക് ധനസഹായ പദ്ധതികളുമായി കെഎസ്എഫ്ഇ  

Wednesday, Dec 22, 2021
Reported By Admin
ksfe

വീടുകളില്‍ സ്മാര്‍ട്ട് കിച്ചണ്‍ ഒരുക്കാന്‍ പ്രത്യേക വായ്പാ പദ്ധതിയും തുടങ്ങും

കെഎസ്എഫ്ഇയുടെ പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്ക് കൂടുതലായി വ്യാപിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ വരദരാജന്‍. ഗ്രാമീണ മേഖലയില്‍ മൈക്രോ ബ്രാഞ്ചുകള്‍ ആരംഭിച്ച് കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തമാക്കും. അഞ്ചുവര്‍ഷം കൊണ്ട് 1000 ബ്രാഞ്ചുകളാക്കി ഒരു ലക്ഷം കോടിയുടെ വാര്‍ഷിക വിറ്റുവരവിലേക്ക് കെഎസ്എഫ്ഇയെ ഉയര്‍ത്തുമെന്നും വരദരാജന്‍ പറഞ്ഞു. 

നിലവില്‍ 57,067 കോടി രൂപയാണ് വിറ്റുവരവ്. ഒരു മാനേജരും രണ്ടോ മൂന്നോ ജീവനക്കാരുമായാണ് മൈക്രോ ബ്രാഞ്ചുകള്‍ തുടങ്ങുക. തദ്ദേശസ്ഥാപന മേധാവികള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് സാധ്യതാ പഠനം നടത്തി ഇതു പരിഗണിക്കും. നിലവില്‍  638 ബ്രാഞ്ചുണ്ട്. 

ചെറിയ വരുമാനക്കാര്‍ക്കും പദ്ധതികള്‍

ചെറിയ വരുമാനക്കാര്‍ക്കുകൂടി ആശ്രയിക്കാനാകും വിധം പദ്ധതികളുണ്ടാക്കും. ചെറുകിട വ്യവസായികള്‍, വഴിയോരക്കച്ചവടക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അസംഘടിത തൊഴിലാളികള്‍ എന്നിവര്‍ക്ക് ഉതകുന്ന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. വീടുകളില്‍ സ്മാര്‍ട്ട് കിച്ചണ്‍ ഒരുക്കാന്‍ പ്രത്യേക വായ്പാ പദ്ധതിയും തുടങ്ങും. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് ഭവനവായ്പാ പദ്ധതിയും കൊണ്ടുവരും. അഞ്ചര മുതല്‍ ഏഴുശതമാനംവരെ പലിശയുള്ള സ്വര്‍ണപ്പണയ വായ്പ കൂടുതല്‍ ഫലപ്രദമാക്കും. 

പ്രവാസിചിട്ടി കൂടുതല്‍ പേരിലേക്ക്

ജനകീയമായ പ്രവാസി ചിട്ടിക്ക് സമാനമായ ചിട്ടികള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. രണ്ടരവര്‍ഷം കൊണ്ട് 543 കോടി രൂപയാണ് പ്രവാസിചിട്ടിവഴി സമാഹരിച്ചത്. വന്‍ സാധ്യത തുറന്നിടുന്ന ചിട്ടി  ഇതര സംസ്ഥാനത്തുള്ളവര്‍ക്കും പ്രയോജനപ്പെടുത്താന്‍ സൗകര്യമൊരുക്കും. ഇതിന് മറ്റു സംസ്ഥാനങ്ങളില്‍  പ്രചാരണം നടത്തുമെന്നും കെ വരദരാജന്‍ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.