Sections

രാജ്യത്തുടനീളം 508 റെയില്‍വേ സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു; കേരളത്തിലെ ആകെ 35 എണ്ണം

Saturday, Aug 05, 2023
Reported By admin
railway

സംസ്ഥാനത്ത് അഞ്ച് സ്റ്റേഷനുകളില്‍ അമൃത് പദ്ധതിയുടെ ശിലാസ്ഥാപനം നടക്കും


രാജ്യത്തുടനീളുമുള്ള 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തറക്കല്ലിടും. അമൃത് പദ്ധതിക്ക് കീഴിലാണ് സ്റ്റേഷനുകള്‍ നവീകരണത്തിന് ഒരുങ്ങുന്നത്. ഓഗസ്റ്റ് ആറ് ഞായറാഴ്ച ഓണ്‍ലൈനായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടല്‍ പരിപാടി നടത്തുന്നത്. പദ്ധതിക്ക് 24,470 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2025ഓടെ ഈ സ്റ്റേഷനുകളുടെ നവീകരണ പരിപാടികള്‍ പൂര്‍ത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതിയുടെ പുരോഗതി പ്രധാനമന്ത്രി മോദി നിരീക്ഷിക്കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു,

''ഈ സ്റ്റേഷനുകളുടെ വികസനം ഞങ്ങളുടെ സര്‍ക്കാരിന്റെ പ്രധാന ശ്രദ്ധയാണ്. ഈ റെയില്‍വേ സ്റ്റേഷനുകളുടെ പുരോഗതി നമ്മുടെ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ഈ സ്റ്റേഷനുകളുടെ ഡിസൈനുകളില്‍ അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കി, ഈ 508 സ്റ്റേഷനുകളുടെ അടിത്തറയിടും.'' റെയില്‍ മന്ത്രി പറഞ്ഞു.

27 സംസ്ഥാനങ്ങളിലൂടെയും കേന്ദ്രഭരണപ്രദേശങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന 508 സ്റ്റേഷനുകളാണ് നവീകരിക്കുന്നത്. സംസ്ഥാനങ്ങളും അവിടെ നവീകരിക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റേഷനുകളും ഇങ്ങനെ, ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതവും ബീഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, കേരളത്തില്‍ 35, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22 ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും ജാര്‍ഖണ്ഡില്‍ 20 ഉം ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 18 വീതവും ഹരിയാനയില്‍ 15 ഉം കര്‍ണാടകയില്‍ 13 ഉം സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.

സംസ്ഥാനത്ത് അഞ്ച് സ്റ്റേഷനുകളില്‍ അമൃത് പദ്ധതിയുടെ ശിലാസ്ഥാപനം നടക്കും. പാലക്കാട് ഡിവിഷനില്‍ കണ്ണൂര്‍ ഉള്‍പ്പെടെ 16 സ്റ്റേഷനുകളുണ്ട്. ഇതില്‍ ആറെണ്ണത്തിന്റെ ശിലാസ്ഥാപനച്ചടങ്ങാണ് നാളെ നടക്കുന്നത്. ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തിരൂര്‍, വടകര, പയ്യന്നൂര്‍, കാസര്‍കോട്, മംഗളൂരു ജംഗ്ഷന്‍, നാഗര്‍കോവില്‍ എന്നീ സ്റ്റേഷനുകളില്‍ രാവിലെ മുതല്‍ കലാപരിപാടികുളം സംഘടിപ്പിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.