Sections

സംരംഭത്തിന്റെ എല്ലാ ഘട്ടങ്ങളിലും ധനസഹായം...അതും 20 ശതമാനം വരെ സബ്‌സിഡിയോടെ

Tuesday, Dec 28, 2021
Reported By Admin
food

പദ്ധതി വിഹിതത്തിന്റെ 30 ശതമാനം മൈക്രോ സംരംഭങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്ന് പ്രത്യേകം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്


സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം സംരംഭം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെയിരിക്കുകയാണോ? എങ്കില്‍ ഇഎസ്എസ് പദ്ധതി നിങ്ങളെ സഹായിക്കും. സംരംഭകത്വത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക പരാധീനതകള്‍, മറ്റ് ആവശ്യങ്ങള്‍ എന്നിവ നിമിത്തം പകച്ചു നില്‍ക്കേണ്ടി വരുന്ന സംരംഭകര്‍ക്ക് സംരംഭക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആവശ്യമായ സേവനങ്ങള്‍ ഉറപ്പു വരുത്തുകയാണ് വ്യവസായ വകുപ്പിന് കീഴിലുള്ള സംരംഭകത്വ സഹായ പദ്ധതി എന്‍ട്രപ്രണര്‍ഷിപ്പ് സപ്പോര്‍ട്ട് സ്‌കീം.

ഉല്‍പ്പാദന മേഖലയിലുള്ള മൈക്രോ, സ്മോള്‍ സംരംഭങ്ങള്‍ക്ക് കൈത്താങ്ങാകുന്നതിനു വേണ്ടി വിവിധ ഘട്ടങ്ങളില്‍ സാമ്പത്തിക സഹായം അനുവദിക്കുവാന്‍ വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണിത്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം പൂര്‍ണമായും ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ധനസഹായം ആര്‍ക്ക്? 

2012 ഏപ്രില്‍ ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയോ, വായ്പ അനുവദിക്കുകയോ, കൈപ്പറ്റുകയോ ചെയ്തിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി പ്രകാരം ധന സഹായം ലഭിക്കും. ഉല്‍പ്പാദന സംരംഭങ്ങള്‍ക്ക് മാത്രമാണു ഈ പദ്ധതി പ്രയോജനം ചെയ്യുക. ബാങ്ക് വായ്പ ഇല്ലാതെ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും ഇ എസ് എസ് പ്രകാരമുള്ള ആനുകൂല്യം ലഭിക്കും.

ധനസഹായം എത്ര?

നെഗറ്റീവ് ലിസ്റ്റില്‍ പരാമര്‍ശിക്കാത്ത എല്ലാത്തരം ഉല്‍പ്പാദന സംരഭങ്ങള്‍ക്കും ഈ പദ്ധതി പ്രകാരമുള്ള സഹായത്തിനു അര്‍ഹതയുണ്ട്. ഒരു സംരംഭം തുടങ്ങുന്നതിനു ആവശ്യമായ സ്ഥിര മൂലധന നിക്ഷേപം പരിഗണിച്ചാണു ആനുകൂല്യങ്ങള്‍ നല്‍കുക. ഭൂമി, ഭൂമി വികസനം, കെട്ടിടം, യന്ത്ര സാമഗ്രികള്‍, ജനറേറ്ററുകള്‍, വൈദ്യുതീകരണ ചെലവുകള്‍ തുടങ്ങി നിക്ഷേപത്തിന്റെ തോത് അനുസരിച്ച് പരമാവധി 30 ലക്ഷം രൂപ വരെയാണു സബ്സിഡി നല്‍കുക.

സംസ്ഥാനത്ത് ആരംഭിക്കുന്ന മൈക്രോ, സ്മോള്‍ സംരംഭങ്ങള്‍ക്ക് അവയ്ക്ക് വേണ്ടി വരുന്ന സ്ഥിര നിക്ഷേപത്തിന്റെ 15 ശതമാനം പരമാവധി 20 ലക്ഷം രൂപ എന്ന കണക്കില്‍ സബ്സിഡി നല്‍കുന്നു. എന്നാല്‍ വനിതകള്‍, പട്ടിക ജാതി/വര്‍ഗ്ഗ വിഭാഗക്കാര്‍, യുവാക്കള്‍ (45 വയസ്സില്‍ താഴെ) എന്നിവര്‍ക്ക് 20 ശതമാനവും, പരമാവധി 30 ലക്ഷം രൂപയുമാണു സബ്സിഡിയുടെ കണക്ക്. പദ്ധതി വിഹിതത്തിന്റെ 30 ശതമാനം മൈക്രോ സംരംഭങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്ന് പ്രത്യേകം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.

അധിക സബ്സിഡി 

മുന്‍ഗണനാ വിഭാഗത്തില്‍ വരുന്ന യൂണിറ്റുകള്‍ക്കും, ഇടുക്കി, കാസര്‍ഗോഡ്, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളെ പിന്നോക്ക ജില്ലകളായി കണക്കാക്കിയിരിക്കുന്നതിനാല്‍ ഇവിടുങ്ങളില്‍ ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്കും പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നവയ്ക്കും 10 ശതമാനം പരമാവധി 10 ലക്ഷം രൂപ എന്ന കണക്കില്‍ അധിക സബ്സിഡിയും ലഭിക്കുന്നതാണ്.

മുന്‍ഗണന സംരംഭങ്ങള്‍ 

റബ്ബര്‍, കാര്‍ഷിക ഭക്ഷ്യ സംസ്‌കരണം, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം, പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍, ബയോടെക്നോളജി, 100 ശതമാനം കയറ്റുമതി സ്ഥാപനങ്ങള്‍, മണ്ണില്‍ നശിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകളുടെ പുനരുപയോഗ സംരംഭങ്ങള്‍, ജൈവ വളം എന്നീ മേഖലകളാണ് മുന്‍ഗണനാ വിഭാഗത്തില്‍ വരിക.

ഇഎസ്എസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ 3 ഘട്ടങ്ങളിലായിട്ടാണു ലഭ്യമാവുക. സംരംഭം ആരംഭിക്കുന്നതിനു മുന്‍പ് തുടങ്ങാനുള്ള സഹായവും ആരംഭിച്ച് കഴിഞ്ഞാല്‍ നിക്ഷേപ സഹായവും മെച്ചപ്പെട്ട സാങ്കേതിക വിദ്യ സമ്പാദിച്ചാല്‍ സാങ്കേതിക സഹായവും നല്‍കുവാന്‍ ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിക്ഷേപ സഹായം സ്വീകരിക്കുന്ന സ്ഥാപനം ഉല്‍പ്പാദനം ആരംഭിച്ച തീയതി മുതല്‍ അടുത്ത അഞ്ച് വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച് കൊള്ളാമെന്ന് മുദ്രപ്പത്രത്തില്‍ സമ്മത പത്രം നല്‍കിയാല്‍ മാത്രമേ ധനസഹായം അനുവദിക്കുകയുള്ളൂ. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്കുകളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ess.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.