Sections

കൊച്ചി-മുസിരിസ് ബിനാലെയുടെ പരിപാടികൾ പ്രഖ്യാപിച്ച് കെബിഎഫ്

Tuesday, Nov 04, 2025
Reported By Admin
Kochi-Muziris Biennale 2025 Unveils Event Lineup

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) ആറാം പതിപ്പിൽ പ്രദർശനങ്ങൾക്കൊപ്പം നടക്കാനിരിക്കുന്ന മറ്റ് അനുബന്ധപരിപാടികൾ കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. സംഭാഷണങ്ങൾ, സിനിമ, ഭക്ഷണ ശീലങ്ങൾ, സംഗീതം, നാടകം, വർക്ക്ഷോപ്പുകൾ, നൃത്താവതരണങ്ങൾ തുടങ്ങി പ്രതിഭാധനരുടെ വലിയൊരു നിര തന്നെ ബിനാലെയിൽ വ്യത്യസ്ത പരിപാടികൾ അവതരിപ്പിക്കും.

ഇക്കുറി ബിനാലെ പവലിയൻ നിർമ്മിക്കുന്നത് ആർക്കിടെക്റ്റ് സെന്തിൽ കുമാർ ദോസ് ആണ്. 'പ്രിമോർഡിയൽ' എന്ന് പേരിട്ടിരിക്കുന്ന ഈ പവലിയനാകും ബിനാലെയുടെ ഹൃദയമെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി. ലോക പ്രശസ്ത സമകാലീന കലാകാരി മറീന അബ്രമോവിച്ച് അവതരിപ്പിക്കുന്ന പ്രകടനം, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചരിത്രങ്ങൾ പര്യവേക്ഷണം ചെയ്യുന്ന സൗത്ത് ബൈ സൗത്ത് പരിപാടിയും പ്രദർശനങ്ങളിലെ ചില ആകർഷണങ്ങളാണ്.

കേരളത്തിൽ നിന്നുള്ള 36 കലാകാരരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന 'ഇടം' ഐശ്വര്യ സുരേഷ്, കെ എം മധുസൂദനൻ എന്നിവർ ചേർന്ന് ക്യൂറേറ്റ് ചെയ്യുന്നു. മൂന്ന് വേദികളിലായാണ് 'ഇടം' അരങ്ങേറുന്നത്.

ഇതിനകം പ്രഖ്യാപിച്ച സ്റ്റുഡന്റ്സ് ബിനാലെയിൽ രാജ്യത്തുടനീളമുള്ള 150 കലാവിദ്യാലയങ്ങളിൽ നിന്നുള്ള 70 കലാസൃഷ്ടികളാണ് നാല് വേദികളിലായി പ്രദർശിപ്പിക്കുന്നത്. ബിനാലെ ഫൗണ്ടേഷന്റെ ഒരു പ്രധാന സംരംഭമായ 'ആർട്ട് ബൈ ചിൽഡ്രൻ' (എബിസി) പ്രോഗ്രാം വർക്ക്ഷോപ്പുകൾക്കും ഇതിന്റെ ഭാഗമായി വേദിയൊരുങ്ങും. കെബിഎഫ് ന്റെ ആർട്ട് റെസിഡൻസി പ്രോഗ്രാമും പുനരാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ബാച്ചിലെ കലാകാരന്മാർക്ക് കൊച്ചി ആതിഥേയത്വം വഹിക്കും.

പരിപാടികളുടെ വിശദാംശങ്ങളടങ്ങിയ പൂർണ്ണമായ പട്ടിക നവംബർ രണ്ടാം പകുതിയിൽ പ്രഖ്യാപിക്കുമെന്ന് കെബിഎഫ് അറിയിച്ചു. വൈവിദ്ധ്യം നിറഞ്ഞ ലോകത്തിന്റെ ആവാസവ്യവസ്ഥയെ 109 ദിവസം കൊച്ചിയിൽ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രോഗ്രാംസ് ഡയറക്ടറായ മാരിയോ ഡിസൂസ ചൂണ്ടിക്കാട്ടി. വർത്തമാനകാലത്തെ ഭിന്നിപ്പിക്കപ്പെട്ട, ധ്രുവീകരിക്കപ്പെട്ട ലോകത്ത് കലയുടെ പശ്ചാത്തലത്തിൽ ചിന്തിക്കാനും സന്തോഷം കണ്ടെത്താനും ഭക്ഷണം പങ്കിട്ട് കഴിക്കാനും, ദുഃഖിക്കാനും, കഴിയുന്നത് ഒരനുഗ്രഹമാണ്. തകർന്ന ലോകത്ത് പ്രതീക്ഷ നിലനിർത്തുന്നവരെയും ആദരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മാരിയോ പറഞ്ഞു.

ഡിസംബർ 12-ന് ആരംഭിക്കുന്ന ബിനാലെ 2026 മാർച്ച് 31 വരെ തുടരും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.