Sections

കുറഞ്ഞ മുതല്‍മുടക്കില്‍ വലിയ സംരംഭങ്ങള്‍

Friday, Jun 25, 2021
Reported By GOPIKA G.S.
startup

കുറഞ്ഞ മുതല്‍മുടക്കില്‍ ചെയ്യാന്‍ കഴിയുന്ന ഏതാനം ബിസിനസുകള്‍ 

 

കോവിഡ് പല മേഖലകളെയും തകിടം മറിച്ചും പലരുടെയും ജോലികള്‍ അവതാളത്തിലാക്കിയും വന്നും പോയും ഇങ്ങനെ നില്‍ക്കുകയാണ്. സാമ്പത്തികമായി രാജ്യവും സംസ്ഥാനവും എല്ലാം തളരുമ്പോള്‍ ഭാവിയിലേക്ക് വരുമാനം കൂട്ടാനായി വ്യവസായങ്ങള്‍ ഇരു സര്‍ക്കാരും പ്രോത്സാഹിപ്പിക്കും. ചെറുകിട ഉത്പാദന യൂണിറ്റുകളുടെ ഒര വന്‍ നിര തന്നെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ദൃശ്യമാകും. വ്യവസായം സുഗമമാക്കല്‍ നിയമം വഴിയും ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചും സംരംഭങ്ങളെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഗവണ്‍മെന്റും മുന്‍കൈയെടുക്കുന്നു.നൈപുണ്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്കുന്ന ബഡ്ജറ്റ് പ്രഖ്യാപനങ്ങളും നടന്നുകഴിഞ്ഞു. നൈപുണ്യം നേടുന്ന പുതിയ തലമുറ സംരംഭകര്‍ക്ക് മുതല്‍ക്കൂട്ടാണ്. കൂടാതെ സംരഭത്വത്തിലേക്കുള്ള  മുന്നേറ്റവും സുഗമമാകും

 അഞ്ചു ലക്ഷം രൂപ മുതല്‍മുടക്കില്‍ കേരളത്തില്‍ ആരംഭിക്കാന്‍ കഴിയുന്ന ഏതാനും സംഭരംഭങ്ങള്‍ നമുക്ക് പരിചയപ്പെടാം.

1. മായം ചേര്‍ക്കാത്ത കറിപ്പൊടി നിര്‍മ്മാണം 
മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി മസാലകൂട്ടുകളിലെല്ലാം മായം ചേര്‍ക്കലിന്റെ കഥകളും വാര്‍ത്തകളും നമ്മള്‍ ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നു. കിടിലം പാക്കറ്റില്‍ സിനിമ താരങ്ങള്‍ മോഡലുകളായി വരുന്ന പല കറി പൊടികളും മായം കലര്‍ന്നതാണെന്നു കണ്ടെത്തിക്കഴിഞ്ഞതുമാണ് . ഈ സാഹചര്യത്തില്‍ നിന്നും ഒരു സംരംഭസാധ്യത കണ്ടെത്തുകയാണ് വേണ്ടത്. മായം ചേര്‍ക്കാത്ത നല്ല നാടന്‍ കറിപൊടികള്‍ക്ക് വലിയ വിപണിയാണ് ഉള്ളത്. മസാല പാക്കറ്റുകള്‍ മേടിക്കാതെ മസാല കൂട്ടുകളോ അല്ലെങ്കില്‍ സുഗന്ധവ്യഞ്ജനങ്ങളോ മേടിച്ച് പൊടിക്കുന്നവര്‍ തന്നെ ഇതിന് ഉദാഹരണമാണ്. 

കുറഞ്ഞ മുതല്‍മുടക്കില്‍ വലിയ സാങ്കേതിക വിദ്യകളുടെ പിന്‍ബലമില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന ഈ വ്യവസായം കേരളത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും യോജിച്ചതുമാണ്. കലര്‍പ്പില്ലാത്ത  മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി മസാലകൂട്ടുകള്‍ എന്നിവ നിര്‍മ്മിച്ച് 100 ഗ്രാം, 250 ഗ്രാം, 500 ഗ്രാം, 1കി.ഗ്രാം, 5കി.ഗ്രാം പായ്ക്കുകളില്‍ വിപണനം നടത്താം. നിങ്ങള്‍ വില്‍ക്കുന്നത് നാടന്‍ പൊടി ഉത്പന്നങ്ങള്‍ ആണെന്ന് ഉപയോക്താക്കള്‍ക്ക് ഒറ്റനോട്ടത്തില്‍ മനസിലാകുന്ന തരത്തിലുള്ള പാക്കിങ് നടത്തുന്നതാകും ഉത്തമം. നാടന്‍ പൊടിയുല്പന്നങ്ങള്‍ക്ക് ഡിമാന്റ് വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ മറ്റ് ബ്രാന്ററുകളോട് മത്സരിക്കാനും നില്‍ക്കണ്ട. ഗുണമേന്മ നിലനിര്‍ത്തുക എന്നതാണ് പ്രാധാന്യം. ഒരു പ്രാവശ്യം വാങ്ങി ഉപയോഗിക്കുന്ന വീട്ടമ്മമാര്‍ വീണ്ടും വാങ്ങണമെങ്കില്‍ ഗുണമേന്മ നിര്‍ബന്ധമാണ്. 

ആദ്യ ഘട്ടത്തില്‍ അസംസ്‌കൃത വസ്തുക്കള്‍ കൊച്ചിയിലെ മട്ടാഞ്ചേരി പോലുള്ള മാര്‍ക്കറ്റില്‍ ലഭിക്കും. പിന്നീട് വിപണി വളരുന്നതിനനുസരിച്ച് ഇടുക്കി,വയനാട് അല്ലെങ്കില്‍ മറ്റ് മലയോര പ്രദേശങ്ങളിലെ കര്‍ഷകരുടെ അടുത്ത് നിന്ന് സാധനങ്ങള്‍ വാങ്ങാം. 

വലിയ സാങ്കേതിക പരിജ്ഞാനമോ, വിദ്യാഭ്യാസയോഗ്യതയോ ഒന്നും ഈ വ്യവസായത്തിന് ആവശ്യമില്ല. വിവിധ പൊടിയുല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും, പായ്ക്കിംഗിനും മറ്റുമായി ഒരു ദിവസത്തെ പരിശീലനം നേടിയാല്‍ മതിയാകും. പ്രധാനമായും ശ്രദ്ധിക്കേണ്ടത് പൊടിയുല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരവും ഈര്‍പ്പത്തിന്റെ അളവുമാണ്. ഈര്‍പ്പം കൂടിയാല്‍ ഉല്പന്നങ്ങള്‍ വേഗത്തില്‍ കേടുവരുന്നതിന് കാരണമാവും. സാധാരണയായി പൊടിയുല്പന്നങ്ങളുടെ കാലാവധി 6 മാസമാണ്. 

മെഷീനും ഒരു മാസത്തെ പ്രവര്‍ത്തന മൂലധനവും എല്ലാം കൂടെ അഞ്ചു ലക്ഷം രൂപയ്ക്കടുത്തേ ചെലവ് വരൂ. ഒരു ദിവസം 50 കിലോ വിവിധ കറി പൊടികള്‍ വിറ്റാല്‍ തന്നെ ചെലവ് എല്ലാം കഴിഞ്ഞു 2000 മുതല്‍ 2500 രൂപ വരെ ലാഭം ലഭിക്കും.

2. സാനിറ്ററി പാഡ് നിര്‍മ്മാണം 

വനിത ശിശു ക്ഷേമ രംഗത്ത് കേരളത്തെ വെല്ലാന്‍ വേറെ സംസ്ഥാനങ്ങള്‍ ഇന്ത്യയിലില്ല. സ്ത്രീ പുരുഷ അനുപാതത്തില്‍ സ്ത്രീകള്‍ തന്നെ മുന്‍പില്‍. സ്ത്രീകളുടെ വ്യക്തി ശുചിത്വം സംബന്ധിച്ച് പുരോഗമനാത്മകമായ നിലപാടുകള്‍ എടുക്കുകയും അനുകരണീയമായ മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്ത നമ്മുടെ നാട്ടില്‍ ഈ വിഷയത്തോട് അനുബന്ധിച്ചുള്ള സംരംഭങ്ങള്‍ക്കും വലിയ സാധ്യതയുണ്ട്. ഇത്തരത്തില്‍ ആരംഭിക്കാന്‍ കഴിയുന്ന ചെറുകിട സംരംഭമാണ് സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണം. 

സാനിറ്ററി നാപ്കിനുകള്‍ക്ക് കേരളത്തില്‍ വന്‍ വിപണിയാണുള്ളത്. വന്‍കിട ഉല്പാദകര്‍ കൈയയടക്കി വച്ചിരിക്കുന്ന ഈ വിപണിയുടെ ഒരു ചെറിയ ശതമാനം പിടിച്ചെടുക്കാന്‍ സാധിച്ചാല്‍ പോലും നാപ്കിന്‍ നിര്‍മ്മാണത്തിന് വിജയം നേടാന്‍ സാധിക്കും. കുടുംബശ്രീ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത് ഹോം ഷോപ്പുകള്‍ വഴിയും വില്‍പന നടത്താം. കൂടാതെ സ്വഛ് ഭാരത് മിഷന്‍ സ്ത്രീകളുടെ വ്യക്തി ശുചിത്വം മുന്നില്‍ കണ്ട് കൊണ്ട് സാനിറ്ററി നാപ്കിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നമുണ്ട്.

അള്‍ട്രാവയലറ്റ് സ്റ്റെറിലൈസിംഗ് മിഷ്യന്‍, ഹൈഡ്രോളിക് പഞ്ചിംഗ് യന്ത്രം, സൈഡ് സീലിംഗ് യന്ത്രം, പാഡ് സീലിംഗ് മിഷ്യന്‍, പള്‍പ്പ് പള്‍വറൈസര്‍ എന്നിവയാണ് സാനിറ്ററി നാപ്കിന്‍ നിമ്മാണത്തിന് ഉപയോഗിക്കുന്നത്. ഇവയ്ക്കെല്ലാം കൂടെ മൂന്നര മുതല്‍ നാല് ലക്ഷം രൂപയ്ക്ക് ഉള്ളിലെ ആവുകയുള്ളൂ.

ദിവസേന 1000 പാടുകള്‍ നിര്‍മ്മിക്കാന്‍ അസംസ്‌കൃത വസ്തുക്കള്‍, മറ്റ് ചെലവ് എല്ലാം കൂടെ 2000 രൂപയ്ക്കുള്ളിലെ ചെലവ് വരൂ. പാടുകള്‍ 8 എണ്ണം ഒരു പാക്കറ്റ് എന്ന കണക്കില്‍ 125 പാക്കറ്റ് വില്‍ക്കാന്‍ കഴിയും. വില്പന കമ്മിഷന്‍ കഴിച്ച് ഒരു പാക്കറ്റില്‍ 24.50 രൂപ വെച്ച് 3060 രൂപ. ഉല്പാദന ചെലവ് 2000 പോയിട്ട് ആയിരത്തിലധികം രൂപം ലാഭം ലഭിക്കും.      

3. പാള ഉത്പന്നങ്ങള്‍ 

 പ്രകൃതിയില്‍ തന്നെയുള്ളതും എന്നാല്‍ പാഴായി പോകുന്നതുമായ ഒരു പ്രകൃതി വിഭവമാണ് കമുകിന്‍ പാള. യന്ത്ര സഹായത്തോടെ ചില രൂപാന്തരങ്ങള്‍ വരുത്തിയാല്‍ പാളയില്‍ നിന്ന് നിരവധി ഉത്പന്നങ്ങള്‍ പാകപ്പെടുത്താന്‍ സാധിക്കും. അങ്ങെനെയുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ ഉണ്ടെങ്കിലും അത്ര സുലഭമായി  ലഭിക്കുന്നില്ല. കൂടാതെ പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റ്,ഗ്ലാസ് എന്നിവയ്ക്ക് പലയിടത്തും നിരോധനം വന്നിട്ടുണ്ട്. അത്‌കൊണ്ട് തന്നെ പാള ഉത്പന്നങ്ങള്‍ക്ക് നല്ല വിപണി സാധ്യതയുമുണ്ട്. 

ലോകത്താകമാനം പ്രകൃതിയിലേക്ക് മടങ്ങുക എന്നുള്ള ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ധാരാളം ആളുകള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ അന്വേഷിച്ചു നടക്കുന്നു. നമ്മുടെ നാട്ടിലെ കമുകിന്‍ പാള ശേഖരിച്ചു അവയില്‍ നിന്ന് നിര്‍മിക്കുന്ന പ്ലേറ്റുകള്‍ വിവിധതരം കണ്ടെയ്‌നറുകള്‍ സോപ്പ് പെട്ടികള്‍ സ്പൂണ്‍ എന്നിവയ്ക്ക് സ്വദേശത്തും വിദേശത്തും വിപണിയുണ്ട്. പൂര്‍ണമായും ടാക്‌സില്‍ നിന്ന് ഒഴിവാക്കപ്പെട്ട വ്യവസായ സംരംഭം കൂടിയാണ് പാള ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നത് ഇത് പ്രകൃതിക്ക് എന്നത് പോലെ സംരംഭക സൗഹൃദമാക്കുന്നു. പരിസ്ഥിതി സൗഹൃദ ഉത്പന്നം വ്യവസായം എന്ന നിലയില്‍ വാണിജ്യ മന്ത്രാലയങ്ങളെല്ലാം തന്നെ ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.  കുറഞ്ഞ മുതല്‍ മുടക്കും ഈ സംരംഭത്തിന്റെ ആകര്‍ഷണീയതയാണ്. ആഭ്യന്തര വിപണനത്തിന് പുറമെ കയറ്റുമതി സാധ്യതയും നിലവിലുണ്ട്.

പ്ലാസ്റ്റിക് നിരോധിത മേഖലകള്‍, ഹോട്ടലുകള്‍, റിസോട്ടുകള്‍ ആയുര്‍വേദ, സെന്ററുകള്‍ ഓര്‍ഗാനിക് ഷോപ്പുകള്‍, ഓര്‍ഗാനിക് ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ എന്നിവരെല്ലാം വിവിധതരത്തിലുള്ള പാള ഉത്പന്നങ്ങളുടെ ഉപാഭോക്താക്കളാണ്. 

പാളയില്‍ നിന്ന് പ്ലേറ്റ്,സ്പൂണ്‍,സോപ്പ് പെട്ടി, കണ്ടെയ്‌നര്‍ ബോക്‌സ് എന്നിങ്ങനെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയും. മെഷീനറി മറ്റു അനുബന്ധ സാധനങ്ങള്‍ എന്നിവയ്ക്ക് വേണ്ട മൂലധനം ഏകദേശം 5 ലക്ഷം രൂപയാണ്. 
300 പാളകള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുമ്പോള്‍ ചിലവെല്ലാം കഴിഞ്ഞ് 4500 രൂപയോളം ലാഭം ലഭിക്കും. 

ഈ മൂന്ന് സംരംഭങ്ങള്‍ക്കും ലോണും മറ്റ് സബ്സിഡിയും ലഭിക്കും. വനിതാ സംരംഭം എന്ന നിലയ്ക്ക് ചെയ്താല്‍ കൂടുതല്‍ ആനുകൂല്യവും ലഭിക്കും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.