- Trending Now:
'ഡിജിറ്റൽ അജണ്ടയും ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഉപയോഗിച്ച് ടൂറിസത്തെ നവീകരിക്കുക' എന്നതാണ് 2026-ലെ ലോക വിനോദസഞ്ചാര ദിനത്തിൻറെ പ്രമേയം. വിനോദസഞ്ചാരത്തിൻറെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയ്ക്കും ആർട്ടിഫിഷ്യൽ ഇൻറലിജൻസിനും വർധിച്ചുവരുന്ന പ്രാധാന്യമാണ് ഈ പ്രമേയം അടയാളപ്പെടുത്തുന്നത്.
ജോലി, യാത്ര, ആശയവിനിമയം തുടങ്ങി മനുഷ്യജീവിതത്തിൻറെ ഏതാണ്ടെല്ലാ മേഖലകളെയും എഐ വലിയ തോതിൽ സ്വാധീനിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആഗോളതലത്തിൽ ശ്രദ്ധേയമായ ബ്രാൻഡായി വളർന്ന കേരള ടൂറിസം വർഷങ്ങളായി ടൂറിസം പ്രചാരണത്തിനായി നൂതന സാങ്കേതികവിദ്യകളും വിവിധ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. സംസ്ഥാനത്തിൻറെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന മേഖലയാണ് ടൂറിസം. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളെ ഉൾക്കൊണ്ട് ഈ മേഖലയെ കൂടുതൽ ചലനാത്മകവും മത്സരക്ഷമവുമാക്കേണ്ടതുണ്ട്.
അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾ തുടങ്ങി ആശയവിനിമയത്തിൻറെ വിവിധ സാധ്യതകളെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി 'ദൈവത്തിൻറെ സ്വന്തം നാടിനെ' ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൻറെ പ്രകൃതിയും സംസ്കാരവും പൈതൃകവും ജീവിതരീതികളും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിൽ ഡിജിറ്റൽ മാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണ്. ഇനി ഈ സാധ്യതകളെ കൂടുതൽ ഫലപ്രദമായി ഉപയോഗിച്ച് കേരളത്തിൻറെ ടൂറിസം അനുഭവങ്ങളെ ലോകവുമായി കൂടുതൽ ആഴത്തിൽ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.
കാലത്തിനൊപ്പമുള്ള സാങ്കേതിക മുന്നേറ്റങ്ങളെ ഉൾക്കൊണ്ട് മുന്നേറുന്ന കേരളം, ഇന്നത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പരിഗണിച്ച് ടൂറിസം മേഖലയെ എഐയും നൂതന ഡിജിറ്റൽ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയെ കേവലം പ്രചാരണത്തിനുള്ള ഉപാധിയായി കാണാതെ, യാത്രയുടെ ആസൂത്രണം മുതൽ യാത്രാനുഭവം പൂർത്തിയാകുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
അന്താരാഷ്ട്ര തലത്തിൽ വൈവിധ്യമാർന്ന അനുഭവങ്ങൾ പകരുന്ന പ്രധാന ടൂറിസം കേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള കർമ്മ പരിപാടിയിലാണ് സർക്കാർ. ഇതിൻറെ ഭാഗമായി സംസ്ഥാനത്തെ ടൂറിസം മേഖലയെ കൂടുതൽ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന രീതിയിൽ ക്രമീകരിച്ചുവരികയാണ്. ' വന്നു കാണുക' എന്നതിനപ്പുറം 'വന്ന് അനുഭവിക്കുക' എന്നതിലേക്ക് കേരള ടൂറിസത്തിൻറെ ദിശ മാറുകയാണ്. പ്രകൃതി, പൈതൃകം, കല, സംസ്കാരം, ഭക്ഷണം, ആയുർവേദം, സാഹസികത, ആത്മീയത, ഗ്രാമീണ ജീവിതം തുടങ്ങി കേരളത്തിൻറെ വൈവിധ്യമാർന്ന അനുഭവങ്ങളെ ഒരു സമഗ്ര യാത്രാനുഭവമായി അവതരിപ്പിക്കുകയാണ് ലക്ഷ്യം.
കേരളത്തിലെത്തുന്ന ഓരോ വിനോദസഞ്ചാരിക്കും സമഗ്രമായ കേരള അനുഭവം ലഭ്യമാക്കണം. ഏതാനും സ്ഥലങ്ങളെയും ഉൽപ്പന്നങ്ങളെയും മാത്രം കേന്ദ്രീകരിച്ചുള്ള പാക്കേജുകളിൽ നിന്ന് മാറി, കേരളത്തിൻറെ വൈവിധ്യമാർന്ന അനുഭവങ്ങളും സേവനങ്ങളും ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കേണ്ടത്.
വിനോദസഞ്ചാരിയുടെ ഇനിയുള്ള യാത്ര ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള 'സഞ്ചാരം' മാത്രമാകരുത്. ഓരോ സഞ്ചാരിയുടെയും താൽപര്യവും സമയവും ബജറ്റും യാത്രാ സ്വഭാവവും മനസ്സിലാക്കി, അവർക്ക് അനുയോജ്യമായ കേരളാനുഭവം രൂപപ്പെടുത്താൻ സാങ്കേതികവിദ്യയ്ക്ക് കഴിയണം. ഓരോ സന്ദർശകനും വ്യത്യസ്തമായ കേരളത്തെ കണ്ടെത്തുന്ന തരത്തിൽ വ്യക്തിഗത യാത്രാനുഭവങ്ങൾ ഒരുക്കുന്നതിനും എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനാകും.
സേവനങ്ങളിലേക്കും വിവരങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്ന തടസമില്ലാത്ത ആശയവിനിമയ സംവിധാനം ഇതിന് അനിവാര്യമാണ്. ബുക്കിംഗ് മുതൽ പണമടയ്ക്കൽ, യാത്രാ വിവരങ്ങൾ, താമസം, പ്രാദേശിക ഗതാഗതം, അതിഥി സേവനം തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും കൂടുതൽ ലളിതവും സുഗമവുമാക്കണം. ഇത്തരം ലക്ഷ്യങ്ങൾ കൈവരിക്കാൻ പുതിയ സാങ്കേതികവിദ്യകളും ഡിജിറ്റൽ പ്ലാറ്റ് ഫോമുകളും സഹായകമാകും.
ടൂറിസം മേഖലയെ കൂടുതൽ കാര്യക്ഷമവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമാക്കാൻ എഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് ടൂറിസം വകുപ്പ് ബന്ധപ്പെട്ട മേഖലകളുമായി ചേർന്ന് പരിശോധിച്ചുവരികയാണ്. സഞ്ചാരികളുടെ താൽപര്യങ്ങളും സഞ്ചാരരീതികളും മനസ്സിലാക്കി ടൂറിസം ആസൂത്രണം കൂടുതൽ ശാസ്ത്രീയമാക്കാനും ഡാറ്റാധിഷ്ഠിത തീരുമാനങ്ങളിലൂടെ ടൂറിസം കേന്ദ്രങ്ങളിലെ തിരക്ക്, അടിസ്ഥാന സൗകര്യങ്ങളുടെ ഉപയോഗം, സേവന നിലവാരം തുടങ്ങിയവ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകും.
ആഭ്യന്തര, ആഗോള തലങ്ങളിൽ കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗവും വിപുലതയും നൽകാൻ ഇതിലൂടെ സാധിക്കും. ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് സർക്കാരിൻറെ ടൂറിസം നയത്തിൽ കൂടുതൽ പ്രാധാന്യം നൽകും. ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി നൽകാനുള്ള സർക്കാരിൻറെ തീരുമാനം ഈ മാറ്റങ്ങൾക്ക് കൂടുതൽ കരുത്ത് പകരും.
ടൂറിസം മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും സർക്കാർ നടപ്പാക്കും. കേരളത്തിൻറെ ശക്തമായ സ്റ്റാർട്ടപ്പ്-ഇന്നൊവേഷൻ സംവിധാനം പ്രയോജനപ്പെടുത്തി ടൂറിസം സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനുള്ള സ്മാർട്ട് സൊല്യൂഷനുകൾ വികസിപ്പിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ കൂടുതൽ യുവജനങ്ങൾക്ക് ടൂറിസം മേഖലയുമായി ബന്ധപ്പെടാനും പുതിയ സംരംഭങ്ങൾ ആരംഭിക്കാനും അവസരമൊരുങ്ങും.
വലിയ സ്ഥാപനങ്ങൾക്കു മാത്രമല്ല, ഗ്രാമങ്ങളിലെ ചെറുകിട സംരംഭകർക്കും ഹോംസ്റ്റേ ഉടമകൾക്കും കലാകാരൻമാർക്കും കരകൗശല പ്രവർത്തകർക്കും പ്രാദേശിക ഭക്ഷണ സംരംഭകർക്കും ഡിജിറ്റൽ ലോകത്ത് സ്വന്തം ഇടം കണ്ടെത്താൻ കഴിയണം. സാങ്കേതികവിദ്യയുടെ വളർച്ചയുടെ യഥാർഥ അർത്ഥം അതിൻറെ നേട്ടങ്ങൾ സമൂഹത്തിൻറെ ഏറ്റവും താഴെത്തട്ടിലേക്കും എത്തുമ്പോഴാണ് പൂർണമാകുന്നത്.
ഇത്തരം പ്രവർത്തനങ്ങൾക്ക് യുവസംരംഭകർക്ക് ധനസഹായവും മാർഗനിർദേശവും നൽകി പിന്തുണ നൽകുന്നതിന് വ്യവസായ മേഖലയിലെ പ്രമുഖർക്ക് കഴിയും. സർക്കാർ, വ്യവസായം, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, ടൂറിസം മേഖലയിലെ സംരംഭകർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ പുതിയ ആശയങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാൻ സാധിക്കും.
ടൂറിസം കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും മികച്ച മാനേജ്മെൻറിനും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താം. യാത്രാ-ആതിഥേയ സേവനങ്ങൾക്ക് മികച്ച രീതികളും ആഗോള നിലവാരവും പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. എല്ലാവർക്കും തടസമില്ലാതെ ടൂറിസം സൗകര്യങ്ങൾ ഉപയോഗിക്കാനാകുന്ന സംവിധാനവും പ്രധാനമാണ്. പ്രായമായവർ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കും സൗകര്യപ്രദമായ ടൂറിസം സംവിധാനങ്ങൾ ഒരുക്കുന്നതിലും സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുവഹിക്കാനാകും.
ഹോംസ്റ്റേകൾ സാങ്കേതികവിദ്യാധിഷ്ഠിത മാനേജ്മെൻറ് രീതികൾ സ്വീകരിച്ച് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പദ്ധതിക്കും ടൂറിസം വകുപ്പ് രൂപം നൽകിയിട്ടുണ്ട്. പ്രാദേശിക സംരംഭകരെ ഡിജിറ്റൽ സംവിധാനങ്ങളുമായി കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുന്നതിലൂടെ അവരുടെ സേവനങ്ങൾ കൂടുതൽ സഞ്ചാരികളിലേക്ക് എത്തിക്കാനും വരുമാന സാധ്യതകൾ വർധിപ്പിക്കാനും സാധിക്കും.
സുസ്ഥിരതയും എല്ലാവരെയും ഉൾക്കൊള്ളലും കേരളത്തിൻറെ ടൂറിസം വികസനത്തിൻറെ അടിസ്ഥാന ആശയങ്ങളാണ്. നൂതന സാങ്കേതികവിദ്യകളുമായി ടൂറിസം മേഖലയെ സംയോജിപ്പിക്കുന്നത് സന്ദർശകരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തും. അതോടൊപ്പം ഈ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. ഈ മാറ്റത്തിൻറെ ഗുണഫലങ്ങൾ ടൂറിസം സേവനമേഖലയുടെ താഴെത്തട്ടിലുള്ളവർക്കും ലഭ്യമാക്കുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തും.
കേരളത്തിൻറെ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ആഗോളതലത്തിൽ വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്. പ്രാദേശിക സമൂഹങ്ങളുടെ സജീവ പങ്കാളിത്തമാണ് ഉത്തരവാദിത്ത ടൂറിസത്തെ ജനങ്ങളുടെ ജീവിതാനുഭവമാക്കി മാറ്റുന്നതിൽ നിർണായകമായി മാറിയത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും ഉത്തരവാദിത്ത ടൂറിസം വലിയ സംഭാവന നൽകിയിട്ടുണ്ട്.
ഇതിൻറെ അടിസ്ഥാനത്തിൽ ഉത്തരവാദിത്ത ടൂറിസത്തെ എഐ, ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന കൂടുതൽ പദ്ധതികൾ നടപ്പാക്കും. പ്രാദേശിക സമൂഹങ്ങളുടെ അറിവും വിഭവങ്ങളും ഉൽപ്പന്നങ്ങളും അനുഭവങ്ങളും കൂടുതൽ ഫലപ്രദമായി ലോകവിപണിയിലേക്ക് എത്തിക്കുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. കേരള ടൂറിസത്തെ വിവിധ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമഗ്രമായ ഒരു സംവിധാനമായി പരിവർത്തനപ്പെടുത്തുകയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും അതിൻറെ പ്രയോജനം എത്തിക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാടിനൊപ്പമാണ് ഈ പ്രവർത്തനങ്ങൾ.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് പറഞ്ഞതുപോലെ, വിവിധ സംസ്‌കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്യുന്ന നിരവധി വഴികളെയാണ് ലോക വിനോദസഞ്ചാര ദിനം ആഘോഷിക്കുന്നത്. യാത്ര മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സംസ്‌കാരങ്ങളെ അടുത്തറിയുന്നതിനും പരസ്പര ബഹുമാനം വളർത്തുന്നതിനുമുള്ള അവസരം കൂടിയാണ്.
പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും സ്വീകരിച്ച് യാത്രാനുഭവങ്ങളെ പുനർരൂപകൽപ്പന ചെയ്യാനുള്ള കേരളത്തിൻറെ കാഴ്ചപ്പാടുമായി ഈ ആശയം ഏറെ ചേർന്നുനിൽക്കുന്നു. സാങ്കേതികവിദ്യ കേരളത്തിൻറെ ടൂറിസത്തെ മാറ്റിമറിക്കുന്നതിനുള്ള ഉപാധി മാത്രമല്ല; കേരളത്തിൻറെ വൈവിധ്യത്തെ ലോകവുമായി കൂടുതൽ ആഴത്തിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം കൂടിയാണ്. മനുഷ്യൻറെ യാത്രാനുഭവത്തെ കൂടുതൽ വ്യക്തിപരവും സുസ്ഥിരവും ഉൾക്കൊള്ളുന്നതുമാക്കിക്കൊണ്ട്, ഭാവിയുടെ ടൂറിസത്തിന് കേരളം പുതിയ മാതൃക സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.