Sections

മത്സ്യത്തൊഴിലാളികൾക്ക് കുളവാഴയധിഷ്ഠിത ഉത്പന്ന നിർമ്മാണ പരിശീലനം: കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി-എംപെഡ പൈലറ്റ് പദ്ധതിക്ക് തുടക്കമായി

Wednesday, Feb 25, 2026
Reported By Admin
Water Hyacinth Project Boosts Fisherfolk Income

കൊച്ചി: കുളവാഴ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് വരുമാനമാർഗ്ഗം ഒരുക്കുന്ന പൈലറ്റ് പരിശീലന പദ്ധതിക്ക് തുടക്കമായി. മറൈൻ പ്രോഡക്ട് ഡവലപ്മെന്റ് അതോറിറ്റിക്ക് (എംപെഡ) കീഴിലുള്ള നെറ്റ്ഫിഷും കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. എംപെഡ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി ഉദ്ഘാടനം നിർവ്വഹിച്ചു. കുളവാഴ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വികേന്ദ്രീകൃത കമ്മ്യൂണിറ്റി അധിഷ്ഠിത മോഡലാണ് ലക്ഷ്യമിടുന്നതെന്ന് വേണുരാജമണി പറഞ്ഞു. ഇതിലൂടെ ഒരു വശത്ത് കുളവാഴ നിർമാർജനം ഉറപ്പാക്കുമ്പോൾ മറുവശത്ത് മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും കൃത്യമായ വരുമാന മാർഗവും സൃഷ്ടിക്കപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഫ്യൂച്ചർ കേരള മിഷൻ ആരംഭിച്ച പദ്ധതിക്ക് ജില്ലാ ഭരണകൂടവും കൊച്ചി കോർപ്പറേഷനും പൂർണ പിന്തുണ നൽകിയിട്ടുണ്ട്. മറ്റു കേന്ദ്ര-സംസ്ഥാന ഏജൻസികളുടെയും സ്വകാര്യ മേഖലയുടെയും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.

കുളവാഴയെ ഒരു പ്രതിസന്ധിയായല്ല, അവസരമായാണ് കാണേണ്ടതെന്ന് അധ്യക്ഷത വഹിച്ച എംപെഡ ചെയർമാൻ ഡി.വി. സ്വാമി ഐ.എ.എസ് അഭിപ്രായപ്പെട്ടു.സ്ത്രീകൾ നേതൃത്വം നൽകുന്ന ഈ പദ്ധതി ലോകത്തിന് തന്നെ മികച്ച മാതൃകയാണ്. പൈലറ്റ് പദ്ധതി വിജയകരമായി പൂർത്തിയാക്കിയാൽ ഇതിന്റെ ഭാഗമായ മത്സ്യത്തൊഴിലാളികൾക്ക് രാജ്യാന്തര വിപണി കണ്ടെത്താൻ ബാഴ്സലോണയിൽ നടക്കുന്ന സീഫുഡ് ഗ്ലോബൽ എക്സ്പോയിൽ പങ്കെടുക്കാനുള്ള അവസരം നൽകുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പദ്ധതിയുടെ വിജയം അതുമായി സഹകരിക്കുന്നവരുടെ കൂട്ടായ പ്രയത്നത്തെ ആശ്രയിച്ചാണെന്നും കുളവാഴ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ക്രിയാത്മകമായ നടപടികൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നതെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഫോർട്ട് കൊച്ചി സബ് കളക്ടർ സായ് കൃഷ്ണ ഐ.എ.എസ് പറഞ്ഞു.

ഒരു സർവകലാശാലയുടെ പ്രവർത്തനങ്ങൾക്കപ്പുറം സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് വിവിധ ഏജൻസികളുമായി സഹകരിച്ച് പരിഹാരം കാണാനാണ് ഫ്യൂച്ചർ കേരള മിഷനിലൂടെ ജെയിൻ യൂണിവേഴ്സിറ്റി ശ്രമിക്കുന്നതെന്ന് ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. മറൈൻ സയൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ അക്കാദമിക് സഹകരണം ഉറപ്പാക്കുന്നതിനായി എംപെഡ-ആർ.ജി.സി.എയും കൊച്ചി ജെയിൻ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി.

എറണാകുളം വളന്തക്കാട് മേഖലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിനാണ് ഈ സുസ്ഥിര വികസന പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പരിശീലനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 120 പേർക്ക് കുളവാഴ സംസ്കരിച്ച് പേപ്പർ, പൾപ്പ് അധിഷ്ഠിത കരകൗശല വസ്തുക്കൾ, നെയ്ത്ത് ഉൽപ്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ആറ് സെഷനുകളിലായി പരിശീലനം നൽകും. തുടർന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് മാസ്റ്റർ ട്രെയിനർമാരാകാനുള്ള പ്രത്യേക മെന്റർ ട്രെയിനിംഗും ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സംരംഭങ്ങൾ നേരിട്ട് സന്ദർശിക്കാനുള്ള അവസരവും ഒരുക്കും. കുളവാഴയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനൊപ്പം ജലാശയങ്ങളിലെ പാരിസ്ഥിതിക പുനരുദ്ധാരണവും സർക്കുലർ ഇക്കണോമിയിലൂടെയുള്ള ഗ്രാമീണ സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഫ്യൂച്ചർ കേരള മിഷൻ സയന്റിഫിക് അഡൈ്വസർ പ്രൊഫ.ഡോ. ജി. നാഗേന്ദ്ര പ്രഭു പദ്ധതി അവലോകനം നടത്തി. എംപെഡ ഡയറക്ടർ ഡോ. രാം മോഹൻ എം.കെ, നെറ്റ്ഫിഷ് ചീഫ് എക്സിക്യൂട്ടീവ് ഡോ. ജോയ്സ് വി. തോമസ്, ജെയിൻ യൂണിവേഴ്സിറ്റി അധ്യാപകർ,എംപെഡയിലെ ഉദ്യോഗസ്ഥർ, വളന്തക്കാട് മേഖലയിലെ മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.