Sections

കാട്ടാക്കടയിൽ സഞ്ചരിക്കുന്ന മത്സ്യവിപണന കേന്ദ്രം

Thursday, Mar 05, 2026
Reported By Admin
‘Anthipacha’ Mobile Fish Market Launched in Kattakkada

  • ശുദ്ധവും വിഷരഹിതവുമായ മത്സ്യം വീടുകളിൽ എത്തിക്കാൻ 'അന്തിപ്പച്ച'

കാട്ടാക്കട മണ്ഡലത്തിൽ മത്സ്യഫെഡിന്റെ സഞ്ചരിക്കുന്ന മത്സ്യ വിപണന കേന്ദ്രം 'അന്തിപ്പച്ച' ആരംഭിച്ചു. മത്സ്യ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഐ.ബി സതീഷ് എംഎൽഎ നിർവ്വഹിച്ചു.

ശുദ്ധവും വിഷരഹിതവുമായ മത്സ്യം ന്യായമായ വിലയിൽ വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പദ്ധതിക്ക് രൂപംകൊടുത്തതെന്നും മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ ഈ കേന്ദ്രത്തിന്റെ സേവനം ലഭ്യമാകുമെന്നും എംഎൽഎ അറിയിച്ചു.

ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. ശോഭനയ്ക്ക് മത്സ്യം നൽകികൊണ്ട് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഷൺമുഖം മത്സ്യ വിപണന കേന്ദ്രത്തിന്റെ ആദ്യ വിൽപന നിർവഹിച്ചു.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് മത്സ്യ വിപണന കേന്ദ്രം ഒരുക്കിയത്. നേമം ബ്ലോക്ക് പഞ്ചായത്തിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. സഞ്ചരിക്കുന്ന വിപണന കേന്ദ്രത്തിൽ മൂന്ന് ജീവനക്കാരുണ്ടാകും.

വിഴിഞ്ഞം, പൂവാർ, പൂന്തുറ, പെരുമാതുറ, മുതലപൊഴി എന്നിവിടങ്ങളിൽ നിന്നും വിവിധ ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ നിന്നും മത്സ്യഫെഡ് നേരിട്ടും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴിയും സംഭരിക്കുന്ന മത്സ്യമാണ് വിപണനം ചെയ്യുന്നത്. കൂടാതെ മീൻഅച്ചാറുകൾ, മത്സ്യ കറിക്കൂട്ടുകൾ തുടങ്ങിയ ഉൽപന്നങ്ങളും ഇവിടെ ലഭിക്കും.

വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മത്സ്യഫെഡ് ഭരണസമിതി അംഗം ഗ്രേസി ജോൺ, മത്സ്യഫെഡ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി, ജില്ലാ മാനേജർ ലാൽ പ്രീത, മത്സ്യഫെഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.