Sections

ചമ്പക്കരയിലെയും കുമ്പളങ്ങിയിലെയും മത്സ്യത്തൊഴിലാളി ജീവിതങ്ങൾ ചണനൂലിൽ കോർത്ത് ബേബൽ ഓഫ് ദി മ്യൂട്ടഡ് സ്റ്റുഡന്റ്‌സ് ബിനാലെയിൽ

Saturday, Feb 14, 2026
Reported By Admin
Student Biennale Artwork Inspired by Kerala Fishing Communities

കൊച്ചി: ചമ്പക്കര, കുമ്പളങ്ങി തുടങ്ങിയ മത്സ്യത്തൊഴിലാളി മേഖലകളിലെ അനുഭവങ്ങളിൽ നിന്നാണ് അനഘ എ എം എന്ന വിദ്യാർഥി ചണനൂലിൽ കോർത്തിണക്കിയ തന്റെ കലാസൃഷ്ടി കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായ സ്റ്റുഡന്റ്സ് ബിനാലെയിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റുഡന്റ്സ് ബിനാലെ വേദിയായ ബി.എം.എസ് വെയർഹൗസിൽ ഒരുക്കിയിരിക്കുന്ന 'ബേബൽ ഓഫ് ദ മ്യൂട്ടഡ്' (Babel of the Muted) എന്ന കലാപ്രതിഷ്ഠ, പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും അനുവവങ്ങളുടെ തീക്ഷ്ണത കൊണ്ടും സന്ദർശകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്.

അനഘ എം.എം, ജിജോ വർഗീസ്, അഭിനന്ദ് എം എന്നീ മൂന്ന് യുവ കലാകാരന്മാരുടെ സംയുക്ത പരിശ്രമത്തിലാണ് ഈ കലാപ്രതിഷ്ഠ പിറന്നത്. വൈവിധ്യമാർന്ന സാംസ്കാരിക വിവരണങ്ങളെയും നാട്ടുകഥകളെയും ഒരൊറ്റ വേദിയിൽ സംയോജിപ്പിക്കുന്നു. മാനുഷിക അനുഭവങ്ങളുടെ സങ്കീർണ്ണതകളിലൂടെ കടന്നു പോകുന്ന കലാപ്രതിഷ്ഠ സർഗ്ഗാത്മകതയുടെ കരുത്താണ് വിളിച്ചോതുന്നത്.

ചമ്പക്കര, കുമ്പളങ്ങി തുടങ്ങിയ മത്സ്യത്തൊഴിലാളി മേഖലകളിലെ തന്റെ അനുഭവങ്ങളിൽ നിന്നാണ് ഈ കലാസൃഷ്ടിയുടെ ആശയങ്ങൾ രൂപപ്പെട്ടതെന്ന് അനഘ പറയുന്നു. അധ്വാനത്തിന്റെയും അതിജീവനത്തിന്റെയും ഓർമ്മകൾ പേറുന്ന വസ്തുക്കളെയും കഥകളെയും ആസ്പദമാക്കി സംസ്കാരം, ഓർമ്മ, സാമൂഹിക ബന്ധങ്ങൾ എന്നിവയെ മുൻനിർത്തിയാണ് ഇതൊരുക്കിയിരിക്കുന്നത്. ഏകദേശം 35 കിലോ ചണനൂൽ ഉപയോഗിച്ചാണ് ഈ ബൃഹത്തായ സൃഷ്ടിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ മൂന്ന് ആഴ്ചയോളം നീണ്ടുനിന്ന കഠിനമായ അധ്വാനത്തിലൂടെ നൂലുകൾ കോർത്തും നെയ്തുമാണ് രൂപം തയ്യാറാക്കിയത്. സന്ദർശകരിൽ നിന്ന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് സൃഷ്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സമൂഹത്തിൽ പലപ്പോഴും നിശബ്ദമാക്കപ്പെട്ട ശബ്ദങ്ങളെയും പരമ്പരാഗതമായ അറിവുകളെയും വേരുകളെയും കുറിച്ചുള്ള അന്വേഷണമാണിതെന്ന് ക്യൂറേറ്റർമാരായ സി പി ശീതളും സുധീഷ് കൊട്ടേമ്പ്രവും നിരീക്ഷിക്കുന്നു. സാമൂഹിക ഘടനകളെയും മനുഷ്യന്റെ പെരുമാറ്റരീതികളെയും കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളാണ് സൃഷ്ടിയിലേക്ക് താൻ നൽകിയ സംഭാവനയെന്ന് ജിജോ വർഗീസ് വിശദീകരിച്ചു. നിർമ്മിതികളുടെ വലിപ്പവും പഴക്കവും പ്രേക്ഷകർക്ക് നേരിട്ട് അനുഭവിക്കാനും അതിന്റെ ഭാഗമാകാനും കലാപ്രതിഷ്ഠ അവസരമൊരുക്കുന്നു.

സ്റ്റുഡന്റ്സ് ബിനാലെയിൽ ആദ്യമായി പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് അഭിനന്ദ്. സഹകലാകാരന്മാരുമായി ഇടപഴകാനും പുതിയ കാഴ്ചപ്പാടുകൾ നേടാനും കഴിഞ്ഞത് കലാജീവിതത്തിൽ വലിയൊരു അനുഭവമാണെന്നും വരുംകാലത്തെ തന്റെ കലാപ്രവർത്തനങ്ങളിൽ ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അഭിനന്ദ് പറഞ്ഞു. കലയും സാമൂഹിക ജീവിതവും എങ്ങനെ പരസ്പരം ലയിച്ചുചേരുന്നു എന്നതിന്റെ മികച്ച ഉദാഹരണമായി കലാപ്രതിഷ്ഠ മാറുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.