Sections

അഷ്ടമുടി കക്ക: സിഎംഎഫ്ആർഐയുടെ പുനരുജ്ജീവന ശ്രമങ്ങൾ ഫലം കാണുന്നു

Monday, Dec 01, 2025
Reported By Admin
CMFRI Revives Poovan Mussel Wealth in Ashtamudi Lake, Production Up

  • ഡിസംബർ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് കക്കവാരൽ നിരോധിക്കണമെന്ന് സിഎംഎഫ്ആർഐ

കൊല്ലം: അഷ്ടമുടി കായലിലെ പൂവൻ കക്ക സമ്പത്ത് വർധിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ശ്രമങ്ങൾ ഫലം കാണുന്നു.

സിഎംഎഫ്ആർഐ നടത്തിയ ഫീൽഡ് സർവേ പ്രകാരം കക്കയിനത്തിന്റെ ഉൽപാദനത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും വിത്തുകക്കകൾ കായലിൽ വ്യാപകമായതായും കണ്ടെത്തി. സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം റീജണൽ സെന്ററിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം 30 ലക്ഷം കക്കവിത്തുകൾ കായലിൽ നിക്ഷേപിച്ചിരുന്നു. 2018ലെ പ്രളയാനന്തരം അഷ്ടമുടിയിൽ കക്കവിത്തുൽപാദനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് പുനരജ്ജീവന ശ്രമങ്ങൾക്ക് കഴിഞ്ഞ വർഷം തുടക്കമിട്ടത്. കായലിലെ കക്ക സമ്പത്ത് പൂർവസ്ഥിതിയിലാക്കുന്നതിനും ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനുമായണ് പുനരുജ്ജീവന പദ്ധതി.

ഷെൽഫിഷ് ഫിഷറീസ് വിഭാഗം നടത്തിയ സർവേയിൽ കക്ക വിത്തുൽപാദനത്തിൽ പുരോഗതി കൈവരിച്ചതായി കണ്ടെത്തി. ഉയർന്ന തോതിൽ ഉപ്പുരസമുള്ള ഭാഗങ്ങലിലാണ് കൂടുതലായും കക്ക കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഇവയുടെ വളർച്ച സുഗമമാക്കുന്നതിനും കായലിൽ കക്ക സമ്പത്ത് പൂർവസ്ഥിതിയിലാക്കുന്നതിനുമായി ഡിസംബർ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് കായലിൽ നിന്നും കക്കവാരുന്നതിൽ നിരോധനം ഏർപ്പെടുത്തണമെന്ന് സിഎംഎഫ്ആർഐ നിർദേശിച്ചു.

വിഴിഞ്ഞം കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ എം കെ അനിലിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ വർഷം നിക്ഷേപിച്ച കക്ക കുഞ്ഞുങ്ങളിൽ 80ശതമാനത്തോളം അതിജീവനനിരക്ക് ലഭിച്ചതായി കണ്ടെത്തി. നിക്ഷേപിച്ച് ഏഴ് മാസത്തിനുള്ളിൽ തന്നെ കക്ക കുഞ്ഞുങ്ങൾ 34 മില്ലി മീറ്റർ വലിപ്പമെത്തി.

ഒക്ടോബർ മുതലാണ് ഇവയുടെ പ്രജനന കാലം ആരംഭിക്കുന്നത്. വിവിധ വലിപ്പത്തിലുള്ള കക്കകളാണ് കായലിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്താനായത്. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ ഏറ്റവും ചെറിയ വിത്തിന്റെ അളവ് 2.38 മില്ലി മീറ്റർ ആണ്. ഇനിയുള്ള മാസങ്ങൾ ഇവയുടെ വളർച്ചക്ക് നിർണായകമാണ്. അതിനാലാണ് ഡിസംബർ മുതൽ മൂന്ന് മാസത്തേക്ക് കക്ക വാരൽ നിരോധിക്കണമെന്ന നിർദേശം സിഎംഎഫ്ആർഐ മുന്നോട്ട് വെച്ചത്. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഗീത ശശികുമാറാണ് സർവേക്ക് നേതൃത്വം നൽകിയത്.

ദീർഘകാല സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി സിഎംഎഫ്ആർഐ മുന്നോട്ട് വെച്ച വിവിധ നിർദേശങ്ങൾ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്നുണ്ട്. മിനിമം ലീഗൽ സൈസ് നിയന്ത്രണം, പ്രത്യേക കാലയളവിലെ നിരോധനം, മെക്കാനിക്കൽ ഡ്രെഡ്ജിംഗ് നിരോധനം, കക്കവാരൽ നിരോധിത മേഖലകൾ എന്നിവ ഇതിൽപെടും.

ശാസ്ത്രീയമല്ലാത്ത മണൽഖനനവും തോടുകളുടെ ശേഖരണവും വിത്തുകക്കകൾ വീണ സ്ഥലങ്ങളിൽ അവ നശിക്കാൻ കാരണമുണ്ടാകുന്നുണ്ടെന്നും സിഎംഎഫ്ആർഐ മുന്നറിയിപ്പ് നൽകുന്നു. നിലവിലുള്ള മാനേജ്മെന്റ് നടപടികൾക്ക് സമാനമായി, നീണ്ടകര പാലത്തിന് സമീപമുള്ള ബാർ മൗത്ത് പ്രദേശം കക്ക വാരൽ നിരോധിത മേഖലയായി നേരത്തെ പ്രഖ്യാപിച്ചത് തുടരാനും സിഎംഎഫ്ആർഐ നിർദേശിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.