Sections

കാര്‍ഷിക മേഖലയിലടക്കം നല്ല പ്രഖ്യാപനങ്ങളുണ്ടാകും, എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ബജറ്റാകുമിതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി

Tuesday, Feb 01, 2022
Reported By Admin

ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും

 

ന്യൂഡല്‍ഹി: എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന ബജറ്റാകും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. സമഗ്രമേഖലയ്ക്കും ഉണര്‍വ് നല്‍കുന്ന പ്രഖ്യാപനമുണ്ടാകും. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങളുണ്ടാകും. കാര്‍ഷിക മേഖലയ്ക്ക് ഉള്‍പ്പെടെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രിമാരായ പങ്കജ് ചൗധരിയും ഭഗവത് കരാടും കേന്ദ്രധനമന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെത്തി മന്ത്രി നിര്‍മ്മല സീതാരാമന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. 

കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. 

സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിക്കുന്നത്. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും.കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് www.indiabudget.gov.in എന്ന വെബ്ബ് സൈറ്റില്‍ നിന്ന് ബജറ്റ് രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാന്‍ സാധിക്കും. ഇതേ വെബ്ബ് സൈറ്റില്‍ നിന്നും ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. ക്ഷേമ പദ്ധതികള്‍ക്കൊപ്പം സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍, ഘടനാപരമായ പരിഷ്‌കാരങ്ങള്‍ തുടങ്ങിയവയുണ്ടാകുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു. 

ആദായ നികുതി സ്ലാബുകളില്‍ ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നും രാജ്യം പ്രതീക്ഷയോടെ നോക്കുന്നു. പഞ്ചാബ് ഉള്‍പ്പെടെ കര്‍ഷകര്‍ ഏറെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കാര്‍ഷിക മേഖലക്ക് കൂടുതല്‍ പണം അനുവദിക്കാനും സാധ്യതയുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.