Sections

കേരള സ്റ്റാർട്ടപ്പുകൾ 1000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് യുഎഇ സംരംഭകർ

Monday, Dec 15, 2025
Reported By Admin
UAE-Backed Feeder Fund to Invest ₹1,000 Crore in Kerala Startups

  • കെഎസ്യുഎമ്മിൻറെ ത്രിദിന ഹഡിൽ ഗ്ലോബൽ 2025 ന് സമാപനം
  • കെഎസ്യുഎമ്മിൻറെ 'ലീപ്എക്സ് എവിജിസി-എക്സ്ആർ ആക്സിലറേറ്റർ പ്രോഗ്രാം' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ ഇന്നൊവേഷൻ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം നൽകി ഗ്ലോബൽ അലയൻസിൻറെ നേതൃത്വത്തിൽ യുഎഇ ആസ്ഥാനമായുള്ള ഫീഡർ ഫണ്ട്. മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് 1000 കോടി രൂപയുടെ ഫണ്ട് നൽകും. ആഗോള എൻആർഐ സമൂഹത്തിന് കേരള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയിൽ പങ്കാളിത്തം നൽകുന്നതിനും കേരള സ്റ്റാർട്ടപ്പ് മിഷൻറെ (കെഎസ്യുഎം) ഫണ്ട്സ്-ഓഫ്-ഫണ്ട്സ് പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നതിനുമാണ് ഫണ്ട് വിഭാവനം ചെയ്തിരിക്കുന്നത്. കോവളത്ത് കെഎസ്യുഎം സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ ഏഴാം പതിപ്പിൻറെ സമാപന ചടങ്ങിൽ കെഎസ്യുഎം സിഇഒ അനൂപ് അംബിക ഇക്കാര്യം പ്രഖ്യാപിച്ചു. ത്രിദിന സ്റ്റാർട്ടപ് സംഗമം സംസ്ഥാനത്തെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ പ്രദർശിപ്പിച്ചുവെന്ന് അനൂപ് അംബിക പറഞ്ഞു.

ഗ്ലോബൽ അലയൻസ് ആൻഡ് സ്റ്റാർട്ടപ്പ് മിഡിൽ ഈസ്റ്റ് സ്ഥാപകൻ സിബി സുധാകരൻ, ഫൈൻടൂൾസ് ട്രേഡിംഗ് ആൻഡ് മരക്കാർ ഹോൾഡിംഗ്സ് മാനേജിംഗ് പാർട്ണർ അബ്ദുൾ ഗഫൂർ, ഗൾഫ് ഇസ്ലാമിക് ഇൻവെസ്റ്റ്മെന്റ്സിൻറെ പ്രൈവറ്റ് ഇക്വിറ്റി വൈസ് പ്രസിഡന്റ് പിയൂഷ് സുരാന, ഷാർജ അസറ്റ് മാനേജ്മെന്റിന്റെ ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് ന്യൂ വെഞ്ച്വേഴ്സ് മേധാവി അഭിഷേക് നായർ എന്നിവരാണ് ധനസഹായത്തിന് പിന്നിലെ പ്രധാന വ്യക്തികൾ.

ബെംഗളൂരുവിലെ സി-ഡാക്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. എസ്.ഡി സുദർശൻ, തമിഴ്നാട് സ്റ്റാർട്ടപ് മിഷൻ ഡയറക്ടറും സിഇഒയുമായ ശിവരാജ രാമനാഥൻ, സംസ്ഥാന സർക്കാരിൻറെ ഹൈ പവർ ഐടി കമ്മിറ്റി ലീഡ് ഐടി സ്ട്രാറ്റജിസ്റ്റ് പ്രജീത് പ്രഭാകരൻ എന്നിവർ സമാപന സെഷനിൽ പങ്കെടുത്തു.

ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി (എവിജിസി-എക്സ്ആർ) മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള മൂന്ന് മാസത്തെ പ്രത്യേക പരിപാടിയായ കെഎസ്യുഎമ്മിൻറെ 'ലീപ്എക്സ് എവിജിസി-എക്സ്ആർ ആക്സിലറേറ്റർ പ്രോഗ്രാം' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒറിജിനൽ ഐപി ക്രിയേഷൻ, സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ, ആഗോള വിപണി സന്നദ്ധത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്.

തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് മെന്റർഷിപ്പ്, വ്യവസായ, സ്റ്റുഡിയോ പ്രവേശനം, നിക്ഷേപക ഇടപെടലുകൾ, ഫണ്ടിംഗ് പിന്തുണ എന്നിവ ലഭിക്കും. നിക്ഷേപകർ വഴി ഫോളോ-ഓൺ ഫണ്ടിംഗ് നേടാനുള്ള അവസരങ്ങൾക്കൊപ്പം യോഗ്യതയുള്ള സ്റ്റാർട്ടപ്പുകൾക്ക് മാർക്കറ്റൈസേഷൻ ഗ്രാന്റും ലഭിക്കും. കേരളത്തിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾക്കും പ്രത്യേക ഇൻസെന്റിവുകളോടെ ഇന്ത്യയിലുടനീളമുള്ള സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം. ഇതിനായി incubation@startupmission.in സന്ദർശിക്കുക.

കെഎസ്യുഎം റിസർച്ച് ഇന്നൊവേഷൻ നെറ്റ്വർക്ക്കേരള വഴി ടിആർഇഎസ്ടി റിസർച്ച് പാർക്കുമായി സഹകരിച്ച്, ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ നവീകരണം ത്വരിതപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു കേന്ദ്രീകൃത ഇൻകുബേഷൻ പ്രോഗ്രാമായ 'ഇവോൾവ്-ഇ.വി' ഇന്നൊവേഷൻ കോഹോർട്ട്' ആരംഭിച്ചു. വൈദ്യുത വാഹന ആവാസവ്യവസ്ഥയിലുടനീളം അത്യാധുനിക പരിഹാരങ്ങളിൽ പ്രവർത്തിക്കുന്ന പ്രാരംഭ ഘട്ട ഇന്നൊവേറ്റേഴ്സ്, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ആറ് മാസത്തെ ഇൻകുബേഷൻ കൂട്ടായ്മയാണ് ഇവോൾവ്.

ഹഡിൽ ഗ്ലോബലിൻറെ ഭാഗമായി നടന്ന 24 മണിക്കൂർ ഏജന്റിക് എഐ ഹാക്കത്തോണിൽ, ടിസിഎസിലെ റിപ്പബ്ലിക് ഓഫ് കോഡേഴ്സ് ടീം ഒന്നാം സ്ഥാനം നേടി. ചെന്നൈയിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളിൽ നിന്നുള്ള പീക്കി ബ്ലൈൻഡേഴ്സ് ഫസ്റ്റ് റണ്ണർ അപ്പായി തിരഞ്ഞെടുക്കപ്പെട്ടു. കാൽപൈൻ ഗ്രൂപ്പ് ആൻഡ് കോഗ്നിസന്റിലെ പോർട്ടിഫൈ പ്രത്യേക പരാമർശം നേടി. എല്ലാ വിജയികൾക്കും കെഎസ്യുഎമ്മിൽ നിന്ന് മെന്റർഷിപ്പും ഇൻകുബേഷൻ പിന്തുണയും ലഭിക്കും.

സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് പൊതു ടോയ്ലറ്റ് അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനായി സ്റ്റാർട്ടപ്പുകൾക്കായി കെഎസ്യുഎം നടത്തിയ ഡിസൈൻ ചലഞ്ചിലെ വിജയികളെയും സമാപന സമ്മളനത്തിൽ പ്രഖ്യാപിച്ചു. ലിലി ഹാപ്പിനസ് സൊല്യൂഷൻസ് മത്സരത്തിൽ വിജയികളായി. ക്യൂറെറ്റയും സി-ഡിസ്ക് ടെക്നോളജീസും യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.

'ദി ഇൻക്ലൂസീവ് എഡ്ജ്: ഇൻക്ലൂസീവ് വെഞ്ചേഴ്സ് ഷേപ്പിംഗ് ദി ഫ്യൂച്ചർ' എന്ന വിഷയത്തിൽ നടന്ന സെഷൻ വനിതാ-എൽജിബിടി-ഭിന്നശേഷി സംരംഭകർ ഉൾപ്പെടെയുള്ള പാനലിസ്റ്റുകളുടെ നിരയിലൂടെ ശ്രദ്ധേയമായിരുന്നു.

സ്റ്റാർട്ടപ്പ് സംഗമത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള 3000 ത്തിലധികം സ്റ്റാർട്ടപ്പുകൾ, 100 ഏയ്ഞ്ചൽ നിക്ഷേപകർ, നൂറിലധികം മെന്റർമാർ, ഇരുന്നൂറിലധികം എച്ച്എൻഐകൾ, നൂറിലധികം കോർപറേറ്റുകൾ, നൂറ്റമ്പതിലധികം പ്രഭാഷകർ, നൂറിലധികം എക്സിബിറ്റേഴ്സ് തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാർട്ടപ്പുകൾ അവരുടെ നൂതന ഉൽപ്പന്നങ്ങളും പരിഹാരങ്ങളും സ്റ്റാർട്ടപ് സംഗമത്തിൽ പുറത്തിറക്കി.

കേരളത്തെ വിജ്ഞാനാധിഷ്ഠിത വ്യവസായ കേന്ദ്രമായി മാറുന്നതിന് ഉത്തേജനം നൽകാൻ കഴിയുന്ന അടുത്ത തലമുറ ടെക് നവീകരണങ്ങളും സാങ്കേതികവിദ്യയും എക്സ്പോയിൽ പ്രദർശിപ്പിച്ചു. എഡ്യൂടെക്, ഹെൽത്ത് ടെക്, ഫിൻ ടെക്, ലൈഫ് സയൻസസ്, സ്പേസ് ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിംഗ്, ബ്ലോക്ക്ചെയിൻ, റോബോട്ടിക്സ്, എആർ/വിആർ, ഐഒടി, ഗ്രീൻ ടെക്, ഇ-ഗവേണൻസ് എന്നിവയിൽ നിന്നുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും ഇതിൽ ഉൾപ്പെട്ടു. ഹ്യൂമനോയിഡ് റോബോട്ടുകൾ, ഓട്ടോണമസ് ഡ്രോണുകൾ, സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾ, ബയോമെഡിക്കൽ ഉപകരണങ്ങൾ, ആഗോള വെല്ലുവിളികളെ നേരിടാൻ രൂപകൽപ്പന ചെയ്ത സ്മാർട്ട് സിറ്റി നവീകരണങ്ങൾ എന്നിവ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു.

ഹഡിൽ ഗ്ലോബൽ 2025 സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൂടാതെ നൂതന ബിസിനസ് മോഡൽ തിരിച്ചറിയുകയും സ്റ്റാർട്ടപ്പുകൾക്കായി മൂലധനം സമാഹരിക്കുകയും ചെയ്തു. പാനൽ സെഷനുകളും ചർച്ചകളും സ്റ്റാർട്ടപ്പുകൾക്കായി ആഗോള സാങ്കേതികവിദ്യകളിൽ നിന്ന് ഉയർന്നുവരുന്ന വലിയ അവസരങ്ങളെ എടുത്തുകാണിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.