- Trending Now:
കൊച്ചി: മാർച്ചിൽ ന്യൂഡൽഹിയിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സാങ്കേതിക പ്രദർശനമായ 'കൺവെർജൻസ് ഇന്ത്യ എക്സ്പോ 2026'-ൽ (Convergence India Expo 2026) പങ്കെടുക്കാൻ കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ക്ഷണിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM). 2026 മാർച്ച് 23 മുതൽ 25 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന മേളയിൽ 25 സ്റ്റാർട്ടപ്പുകൾ അടങ്ങുന്ന സംഘത്തെയാണ് കെഎസ് യുഎം സംഘത്തിൽ ഉൾപ്പെടുത്തുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ആഗോളവേദിയിൽ പ്രദർശിപ്പിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് കെഎസ് യുഎം ഒരുക്കുന്നത്. പ്രമുഖ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, ഏഞ്ചൽ നിക്ഷേപകർ, കോർപ്പറേറ്റുകൾ തുടങ്ങിയവർക്ക് മുന്നിൽ സ്റ്റാർട്ടപ്പുകൾക്ക് ആശയങ്ങൾ അവതരിപ്പിക്കാനും (Pitching) നിക്ഷേപകരുമായി നേരിട്ട് സംവദിക്കാനും അവസരം ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾ 10,000 രൂപ രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടതാണ്. സ്റ്റാർട്ടപ്പ് പ്രതിനിധികളുടെ യാത്ര, താമസം തുടങ്ങിയ ചെലവുകൾ അതത് സ്ഥാപനങ്ങൾ തന്നെ വഹിക്കണം. താൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് https://delegation.startupmission.in/ എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.
ഐസിടി, 6G, നിർമ്മിതബുദ്ധി(എഐ), ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ഫിൻടെക്, സ്മാർട്ട് സിറ്റി സൊല്യൂഷനുകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ദേശീയ-അന്തർദേശീയ തലത്തിൽ വിശാലമായ വിപണി കണ്ടെത്താനും ബിസിനസ്സ് പങ്കാളിത്തങ്ങൾ ഉറപ്പാക്കാനും മേളയിലെ പ്രാതിനിധ്യം മുതൽക്കൂട്ടാകും.
ഇന്ത്യയിലെ മുൻനിര ടെക്നോളജി എക്സ്പോയായ കൺവെർജൻസ് ഇന്ത്യയുടെ 33 മത് പതിപ്പും, സ്മാർട്ട് സിറ്റീസ് ഇന്ത്യ എക്സ്പോയുടെ 11-മത് പതിപ്പുമാണ് ഇത്തവണ സംയുക്തമായി നടക്കുന്നത്. ആയിരത്തിലധികം പ്രദർശകരും, 200-ലധികം അന്താരാഷ്ട്ര പ്രതിനിധികളും, അമ്പതിനായിരത്തിലേറെ സന്ദർശകരും പങ്കെടുക്കുന്ന സമ്മേളനം ലോകത്തെ പുതുതലമുറ ടെക്നോളജിയുടെ നേർക്കാഴ്ചയാകും. ഐടി, ടെലികോം മേഖലകളിലെ നൂതന മാറ്റങ്ങൾ അടുത്തറിയാനും ആഗോള വ്യവസായ പ്രമുഖരുമായി സഹകരണം രൂപപ്പെടുത്താനും കൺവർജൻസ് ഇന്ത്യ സമ്മേളനം മികച്ച അവസരമാണ് ഒരുക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.