- Trending Now:
കൊച്ചി: വിവിധ കാലാവസ്ഥ വ്യത്യാസങ്ങളിൽ പുൽമേടുകൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ ക്യാൻവാസിൽ ആക്കിയിരിക്കുകയാണ് പ്രീതി വടക്കാത്ത്. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ബസാർ റോഡിലെ ഗാർഡൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന 'ഇടം' പ്രദർശനത്തിൽ 'ഷോല ഗ്രാസ്ലാന്റ്സ്' എന്ന കലാസൃഷ്ടി പ്രമേയം കൊണ്ടും രചനാ ഭംഗികൊണ്ടും ശ്രദ്ധേയമാവുകയാണ്.
കേരളത്തിലെ പുൽമേടുകളുടെ ദൃശ്യങ്ങളാണ് പ്രീതി തന്റെ കാൻവാസുകളിൽ ആവിഷ്കരിച്ചിരിക്കുന്നത്. വലിയ കാൻവാസിൽ അക്രിലികിൽ വരച്ച പുൽമേടുകളും വിവിധ കാലാവസ്ഥകളിൽ മാറ്റം വരുന്ന ചെറിയ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
നാല് വർഷം മുമ്പ് മൂന്നാറിൽ ഫാം ഹൗസ് നിർമ്മാണത്തിനായി എത്തിയപ്പോഴാണ് പുൽമേടുകളെ കുറിച്ചുള്ള ചിത്രങ്ങൾ വരച്ചു തുടങ്ങിയതെന്ന് പ്രീതി പറഞ്ഞു. പുൽമേടുകളിലെ വൈവിധ്യവും അവയുടെ മാറ്റങ്ങളും തന്നെ സ്വാധീനിച്ചു.
ചെന്നൈ സ്റ്റെല്ല മാരിസ് കോളേജിൽ നിന്ന് ഫൈൻ ആർട്സ് ചരിത്രത്തിൽ ബിരുദധാരിയാണ് പ്രീതി. ഇടുക്കി ഉടുമ്പൻചോലയിലെ പുൽമേടുകളെയാണ് തന്റെ കലയിലൂടെ അടയാളപ്പെടുത്തുന്നത്.
വനവൽക്കരണവും മരങ്ങളും വലിയ തോതിൽ ശ്രദ്ധിക്കപ്പെടുമ്പോൾ പുൽമേടുകൾ പലപ്പോഴും തരിശുഭൂമിയായി അവഗണിക്കപ്പെടുകയാണെന്ന് പ്രീതി പറഞ്ഞു. ഭൂഗർഭജലം സംരക്ഷിക്കുന്നതിലും മണ്ണൊലിപ്പ് തടയുന്നതിലും പുൽമേടുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
ചിത്രങ്ങളിലൂടെ സൂക്ഷ്മമായി നോക്കിയാൽ പുല്ലുകൾക്കിടയിലെ പക്ഷികളെയും കൂടുകളെയും പാമ്പുകളെയുമെല്ലാം കാണാൻ സാധിക്കും. കഠിനമായ സാഹചര്യങ്ങളിലും അതിജീവിക്കാനുള്ള പുല്ലിന്റെ കരുത്തിനെയാണ് താൻ ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രീതി വ്യക്തമാക്കുന്നു.
മനുഷ്യരൂപങ്ങൾ കേന്ദ്രീകരിച്ചു ചിത്രങ്ങൾ ചെയ്തിരുന്ന ഇവർ കൊച്ചിയിലെ തന്റെ തോട്ടത്തിലെ ചെടികളെ കുറിച്ചുള്ള പഠനത്തിന് ശേഷമാണ് സസ്യലോകത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ വീടിനും ഫാമിനുമായി നീക്കം ചെയ്യപ്പെട്ട പുൽമേടുകളോടുള്ള ക്ഷമാപണവും ആ ആവാസവ്യവസ്ഥയോടുള്ള ആദരവുമാണ് ഈ ചിത്ര പരമ്പരയെന്ന് അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.