- Trending Now:
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പരിധിയിലുള്ള അംഗസംഘങ്ങളിലെ ക്ഷീരകർഷകർക്ക് വേനൽക്കാല ഇൻസെൻറീവായി അഞ്ച് കോടിരൂപ അധിക പാൽവിലയായി നൽകുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. തിരുവനന്തപുരം മേഖലാ യൂണിയൻറെ 'ക്ഷീരകർഷകർക്കുള്ള സഹായഹസ്തം' പദ്ധതിയുടെ ഉദ്ഘാടനം ചടയമംഗലത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
ക്ഷീരസംഘങ്ങളിൽ സജീവാംഗങ്ങളായ ക്ഷീരകർഷകർക്ക് പിന്തുണയും സ്ഥിരവരുമാനവും ഉറപ്പാക്കുന്നതിനായി മേഖലാ യൂണിയൻ വിഭാവനം ചെയ്തതാണ് 'ക്ഷീരകർഷകർക്കുള്ള സഹായഹസ്തം' പദ്ധതി. ക്ഷീരമേഖലയിൽ നിലവിൽ പ്രവർത്തിക്കുന്നതും കടന്നുവരാൻ ആഗ്രഹിക്കുന്നതുമായ ക്ഷീരകർഷകർക്ക് പ്രചോദനമാകുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭരണസമിതി അംഗം വാസുദേവൻ ഉണ്ണി സ്വാഗത പ്രസംഗം നടത്തി.
യൂണിയനിലെ അംഗസംഘങ്ങളിലെ സജീവാംഗങ്ങളായ ക്ഷീരകർഷകർക്ക് പ്രതിമാസം 1,000 രൂപ വീതം പദ്ധതിയിലൂടെ ലഭിക്കും. അർഹതാ മാനദണ്ഡങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ 4,000 കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 2.4 കോടിരൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വർഷം നാളിതുവരെ 20 കോടിരൂപയിലധികം അധിക പാൽവിലയായും 15 കോടിരൂപയിലധികം കാലിത്തീറ്റ സബ്സിഡിയായും മറ്റ് ക്ഷേമപദ്ധതികളിലൂടെയും വിതരണം ചെയ്തിട്ടുള്ളതായി മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു.
മേഖലാ യൂണിയനിലെ അംഗസംഘങ്ങൾ 2026 ഫെബ്രുവരിയിൽ നൽകിയ പാലളവിന് ആനുപാതികമായി ലിറ്റർ ഒന്നിന് ആറ് രൂപ വീതമാണ് അധിക പാൽവിലയായി ലഭിക്കുന്നത്. ഇതിൽ നാല് രൂപ കർഷകർക്കും ഒരു രൂപ ബന്ധപ്പെട്ട അംഗസംഘത്തിനും ലഭിക്കും. ഒരു രൂപ വീതം മേഖലാ യൂണിയനിൽ സംഘത്തിൻറെ അധികഓഹരി നിക്ഷേപമായി സ്വീകരിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. അർഹമായ തുക 2026 മാർച്ചിലെ പാൽവിലയോടൊപ്പം സംഘങ്ങൾക്ക് നൽകും.
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ. ലതാദേവി മുഖ്യപ്രഭാഷണം നടത്തി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. നസീർ, ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സുദേവൻ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മിനി സുനിൽ, ചടയമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ഗീതാകുമാരി, മിൽമ തിരുവനന്തപുരം മേഖല യൂണിയൻ മാനേജിംഗ് ഡയറക്ടർ രാരാരാജ് .ആർ കെഎഎസ്, ചടയമംഗലം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. രഞ്ജിത്ത്, ചടയമംഗലം ക്ഷീരവികസന ഓഫീസർ ബിജു എസ്, മേഖലാ യൂണിയൻ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മേഖല യൂണിയൻ ഭരണസമിതി അംഗം കെ.ആർ. മോഹനൻപിള്ള നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.