Sections

കേരളത്തിലെ ആദ്യ എൻവിഡിയ എഐ ഫാക്ടറി കൊച്ചിയിൽ; ആഗോള എഐ ഭൂപടത്തിൽ ഇടംപിടിച്ച് കേരള സ്റ്റാർട്ടപ്പ്

Friday, Mar 06, 2026
Reported By Admin
Kerala’s First NVIDIA AI Factory Launched by GenesisLabs

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ എൻവിഡിയ എഐ ഫാക്ടറി പ്രവർത്തനസജ്ജമാക്കി കെഎസ് യുഎം യുണീക് ഐഡി സ്റ്റാർട്ടപ്പായ 'ജെനിസിസ്ലാബ്സ്'. എൻവിഡിയ സ്റ്റുഡിയോ സർട്ടിഫൈഡ് അംഗവും ഇന്റൽ ഗോൾഡ് മെമ്പറുമാണ് ജെനിസിസ് ലാബ്സ്.

കേരളത്തിലെ പ്രമുഖ പ്രൊഡക്റ്റ് സ്റ്റുഡിയോയായ 'കീവാല്യൂ സോഫ്റ്റ്വെയർ സിസ്റ്റംസിനായി'യാണ് ഈ അത്യാധുനിക സൗകര്യം ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ആഗോളതലത്തിൽ നേടുന്ന പ്രധാന്യമാണ് ഈ നേട്ടം കാണിക്കുന്നത്.

അത്യാധുനികമായ എൻവിഡിയ അഡ ലോവേലസ്, ജിപിയു-കൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ എഐ ഫാക്ടറി, ഭാവി വികസനം കൂടി മുന്നിൽ കണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബ്ലാക്ക്വെൽ ക്ലാസ് ജിപിയു-കൾ പൂർണ്ണ തോതിൽ പ്രവർത്തിക്കുമ്പോൾ ഇതിന് ഏകദേശം ഒരു എക്സാഫ്ലോപ്പ് (ഒരു സെക്കൻഡിൽ ഒരു ക്വിന്റില്യൻ, അതായത് 1 കഴിഞ്ഞ് 18 പൂജ്യങ്ങൾ കമ്പ്യൂട്ടിംഗ് ചെയ്യാനുള്ള ശേഷി) പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. ഇത് എക്സാസ്കെയിൽ ക്ലാസ് എഐ സൂപ്പർകമ്പ്യൂട്ടിംഗിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പാണ്. നിലവിൽ സെക്കൻഡിൽ 144.518 ബില്യൺ മാട്രിക്സ് ഓപ്പറേഷൻസ് എന്ന ഉയർന്ന വേഗതയിൽ ഇത് പ്രവർത്തിക്കും. ലൊ-ലേറ്റൻസി വർക്ക് ലോഡുകൾക്കായി തയ്യാറാക്കിയിരിക്കുന്ന ഈ സംവിധാനം വലിയ സംരംഭങ്ങൾക്കും ഗവേഷണ സംഘങ്ങൾക്കും ഒരുപോലെ പ്രയോജനകരമാണ്.

പ്രാദേശികമായ എൻജിനീയറിംഗിന് ആഗോള സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഈ നാഴികക്കല്ല് തെളിയിക്കുന്നുവെന്ന് ജെനിസിസ്ലാബ്സ് സ്ഥാപകനും സിഇഒയുമായ അർഷാദ് അലി പറഞ്ഞു. ആഗോളതലത്തിലുള്ള പ്രൊഡക്റ്റ് ടീമുകളെ സഹായിക്കുന്നതിനും ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗിൽ കേരളത്തിന്റെ കഴിവ് പ്രദർശിപ്പിക്കുന്നതിനുമായാണ് സംസ്ഥാനത്ത് തന്നെ രൂപകൽപ്പന ചെയ്ത് അസംബിൾ ചെയ്ത ഈ സംവിധാനം നിർമ്മിച്ചത്. സംസ്ഥാനത്തിന്റെ സ്വന്തം എക്സാസ്കെയിൽ എഐ സൂപ്പർകമ്പ്യൂട്ടിംഗ് സൗകര്യം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്നും അർഷാദ് ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഒരു തദ്ദേശീയ കമ്പനിക്ക് എഐ നവീകരണത്തെ എത്രത്തോളം വേഗത്തിലാക്കാൻ കഴിയുമെന്ന് ഈ പദ്ധതി കാണിച്ചുതരുന്നുവെന്ന് ജെനിസിസ്ലാബ്സ് കോ-ഫൗണ്ടർ ഉല്ലാസ് മാത്യു അഭിപ്രായപ്പെട്ടു. കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കിയ മികച്ച പിന്തുണയും അന്തരീക്ഷവുമാണ് ഇത്തരം വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ തദ്ദേശീയ കമ്പനികളെ പ്രാപ്തരാക്കുന്നതെന്നും ഉല്ലാസ് ചൂണ്ടിക്കാട്ടി.

ആഗോളനിലവാരത്തിലുള്ള പ്രൊഡക്റ്റ് ഡെവലപ്മെന്റ് ഹബ്ബാണ് കീവാല്യുവെന്ന് സിഇഒ ഷെർബാൽ വ്യക്തമാക്കി. സാസ് ഉൽപ്പന്നങ്ങളിലും കോർ എഐ മേഖലയിലുമാണ് കീവാല്യുവിന്റെ വൈദഗ്ധ്യം. എഐ മുൻഗണന നൽകുന്ന ഉൽപ്പന്നങ്ങളുടെ ആഗോള ഹബ്ബായി മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കീവാല്യൂ, ഒമ്പത് വർഷത്തിനിടെ യുഎസിലെയും യൂറോപ്പിലെയും 90 ലധികം ബിസിനസുകൾക്കായി 130 ലധികം ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിട്ടുള്ള 450 ഓളം എഞ്ചിനീയർമാർക്കൊപ്പമാണ് പ്രവർത്തിക്കുന്നത്. ഇതിൽ നാൽപതികം കമ്പനികൾ ഫിൻടെക്, ആഡ്ടെക്, എഡ്ടെക്, ഹെൽത്ത്കെയർ, ബ്ലോക്ക്ചെയിൻ എന്നീ മേഖലയിൽ നിക്ഷേപം ലഭിക്കുകയോ ഏറ്റെടുക്കൽ നടക്കുകയോ ചെയ്തിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.