Sections

സ്റ്റാർട്ടപ്പ് ഇന്ത്യ, കെഎസ് യുഎം, ജില്ലാ വ്യവസായകേന്ദ്രം എന്നിവയെ കോർത്തിണക്കി വയനാട്ടിലെ തേജസ് വർക്ക് ഷോപ്പ്

Tuesday, Jun 30, 2026
Reported By Admin
Startup India Hosts Tejas Workshop in Wayanad

കല്പറ്റ: സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ച് തുടക്കക്കാർക്ക് ലഭിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സ്റ്റാർട്ടപ്പ് ഇന്ത്യയുടെ നേതൃത്വത്തിൽ 'തേജസ്' വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെച്ച് നടന്ന പരിശീലനകളരിയിൽ ഭാവി സംരംഭകർ, വിദ്യാർത്ഥികൾ, ഇന്നൊവേറ്റർമാർ തുടങ്ങി നൂറിനടുത്ത് വ്യക്തികൾ പങ്കെടുത്തു.

ജില്ലകൾ തോറും സംരംഭകത്വവും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംരംഭകത്വ അന്തരീക്ഷം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാർട്ടപ്പ് ഇന്ത്യ നടത്തുന്ന 'ആസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാമിന്റെ' ഭാഗമായാണ് ഈ വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.

വയനാട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാർട്ടപ്പ് ഇന്ത്യ അസിസ്റ്റന്റ് മാനേജർ സ്നേഹൻഷ് സിൻഹ, അസോസിയേറ്റ് അൻഷുൽ ഗൗതം, കേരള സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ഡോ. ദീപു കൃഷ്ണൻ പി.ആർ, ഡോ. മൂപ്പൻസ് ഐനെസ്റ്റ് സിഇഒ വരുൺ ആർ, തുടങ്ങിയവർ സംബന്ധിച്ചു.

വർക്ക്ഷോപ്പിൽ സ്റ്റാർട്ടപ്പ് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന വിവിധ പദ്ധതികൾ, സഹായങ്ങൾ, തുടങ്ങിയവ വിശദീകരിച്ചു. സ്റ്റാർട്ടപ്പ് അംഗീകാരത്തിന്റെ പ്രയോജനങ്ങൾ, ഫണ്ടിംഗ് അവസരങ്ങൾ, നയപരമായ പിന്തുണകൾ, സംരംഭകർക്ക് ലഭ്യമായ ഇക്കോസിസ്റ്റം സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് സ്നേഹൻഷ് സിൻഹ, അൻഷുൽ ഗൗതം എന്നിവർ വിശദീകരിച്ചു.

കേരളത്തിലെ സജീവമായ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തെക്കുറിച്ചും വിപുലമായ പിന്തുണയെക്കുറിച്ചും ഡോ. ദീപു കൃഷ്ണൻ പി.ആർ സംസാരിച്ചു. നൂതനമായ സ്റ്റാർട്ടപ്പ് ആശയങ്ങൾ വളർത്തിയെടുക്കുന്നതിനും വളർച്ചാ സാധ്യതയുള്ള സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ സംരംഭകരെ പ്രാപ്തരാക്കുന്നതിനുമുള്ള ഗ്രാന്റുകൾ, സീഡ് ഫണ്ടിംഗ് അവസരങ്ങൾ, ഇൻകുബേഷൻ പിന്തുണ, മെന്റർഷിപ്പ് പ്രോഗ്രാമുകൾ തുടങ്ങിയ വിവിധ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു.

ബിസിനസ് മാർഗ്ഗനിർദ്ദേശം, രജിസ്ട്രേഷൻ സഹായം, സാമ്പത്തിക സഹായ പദ്ധതികൾ, ജില്ലാ തലത്തിൽ ലഭ്യമായ വിവിധ സർക്കാർ പരിപാടികൾ എന്നിവയിലൂടെ പ്രാദേശിക വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും വ്യവസായവകുപ്പ് നൽകിവരുന്ന പിന്തുണയെക്കുറിച്ച് വയനാട് ജില്ലാ വ്യവസായ കേന്ദ്രം ബിഡിഎസ്പി ശ്രീ. രാകേഷ് രാമു സംസാരിച്ചു. ഡോ. മൂപ്പൻസ് ഐനെസ്റ്റിലെ പോർട്ട്ഫോളിയോ മാനേജരും എഐ സയന്റിസ്റ്റുമായ സൂരജ് കെ. ബാബു 'ഇന്നൊവേഷൻ ബിയോണ്ട് ദി മെട്രോസ്: വൈ ആസ്പിരിംഗ് സിറ്റീസ് നീഡ് എ ഡിഫറന്റ് പ്ലേബുക്ക്' എന്ന വിഷയത്തിൽ സംസാരിച്ചു.

മൈൻഡ്കാർട്ടർ സ്ഥാപകനും സിഇഒയുമായ അമർ രാജൻ തന്റെ സംരംഭകത്വ യാത്രയും സ്റ്റാർട്ടപ്പുകൾ കെട്ടിപ്പടുക്കുന്നതിനും വളർത്തുന്നതിനുമുള്ള പ്രായോഗിക അറിവുകളും പങ്കുവെച്ചു.

തുടർന്ന് ഡോ. മൂപ്പൻസ് ഐനെസ്റ്റിലെ ഇൻകുബേഷൻ സൗകര്യങ്ങളിലേക്ക് നടത്തിയ സന്ദർശനത്തോടെയാണ് പരിപാടി സമാപിച്ചത്. സ്റ്റാർട്ടപ്പുകൾക്കായി ലഭ്യമാക്കിയിട്ടുള്ള ഇന്നൊവേഷൻ ഇൻഫ്രാസ്ട്രക്ചർ, മെന്ററിംഗ് സംവിധാനങ്ങൾ, ഇൻകുബേഷൻ പിന്തുണ എന്നിവ നേരിട്ട് മനസ്സിലാക്കാൻ പങ്കാളികൾക്ക് അവസരമൊരുക്കിയെടുക്കാനും ഈ പ്രോഗ്രാമിലൂടെ സാധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.