- Trending Now:
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ബാസ്റ്റിൻ ബംഗ്ലാവിലെ പവലിയനിൽ 'ബോഡി ആസ് എ ലിവിംഗ് ലൂം: വീവിംഗ് സ്റ്റോറീസ് ത്രൂ മൂവ്മെന്റ് - ദ മേക്കിംഗ് ഓഫ് നെയ്ത്ത്' എന്ന വിഷയത്തിൽ പ്രശസ്ത സിനിമാതാരവും നർത്തകിയുമായ റിമ കല്ലിങ്കൽ പ്രഭാഷണം നടത്തി. മാമാങ്കം ഡാൻസ് കമ്പനി വികസിപ്പിച്ചെടുത്ത 'നെയ്ത്ത് - ഡാൻസ് ഓഫ് ദി വീവ്സ്' എന്ന വിഷ്വൽ പെർഫോമൻസ് പ്രോജക്റ്റിന് പിന്നിലെ സർഗ്ഗാത്മക പ്രക്രിയയെക്കുറിച്ചും റിമ കല്ലിങ്കൽ വിശദീകരിച്ചു.
'നെയ്ത്തി'ന്റെ ആശയപരവും ശാരീരികവുമായ ചട്ടക്കൂടുകളെക്കുറിച്ച് റിമ സംസാരിച്ചു. 2018-ലെ കേരളത്തിലെ പ്രളയത്തിന് ശേഷമുള്ള ചേന്ദമംഗലം കൈത്തറിയുടെ പുനരുജ്ജീവനവും 'സേവ് ദ ലൂം' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളുമാണ് ഈ പ്രോജക്റ്റിന് പ്രചോദനമായത്. റിമ കല്ലിങ്കൽ, കൊറിയോഗ്രാഫർ അശ്വിൻ ഗിബിൻ ജോർജ്ജ്, ലൈറ്റിംഗ് ഡിസൈനർ ശ്രീകാന്ത് കാമിയോ എന്നിവർ പങ്കെടുത്ത ചർച്ചയിൽ സേവ് ദ ലൂം ലീഡ് മെന്റർ രമേഷ് മേനോൻ മോഡറേറ്ററായി.
പ്രഭാഷണത്തോടനുബന്ധിച്ച് റിമയും സംഘവും നൃത്ത ഭാഗങ്ങൾ അവതരിപ്പിക്കുകയും നെയ്ത്തിലെ താളവും തനിയാവർത്തനവും നൃത്തസംവിധാനത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് വിശദീകരിക്കുകയും ചെയ്തു. ചേന്ദമംഗലത്തെ നെയ്ത്തുശാലകളിലും പരിസരങ്ങളിലും വെച്ച് ചിത്രീകരിച്ച ചലന ദൃശ്യങ്ങളിലൂടെയാണ് ഈ പ്രോജക്റ്റ് വികസിപ്പിച്ചെടുത്തത്. ശരീരത്തെ ഒരു 'ജീവിക്കുന്ന തറി'യായി സങ്കല്പിച്ച്, കൈത്തറി ജോലികളിലെ പ്രക്രിയകളെ ആധുനിക നൃത്തരൂപത്തിലേക്ക് എങ്ങനെ മാറ്റാമെന്ന് ഇവർ വിശദീകരിച്ചു.
ബിനാലെയുടെ ഭാഗമായി ബാസ്റ്റിൻ ബംഗ്ലാവിലെ പവലിയനിൽ റിമ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാൻസ് കമ്പനി 'നെയ്ത്ത് - ഡാൻസ് ഓഫ് ദി വീവ്സ്' എന്ന നൃത്തശില്പവും അവതരിപ്പിച്ചു. നെയ്ത്തുകാരുടെ ചലനങ്ങളിൽ നിന്നും താളത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, നൂലിൽ നിന്ന് തുണിയിലേക്കുള്ള യാത്രയാണ് വേദിയിൽ നൃത്തത്തിലൂടെ പുനരാവിഷ്കരിച്ചത്.
യന്ത്രവൽകൃത ഉൽപ്പാദനം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ പരമ്പരാഗത കരകൗശല വിദ്യകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഈ കലാവിഷ്കാരം ഓർമ്മിപ്പിച്ചു. കൈത്തറി നെയ്ത്തിന് പിന്നിലെ അധ്വാനത്തെക്കുറിച്ച് പ്രേക്ഷകർക്ക് ധാരണ നൽകുന്നതിനും നെയ്ത്തുകാരുടെ ജീവിതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഇത് സഹായിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.